ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭാ പൊതുസഭയില്‍ പാകിസ്താന് ചുട്ടമറുപടി നല്‍കി ഇന്ത്യ. ഭീകരവാദത്തിനെതിരെ ഇന്ത്യ ധീരമായി പോരാടുമെന്നും പാകിസ്ഥാന്റെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും സുഷമ സ്വരാജ് ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അത് എന്നും അങ്ങനെ തന്നെയായിരിക്കുമെന്നും കശ്മീര്‍ എന്ന സ്വപ്നം പാകിസ്താന്‍ ഉപേക്ഷിക്കണമെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി.
സുഷമാ സ്വരാജിന്റെ പ്രസംഗത്തില്‍ നിന്ന്…
മാനവികതയ്‌ക്കെതിരായ ഏറ്റവും വലിയ ഭീഷണിയാണ് ഭീകരവാദം. ഭീകരവാദത്തിനെതിരെ നിലകൊള്ളാത്തവരെ ഒറ്റപ്പെടുത്തണം?
ഭീകരതയ്ക്കതിരെ ലോകം ഒന്നിച്ച് പ്രവര്‍ത്തിക്കണം. ആരാണ് ഭീകരരെ സംരക്ഷിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. ആരാണ് ഭീകരര്‍ക്ക് ധനസഹായം നല്‍കുന്നത്? ഇതേ ചോദ്യമാണ് അഫ്ഗാനിസ്ഥാനും ഇതേ വേദിയില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഉയര്‍ത്തിയത്.
മുന്‍വിധികളില്ലാതെ കഴിഞ്ഞ രണ്ട് വര്‍ഷം ഇന്ത്യ പാകിസ്താനുമായി സൗഹാര്‍ദത്തിന് ശ്രമിച്ചു.
പാകിസ്താന്‍ പ്രധാനമന്ത്രിക്ക് ഞങ്ങള്‍ ഈദ് ആശംസകള്‍ അയച്ചു, ക്രിക്കറ്റ് ടീമിന് വിജയാശംസകള്‍ നേര്‍ന്നു, അദ്ദേഹത്തിന് നല്ല ആരോഗ്യവും നന്മയും നേര്‍ന്നു.
എന്നാല്‍ ഞങ്ങള്‍ക്ക് എന്താണ് തിരിച്ച് കിട്ടിയത്. പഠാന്‍കോട്ടും ബഹാദൂര്‍ അലിയും ഉറിയും. ഇന്ത്യയുടെ കസ്റ്റഡിയിലുള്ള തീവ്രവാദിയാണ് ബഹാദൂര്‍ അലി. അയാളുടെ മൊഴി അതിര്‍ത്തി കടന്നുള്ള പാക് തീവ്രവാദത്തിന്റെ ജീവിക്കുന്ന തെളിവാണ്.
ഭീകരര്‍ക്ക് അഭയം നല്‍കുന്നവരെ നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. അവര്‍ക്ക് എങ്ങനെയാണ് അതിന് സാധിക്കുന്നത്. ഭീകരതെയെ വേരോടെ പിഴുതെറിയണം.
ഭീകരവാദികളെ ശിക്ഷിക്കാന്‍ അന്താരാഷ്ട്ര കൂട്ടായ്മ ആവശ്യമാണ്.
ഇന്ത്യ ചര്‍ച്ചകള്‍ക്ക് മുന്‍കൂട്ടി തീരുമാനിച്ച ഉപാധികളുമായാണ് വരുന്നതെന്നാണ് പാക് പ്രധാനമന്ത്രി ഇവിടെ ആരോപിച്ചത്.എന്നാല്‍ എന്താണ് ആ ഉപാധികളെന്ന് അദ്ദേഹം വ്യക്തമാക്കണം.
തീവ്രവാദത്തിന് പിന്നില്‍ ആരാണെന്നും ആരാണ് അതില്‍ നിന്ന് നേട്ടമുണ്ടാക്കുന്നതെന്നും അറിയേണ്ടതുണ്ട്. തീവ്രവാദികള്‍ക്ക് ബാങ്കുകളോ ആയുധ ഫാക്ടറികളോ ഇല്ല. അപ്പോള്‍ ആരാണ് അവര്‍ക്ക് ആയുധങ്ങളും സങ്കേതങ്ങളും നല്‍കുന്നത്
വ്യക്തികളേയോ രാജ്യങ്ങളേയോ മാത്രമല്ല ഇപ്പോള്‍ ഭീകരവാദം ബാധിക്കുന്നത്. അത് മനുഷ്യകുലത്തിനെതിരെയുള്ള കുറ്റകൃത്യമാണ്
കാബൂള്‍, ധാക്ക, ഇസ്താംബൂള്‍, മൊഗാദിഷു, ബ്രസല്‍സ്, ബാങ്കോക്ക്, പാരീസ്, പഠാന്‍കോട്ട്, ഉറി എന്നിങ്ങനെ ഈ വര്‍ഷമുണ്ടായ ഭീകരാക്രമണങ്ങളും സിറിയയിലേയും ഇറാഖിലേയും നിത്യേനയുള്ള ആക്രമണങ്ങളും ഈ ദുഷ്ട ശക്തികളെ ഇതുവരേയും നശിപ്പിക്കാനായില്ല എന്നുള്ളതിന്റെ തെളിവാണ്. സുഷമ സ്വരാജിന്റെ തീപ്പൊരി പ്രസംഗത്തിന് ലോകനേതാക്കളുടെ മുക്തകണ്ഠപ്രശംസ ലഭിക്കുകയും ചെയ്തു
Post Your Comments