തിരുവനന്തപുരം: ആധാരമെഴുതുന്നതിന് ആധാരമെഴുത്തുകാരെ ഒഴിവാക്കി സ്വന്തംനിലയില്‍ ആധാരമെഴുതാമെന്ന സര്‍ക്കാര്‍ ഉത്തരവ് ഇടപാടുകാര്ക്കുതന്നെ വിനയാകുന്നു. ഇടനിലക്കാരെ ഒഴിവാക്കാന്‍ വേണ്ടിയാണ് സ്വന്തം നിലയില്‍ ആധാരം എഴുതാന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് അനുമതി നല്‍കിയത്. സ്വയം എഴുതിയ ആധാരവുമായി ചെന്നാല്‍ ബാങ്കുകള്‍ ലോണ്‍ നല്‍കുന്നില്ലെന്നതാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. സംസ്ഥാനത്ത് ആധാരം രജിസ്ട്രേഷന് കുത്തനെ കുറഞ്ഞതിനു പിന്നാലെ സ്വയം എഴുതിയ ആധാരങ്ങള്‍ക്കു ബാങ്കുകള്‍ വായ്പ നിഷേധിക്കുക കൂടി ചെയ്യുന്നതോടെയാണ് രജിസ്ട്രേഷന് മേഖല ഗുരുതര പ്രതിസന്ധിയിലായത്.
സ്വയം എഴുതിയ ആധാരങ്ങള്‍ ഉപയോഗിച്ചു ബാങ്കുകളില്‍ വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ ആധാരങ്ങളുടെ നിയമസൂക്ഷ്മ പരിശോധന നടത്തുന്ന അഭിഭാഷകര്‍ ഇതു സംബന്ധിച്ചു സംശയം ഉയര്‍ത്തിയതോടെയാണ് ഇത്തരം ആധാരങ്ങളിന്മേല്‍ ബാങ്കുകള്‍ വായ്പ നിഷേധിക്കുന്നത്. വ്യാജ പട്ടയങ്ങളെന്ന സംശയമാണ് പലപ്പോഴും ഇങ്ങനെ ഇത്തരം ആധാരങ്ങളുമായി എത്തുന്നവരെ തിരിച്ചയക്കുന്നതിന് പ്രധാന കാരണം.
സഹകരണ മേഖലയില്‍ ഒട്ടുമിക്ക ബാങ്കുകളും സ്വയം എഴുതുന്ന ആധാരങ്ങള്‍ക്ക് ഇപ്പോള്‍ വായ്പ അനുവദിക്കുന്നില്ല. സ്വയം എഴുതുന്ന ആധാരങ്ങള്‍ ഈടായി സ്വീകരിച്ച് വായ്പ അനുവദിക്കാമെന്ന ഉത്തരവ് ബാങ്കുകള്‍ ഇതേവരെ പുറപ്പെടുവിച്ചിട്ടില്ല. ബാങ്ക് കണ്‍സോര്‍ഷ്യവും ഇതു സംബന്ധിച്ചു വ്യക്തമായ നിര്‍ദേശങ്ങള്‍ ഇതേവരെ പുറപ്പെടുവിച്ചിട്ടില്ലാത്തതിനാല്‍
ഒട്ടുമിക്ക ഭരണസമിതികളും സ്വയം എഴുതി ആധാരങ്ങള്‍ സ്വീകരിക്കേണ്ടെന്ന നിലപാടിലാണ്. ഇത്തരം ആധാരങ്ങളുടെ ഉത്തരവാദിത്വം ആര്‍ക്കെന്ന ആശങ്കയാണ് ബാങ്കുകളുടെ അഭിഭാഷകരെയും പിന്നോട്ടു വലിക്കുന്നതിനു പിന്നില്‍.
സ്വന്തമായി ആധാരമെഴുതാമെന്ന സൗകര്യം ജനങ്ങള്‍ക്ക് ഉപയോഗപ്രദമെന്നു ഒറ്റനോട്ടത്തില്‍ തോന്നാമെങ്കിലും കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്നാണ് രജിസ്ട്രേഷന് ഓഫീസുകളില്‍ നിന്നുള്ള കണക്കുകളും വ്യക്തമാക്കുന്നത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആധാരങ്ങളില്‍ പ്രയോഗിക്കുന്ന ഭാഷാശൈലി ഏകീകൃമാക്കുന്നതിന്റെ ഭാഗമായി 19 വിവിധ ആധാരങ്ങളുടെ മാതൃക പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ സാധാരണക്കാര്‍ക്ക് ഇതൊക്കെ വായിച്ചു മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്.
സ്വയം ആധാരം എഴുതുന്നവര്‍ക്ക് നിയമത്തിന്റെ നൂലാമാലകളെ കുറിച്ച് അറിയണമെന്നില്ല. മാത്രമല്ല ഇത് സംബന്ധിച്ച് യാതൊരു ധാരണയും ഉണ്ടാകില്ല. അതുകൊണ്ടു തന്നെ പിഴയാധാരങ്ങളും കള്ള പ്രമാണങ്ങളും വ്യാപകമായി ചമയ്ക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. ഇക്കാരണം ഉന്നയിച്ചാണ് സ്വയം എഴുതുന്ന ആധാരങ്ങളിന്മേല്‍ പല സഹകരണ ബാങ്കുകളും വായ്പ നിഷേധിക്കുന്നത്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ സ്വന്തമായി ആധാരം എഴുതി തയ്യാറാക്കിയവര്‍ വെട്ടിലായിരിക്കുകയാണ്.
Post Your Comments