ന്യൂഡൽഹി:പാകിസ്ഥാനെതിരെ നടപടിയെടുക്കുന്ന വിഷയത്തില്‍ പ്രായോഗിക നിലപാടിലുറച്ച് പ്രധാനമന്ത്രി.ഉറിയിലെആര്‍മി ക്യാമ്പിനു നേരെ ഉണ്ടായ ആക്രമണത്തോട് സൈനിക നീക്കത്തിലൂടെയായിരിക്കില്ല ഇന്ത്യ മറുപടി നൽകുക എന്ന സൂചനയാണ് ഗവണ്‍മെന്‍റ് നൽകുന്നത്.ഇക്കാര്യത്തില്‍ പാകിസ്ഥാനോട് ഏറെക്കുറെ നയതന്ത്രപരമായ പ്രതികരണമാകും ഉണ്ടാവുക.അതോടൊപ്പം പാകിസ്ഥാന്‍ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നു എന്നു പ്രഖ്യാപിക്കുന്നതിനായി ആഗോളതലത്തിലുള്ള പ്രചാരണവും ഇതിന്റെ ഭാഗമായി ഉണ്ടാവും.
ഐക്യരാഷ്ട്ര സംഘടന ഇക്കാര്യത്തെ അതീവ ഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ടെന്നും ഭീകരത മനുഷ്യരാശിക്കു തന്നെ ഭീഷണിയാണെന്നും പാക്കിസ്ഥാന്‍ ഭീകരവാദത്തിന്‍റെ ഉല്‍ഭവകേന്ദ്രമായി മാറിയിരിക്കുകയാണെന്നും ഇന്‍ഫര്‍മേഷന്‍ മിനിസ്റ്റര്‍ വെങ്കയ്യ നായിഡു പറഞ്ഞു. യുഎന്‍ മുന്നോട്ടു വന്ന് അവരെ ഭീകരവാദ രാഷ്ട്രമായി പ്രഖ്യാപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി.
നിയന്ത്രണ രേഖയില്‍ (LOC) പാകിസ്ഥാന്‍ സൈന്യം പ്രതിരോധത്തിലൂന്നിയ നിലയിലാണെന്ന് ഉന്നത സൈനിക കമാന്‍ഡര്‍മാര്‍ ഗവണ്‍മെന്‍റിനെ ധരിപ്പിച്ചിട്ടുണ്ട്. അതിര്‍ത്തി രേഖയ്ക്കപ്പുറം ലക്ഷ്യം വയ്ക്കേണ്ടതായ പ്രധാന ടെററിസ്റ്റ് ക്യാംപുകളൊന്നും ഇല്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പാക്കിസ്ഥാനുമായുള്ള ബന്ധങ്ങള്‍ വെട്ടിക്കുറയ്ക്കുക, ഇന്ത്യന്‍ ഹൈക്കമ്മീഷണറെ തിരികെ വിളിക്കുക, പാക്കിസ്ഥാനെതിരെ ആഗോളതലത്തില്‍ നയതന്ത്രപരമായ ആരോപണങ്ങള്‍ ഉന്നയിക്കുക, ഭീകരതയെ കുറിച്ച് പ്രശ്നമുന്നയിക്കാന്‍ ഇപ്പോള്‍ നടക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലി സെഷന്‍ ഉപയോഗിക്കുക,തുടങ്ങി പാകിസ്ഥാനുമായുള്ള എല്ലാ വ്യാപാരബന്ധങ്ങളും അവസാനിപ്പിക്കുന്നതിനെ പറ്റിയും അതിര്‍ത്തിയിലെ വ്യാപാരങ്ങള്‍ എല്ലാം തന്നെ നിര്‍ത്തലാക്കുന്നതിനെ പറ്റിയും അധികൃതർ ചിന്തിക്കുന്നുണ്ട്.
Post Your Comments