ദോഹ: ഓണ്‍ അറൈവല്‍ വിസ ഇന്ത്യയുള്‍പ്പെടെ മൂന്ന് രാജ്യങ്ങള്‍ക്ക് അനുവദിച്ചത് രാജ്യത്തെ വിവിധ മേഖലകള്‍ക്ക് പ്രയോജനകരമാകുമെന്ന് വിദഗ്ധര്‍. ഓണ്‍ അറൈവല്‍ വിസ അനുവദിച്ചത് ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്കാണ്. ഇത് ഖത്തറിലെ വിനോദസഞ്ചാരം, വ്യവസായം, വ്യോമഗതാഗതം തുടങ്ങി നിരവധി മേഖലകള്‍ക്ക് വളരെയധികം പ്രയോജനപ്പെടുമെന്ന് മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നു.
പ്രമുഖ കമ്പനിയായ വി.എഫ്.എസ്. ഗ്ലോബലുമായി ഓണ്‍ അറൈവല്‍ വിസ സംബന്ധിച്ചുള്ള കരാര്‍ ഒപ്പിട്ടതായി നേരത്തെ തന്നെ ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് സി.ഇ. അക്ബര്‍ അല്‍ ബേക്കര്‍ പ്രഖ്യാപിച്ചിരുന്നു. ഖത്തര്‍ എയര്‍വേയ്‌സ് ഖത്തര്‍ ടൂറിസം അതോറിറ്റിയുടേയും പങ്കാളിത്തത്തോടെയാണ് കരാര്‍ ഒപ്പിട്ടത്. അടുത്തവര്‍ഷം രണ്ടാം പാദത്തിന് മുമ്പായി മൂന്ന് രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ഖത്തറില്‍ ഓണ്‍ അറൈവല്‍ വിസയില്‍ പ്രവേശിക്കാം.
രാജ്യത്തെ വിനോദസഞ്ചാരത്തെ മെച്ചപ്പെടുത്തുന്നതിൽ ചൈനയ്ക്കും ഇന്ത്യക്കും നല്ല പങ്കാളിത്തമുണ്ടെന്ന് രാജ്യത്തെ അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാരില്‍ ഒരാളായ എ.പി.മണികണ്ഠന്‍ പറഞ്ഞു. രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപകരെയാണ് പുതിയ നടപടിയിലൂടെ ആകര്‍ഷിക്കുന്നതെന്നും മണികണ്ഠന്‍ പറഞ്ഞു. ഓണ്‍ അറൈവല്‍ വിസ പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യ, ചൈന, റഷ്യ എന്നിവിടങ്ങളില്‍ നിന്നു കൂടുതല്‍ സന്ദര്‍ശകര്‍ രാജ്യത്തേക്കെത്തും. ഹ്രസ്വകാല യാത്രാ പാക്കേജുകള്‍ സന്ദര്‍ശകര്‍ക്ക് നല്‍കുന്നതോടെ യാത്രാ മേഖലയും കൂടുതല്‍ ലാഭകരമാകും.
നിലവില്‍ ഖത്തര്‍ ഓണ്‍ അറൈവല്‍ വിസ നല്‍കുന്നത് 30 രാജ്യങ്ങള്‍ക്കാണ് . ഇതു കൂടാതെയാണ് ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്കു കൂടി ഓണ്‍ അറൈവല്‍ വിസ അനുവദിച്ചിരിക്കുന്നത്. ഇതോടെ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ രാജ്യങ്ങളില്‍ നിന്നു ഖത്തറിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം 29 ലക്ഷത്തില്‍ നിന്നു അമ്പതുലക്ഷമായി വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.
Post Your Comments