സാത്വികമായ മാനുഷികത്വത്തിലേയ്ക്ക് ദേവചൈതന്യം ആവാഹിച്ച് ഉറഞ്ഞാടുന്ന വെളിച്ചപ്പാടുകള്‍ ഒരുകാലത്ത് ഭൂരിപക്ഷം ക്ഷേത്രങ്ങളിലും സജീവമായിരുന്നു. പ്രത്യേകിച്ച് ദേവീക്ഷേത്രങ്ങളില്‍. വെളിച്ചപ്പെടുന്ന ഈശ്വരന്മാര്‍ ഭക്തരോട് സംസാരിച്ചു, ആജ്ഞാപിച്ചു, അവരുടെ വേദനകള്‍ക്ക് പരിഹാരം പറഞ്ഞു കൊടുത്തു… ഭൂമിയിലേയ്ക്ക് ഇറങ്ങിവരുന്ന ദൈവത്തിന്റെ സ്വരമായിരുന്നു ഭക്തര്‍ക്ക് ഈ വെളിച്ചപ്പാടുകള്‍ . നിര്‍മ്മാല്യം എന്ന സിനിമയില്‍ വേദനകളുടെ ഹൃദയം ദേവീചൈതന്യമാകുന്ന തിരുനടയ്ക്കല്‍ വച്ച് ഉറഞ്ഞാടിയ പി.ജെ ആന്റണി അഭ്രപാളിയിലെ വെളിച്ചപ്പാടായി നമ്മളെ വിസ്മയിപ്പിച്ചിട്ടുണ്ട്.
പറഞ്ഞ് വരുന്നത് ശബരിമലയിലെ വെളിച്ചപ്പാടുകളെക്കുറിച്ചാണ്. 1874 മുതലുള്ള ശബരിമലയുടെ ചരിത്രത്തില്‍ വെളിച്ചപ്പാടുകളുടെ സാന്നിധ്യവുമുണ്ട്. കലാര്‍ക്കാട് (കാലാര്‍ക്കോട്) അപ്പു അയ്യര്‍ ആയിരുന്നു ശബരിമലയെക്കുറിച്ച് ലഭ്യമായ രേഖകളിലെ ആദ്യത്തെ വെളിച്ചപ്പാട്. നിലവിലുള്ള വെളിച്ചപ്പാട് മരണപ്പെട്ടതിനുശേഷം നടക്കുന്ന മകരസംക്രമ ദീപാരാധനയ്ക്ക് ശേഷം മേല്‍ശാന്തി ഉറഞ്ഞുതുള്ളി വിഗ്രഹത്തില്‍ ചാര്‍ത്തിയ മാലയുമായി പുറത്തുവരികയും, ഉറഞ്ഞുതുള്ളി അവിടെ സന്നിഹിതരായ ഭക്തരില്‍ ഒരാളുടെ കഴുത്തില്‍ ഈ ഹാരമണിയിക്കുകയും ചെയ്യുന്നു.അതിനുശേഷം തന്ത്രിയും മേല്‍ശാന്തിയും കൂടി പുതിയതായി തിരഞ്ഞെടുത്ത വെളിച്ചപ്പാടിനെ പുണ്യതീര്‍ത്ഥമായി കരുതുന്ന ഭസ്മക്കുളത്തിലേക്ക് ആനയിക്കുന്നു. പവിത്രമായ ഭസ്മക്കുളസ്‌നാനത്തിനുശേഷം വെളിച്ചപ്പാടിനെ അയ്യപ്പസന്നിധിയിലേക്ക് നയിക്കുകയും മണ്ഡപത്തിന്റെ കിഴക്കേ മൂലയില്‍ വെള്ളിപൊതിഞ്ഞ പ്ലാവിന്‍പലകയില്‍ ഇരുത്തുകയും ചെയ്യുന്നു.ശ്രീകോവിലില്‍ പോയി വാഴയിലയില്‍ പ്രസാദവുമായി വന്ന് (കൂവളത്തിന്റെത് എന്നും പറയപ്പെടുന്നു) വെളിച്ചപ്പാടിനു നല്‍കിയ ശേഷം മേല്‍ശാന്തിയും തന്ത്രിയും വെളിച്ചപ്പാടിനെ സാഷ്ടാംഗം നമസ്‌ക്കരിക്കുന്നു. ഇത്രയുമായിരുന്നു ശബരിമലയിലെ ആസ്ഥാനവെളിച്ചപ്പാടുമായി ബന്ധപ്പെട്ട ചടങ്ങുകള്‍.
തീര്‍ത്ഥാടന കാലങ്ങളില്‍ മണ്ഡപത്തിലെ വെള്ളിപ്പലകയില്‍ വെളിച്ചപ്പാട് ഇരിക്കുന്നുണ്ടാവും . വെളിച്ചപ്പാടിനെ ഭക്തര്‍ മൂര്‍ത്തിയുടെ പ്രത്യക്ഷരൂപമായി കണ്ട് വണങ്ങിയിരുന്നു. മകരവിളക്ക് കാലത്ത് വലിയ വെളിച്ചപ്പാടും (സന്നിധാനത്തിലെ വെളിച്ചപ്പാട്), വാവരുടെയും കറുപ്പസ്വാമികളുടെയും വെളിച്ചപ്പാടുകളും എരുമേലിയില്‍ സംഗമിക്കുകയും വലിയ വെളിച്ചപ്പാടു നല്‍കുന്ന ഭസ്മം ഭക്തര്‍ സ്വീകരിയ്ക്കുകയും ചെയ്തിരുന്നു. അവസാനത്തെ വെളിച്ചപ്പാടിന്റെ മകള്‍ എഴുതിയതാണു ഹരിവരാസനം എന്നൊരു വാദവും നിലവിലുണ്ട്.എഴുതപ്പെട്ട ചരിത്രത്തിലെ വെളിച്ചപ്പാടുകളുടെ പേരുകള്‍ താഴെ കൊടുക്കുന്നു.
1.കലാര്‍ക്കാട് അപ്പു അയ്യര്‍ (1874-1907)
2.അമ്പലപ്പുഴ അനന്തകൃഷ്ണ അയ്യര്‍(1907-1920)
3.പുളിക്കല്‍മറ്റം കൊട്ടാരക്കര ശ്രീഹരിഹര അയ്യര്‍.(1920-1944)
4.പാല ഭാസ്‌ക്കര അയ്യര്‍(1944-1980 കളില്‍).
അതിനുശേഷം കാലത്തിന്റെ പരിണാമങ്ങള്‍ക്കിടയില്‍ എപ്പോഴോ ഈ ആചാരങ്ങള്‍ നിന്ന് പോവുകയായിരുന്നു.അങ്ങനെ ശബരിമലയുടെ ഓര്‍മ്മകളില്‍ നിന്ന് വെളിച്ചപ്പാടുകള്‍ പടിയിറങ്ങിപ്പോയി.
അവസാന വെളിച്ചപ്പാടായിരുന്ന ഭാസ്‌ക്കര അയ്യരുടെ ചിത്രം കൊടുത്തിരിയ്ക്കുന്നു.
കടപ്പാട്:പ്രസാദ് പൂന്താനം
Post Your Comments