ന്യൂഡല്‍ഹി: കശ്മീരിലെ ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ ശക്തമായി പ്രതികരിയ്ക്കാന്‍ തയ്യാറായി ഇന്ത്യ. പത്താന്‍കോട്ട് ആക്രമണത്തില്‍ പാകിസ്ഥാനോട് സ്വീകരിച്ച നിലപാടില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് ഇന്ത്യ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത് . പത്താന്‍കോട്ട് ആക്രമണത്തില്‍ പാക് പൗരന്മാരുടെ പങ്ക് തെളിയിക്കാനാവാശ്യമായ തെളിവുകള്‍ നല്‍കിയ ഇന്ത്യ ആക്രമിക്കപ്പെട്ട വ്യോമതാവളം സന്ദര്‍ശിക്കാന്‍ പാക് സംഘത്തിന് അനുമതി നല്‍കുകയും ചെയ്തിരുന്നു.എന്നാല്‍ ഇത്തവണ സുരക്ഷാ സേനയുടെ തിരിച്ചടിയില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ ഡി.എന്‍.എ വിരലടയാളം തുടങ്ങിയ പരിമിതമായ വിവരങ്ങള്‍ മാത്രം പാകിസ്ഥാന് നല്‍കാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം വിളിച്ചു വരുത്തിയ പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിതിന്റെ മുന്നില്‍ ഉറി ആക്രമണത്തില്‍ പാക് പങ്ക് തെളിയിക്കുന്നതിനാവശ്യമായ തെളിവുകള്‍ വിദേശകാര്യ മന്ത്രാലയം കൈമാറിയിരുന്നു. ഈ തെളിവുകള്‍ അടിസ്ഥാനമാക്കി പാകിസ്ഥാന്‍ അന്വേഷണം നടത്താന്‍ തയ്യാറാണെങ്കില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ ഡി.എന്‍.എ വിരലടയാളം തുടങ്ങിയ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്ന് കൂടിക്കാഴ്ചയ്ക്കിടെ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ ബാസിതിനെ അറിയിച്ചിരുന്നു. ആക്രമണത്തിനെത്തിയ തീവ്രവാദികള്‍ പാക് പൗരന്മാരാണോ അല്ലയോ എന്ന കാര്യം മാത്രം പാകിസ്ഥാന്‍ അന്വേഷിച്ചാല്‍ മതിയെന്നും ചര്‍ച്ചക്കിടെ ബാസിതിനെ അറിയിച്ചതായി മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അറിയിച്ചിട്ടുണ്ട്.
Post Your Comments