നമ്മളിൽ പലരും വീട്ടിനുള്ളിൽ വളർത്തുമൃഗങ്ങളെ വളർത്താറുണ്ട്. എന്നാൽ പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നുളള മൃഗസ്നേഹി മൃഗങ്ങളെ വീട്ടിനുള്ളിൽ വളർത്തിയത് വാർത്തയായി മാറിയിരിക്കുകയാണ്. ഇതിനു കാരണം ഇയാൾ വീട്ടിനുള്ളിൽ വളർത്തിയത് പശുവിനെയും കാളയെയുമാണ്.
ഇയാൾ പശുവിനേയും കാളയേയും വാങ്ങുന്നത് 2012 ലാണ്. സ്ഥലപരിമിതി മൂലം തന്റെ നാലു നില കെട്ടിടത്തിന് മുകളിൽ അവയ്ക്ക് തൊഴുത്തൊരുക്കുകയായിരുന്നു. പക്ഷെ 4 വർഷം കഴിഞ്ഞപ്പോൾ മൃഗസ്നേഹിയുടെ സ്നേഹമൊക്കെ മാറി. മൃഗങ്ങളെ കെട്ടിടത്തിനു മുകളിൽ വളർത്തുന്നത് അത്ര സുഖമുള്ള കാര്യമല്ലെന്ന് ആൾക്കു മനസിലായി.
രണ്ടിനേയും എങ്ങനെയെങ്കിലും താഴെയിറക്കിയാൽ മതിയെന്നായി. സ്റ്റെയർ കെയ്സ് വഴി താഴെയിറക്കാൻ നോക്കി. പക്ഷെ നടന്നില്ല. അവ സ്റ്റെയർ കെയ്സിൽ കുടുങ്ങി നിന്നതല്ലാതെ താഴെ ഇറക്കാൻ പറ്റാതായി. അവസാനം അറ്റകൈ പ്രയോഗം പോലെ എമർജൻസി സർവീസിനെ വിവരം അറിയിച്ചു.
തുടർന്ന് എമർജൻസി സർവീസുകാർ സർവ സന്നാഹങ്ങളുമായെത്തി. പാവം പശുവും കാളയും ക്രെയിനിൽ തൂങ്ങി നിലത്തെത്തി. ഇത് ആരോ ഷൂട്ട് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടുകൂടി സംഗതി വൈറലായി.
Post Your Comments