ഡൽഹി: ജെഎൻയു ക്യാമ്പസിലെ ചുവരുകളിൽ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എബിവിപി. സംഭവവുമായി ബന്ധപ്പെട്ട് സർവകലാശാല മാനേജ്‌മെന്റിന് എബിവിപി കത്തയച്ചു. ഇത്തരം സംഭവങ്ങൾ തടയാൻ കഴിയാത്തതിന് ഉത്തരവാദികളായവരെ കണ്ടെത്താനും, പ്രശ്‌നം പരിഹരിക്കാനും മാനേജ്‌മെന്റ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് എബിവിപി കത്തിലൂടെ ആവശ്യപ്പെട്ടു.
‘ജെഎൻയു ക്യാമ്പസിൽ അടിക്കടി ഭാരത വിരുദ്ധ മുദ്രാവാക്യം എഴുതുന്ന സംഭവങ്ങളിൽ ഞങ്ങൾ വളരെയധികം ആശങ്കാകുലരാണ്. കഴിഞ്ഞ ദിവസം ചില വിദ്യാർത്ഥികൾ സ്‌കൂൾ ഓഫ് ലാംഗ്വേജസ് കെട്ടിടത്തിന്റെ ചുമരിലെ ‘ഇന്ത്യൻ അധിനിവേശ കശ്‌മീർ’, ‘കശ്‌മീരിനെ സ്വതന്ത്രമാക്കുക’, ‘കാവി കത്തിക്കും’ തുടങ്ങിയ മുദ്രാവാക്യങ്ങളുടെ ചിത്രങ്ങൾ പകർത്തിയിരുന്നു. ഇത്തരം സംഭവങ്ങൾ തടയാൻ കഴിയാത്തതിന് ഉത്തരവാദികളായവരെ കണ്ടെത്തണം. പ്രശ്‌നം പരിഹരിക്കാൻ മാനേജ്‌മെന്റ് അടിയന്തര നടപടി സ്വീകരിക്കണം,’ എബിവിപി കത്തിൽ പറയുന്നു.
ചിത്രങ്ങൾ വൈറലായതിന് പിന്നാലെ ഇത് ശ്രദ്ധയിൽപ്പെട്ട മാനേജ്‌മെന്റ് ചുവരുകൾ വൃത്തിയായി പെയിന്റ് ചെയ്‌തുവെന്ന് ജെഎൻയുവിലെ എബിവിപി സെക്രട്ടറി വികാസ് പട്ടേൽ വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ തടയുന്നതിൽ ജെഎൻയുവിലെ ചീഫ് സെക്യൂരിറ്റി ഓഫീസർ പരാജയപ്പെട്ടതായും വികാസ് പട്ടേൽ കൂട്ടിച്ചേർത്തു.
Post Your Comments