അന്ധവിശ്വാസങ്ങള്‍ പലതുണ്ട് നമുക്കിടയില്‍. അവയില്‍ ചിലതിനെങ്കിലും വിശ്വാസം എന്നതിലുപരി പ്രായോഗികജീവിതത്തില്‍ പ്രസക്തിയുണ്ടായേക്കാം. എന്നാല്‍ മറ്റു പലതും വെറും അന്ധവിശ്വാസം തന്നെയായിരിക്കും. ചില അന്ധവിശ്വാസങ്ങള്‍ നമുക്കു നോക്കാം:
1. യാത്ര പുറപ്പെടും മുന്‍പ് ചെമ്പോത്തു കരഞ്ഞാല്‍ സമ്പല്‍ സമൃദ്ധി ഉണ്ടാകും
(യാത്ര പുറപ്പെടും മുന്‍പു ചെമ്പോത്ത് എന്ന പാവം പക്ഷി കരയുന്നതു തികച്ചും യാദൃച്ഛികമായി സംഭവിക്കുന്നതാണ്. അടുത്ത ഭാവിയില്‍ വീട്ടില്‍ സമ്പല്‍ സമൃദ്ധി ഉണ്ടായെന്നും വരാം. എന്നു വച്ച്, യാത്ര പുറപ്പെടുന്നതിനു തൊട്ടു മുന്‍പ് ഒരു ചെമ്പോത്തിനെ പിടിച്ച് തല്ലിക്കരയിക്കാന്‍ മിനക്കെട്ടിട്ടൊന്നും കാര്യമില്ല.)
2. കടലമ്മയുടെ നക്ഷത്രം ചോതി. ചോതി നക്ഷത്രക്കാര്‍ സമീപത്തു വന്നാല്‍ ശാന്തമായ കടല്‍ ആര്‍ത്തലച്ചു വരും.
(മറ്റുള്ളവരുമായി ഇല്ലാത്ത ഒരു ബന്ധവും ചോതി നക്ഷത്രക്കാരുമായി കടലമ്മയ്ക്ക് ഉണ്ടാകില്ല എന്ന കാര്യത്തില്‍ സംശയിക്കേണ്ട കാര്യമില്ല. കടല്‍ ആര്‍ത്തലച്ചു വരുന്നതിനു തികച്ചും ശാസ്ത്രീയമായ കാരണങ്ങളുണ്ട്.)
3. നിലവിളക്ക് ഊതിക്കെടുത്തരുത്.
(ഇത്തരമൊരു വിശ്വാസം നല്ലതാണ്. പണ്ടു നിലവിളക്കു കത്തിക്കുന്നതും കെടുത്തുന്നതുമൊക്കെ പ്രധാനമായും സ്ത്രീകളായിരുന്നു. ഊതിക്കെടുത്തണമെങ്കില്‍ കത്തുന്ന തിരിയുടെ അടുത്തേക്കു മുഖം കൊണ്ടുവരണമല്ലോ. അപ്പോള്‍, പാറിപ്പറക്കുന്ന മുടിയിലേക്കും പറന്നുപൊങ്ങുന്ന സാരിത്തുമ്പിലേക്കുമൊക്കെ തീ പിടിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ പഴമക്കാര്‍ നിയമം കൊണ്ടുവന്നു– നിലവിളക്ക് ഊതിക്കെടുത്തരുത്. അതു പിന്നെ അന്ധവിശ്വാസമായി.)
4. ഏകാദശി ദിവസം തുളസിയില പറിക്കരുത്.
(ദിവസവും ഇല നുള്ളിയെടുക്കുന്ന തുളസിക്കും മാസത്തില്‍ രണ്ടു ദിവസമെങ്കിലും അവധി കൊടുക്കേണ്ടേ? അതുകൊണ്ട് ഈ അന്ധവിശ്വാസം നല്ലതാണ്. ഇലയാണ് ചെടിയുടെ ജീവന്‍ നിലനിര്‍ത്തുന്ന പ്രധാന ഭാഗം എന്ന ശാസ്ത്രസത്യം മറക്കരുത്.)
5. അമ്പലത്തില്‍ നിന്ന് പൂജിച്ചു കിട്ടുന്ന തുളസിയില മാത്രമേ തലയില്‍ ചൂടാവൂ.
(മുറ്റത്തു നില്‍ക്കുന്ന തുളസിച്ചെടിയിലെ ഇലയില്‍ പൊടിയും മാലിന്യങ്ങളും ഒരുപക്ഷേ ഉണ്ടാകാം. അമ്പലത്തില്‍ പൂജിച്ചു കിട്ടുന്ന തുളസിയില തീര്‍ഥജലം കൊണ്ടും മറ്റും ശുദ്ധമാക്കിയതാകും. ഏതായാലും പരിശുദ്ധമായ തുളസിയില മാത്രമേ തലയില്‍ ചൂടാവൂ എന്ന വിശ്വാസം നല്ലതാണ്.)
6. പുടവ കൊടുക്കല്‍ നടത്തുന്നതിന് ഭര്‍തൃ വീട്ടുകാര്‍ നല്‍കുന്നതു ചുവന്ന സാരി ആകരുത്.
(ചുവന്ന പട്ടും മറ്റും മരണവുമായി ചടങ്ങുകളില്‍ ഉപയോഗിക്കാറുണ്ട്. വിവാഹത്തിനു പുടവ കൊടുക്കുമ്പോള്‍ നിറമൊന്നു മാറ്റിപ്പിടിക്കുന്നതു തന്നെ നല്ലത്.)
7. കടപ്ലാവ് എന്ന മരം അവനവന്‍ താമസിക്കുന്ന വളപ്പിനുള്ളില്‍ വളര്‍ന്നു വലുതായാല്‍ ആ വീടും വീട്ടുകാരും കടം കയറി മുടിഞ്ഞുപോകും.
(പാവം കടപ്ലാവ്. അവനവനു വരുമാനമനുസരിച്ചു ചെലവാക്കാന്‍ അറിയില്ലെങ്കില്‍ കടം കയറി മുടിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതിനു കടപ്ലാവിനെ കുറ്റം പറയേണ്ട.)
8. വീട്ടില്‍ നാരായണക്കിളി കൂടു കൂട്ടിയാല്‍ ഐശ്വര്യം വര്‍ധിക്കും.
(നാരായണക്കിളിയും മറ്റു കിളികളും വീട്ടില്‍ കൂടു കൂട്ടട്ടെ. എത്രയും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നുവോ അത്രയും ഐശ്വര്യം ഉണ്ടാകുമെന്നുറപ്പ്.)
Post Your Comments