മുംബൈ : ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ അടിമുടി മാറ്റത്തിനൊരുങ്ങി. വിദേശ സര്‍വീസുകള്‍ വര്‍ധിപ്പിച്ച് എമിറേറ്റ്‌സുമായി ഏറ്റുമുട്ടാന്‍ തയ്യാറെടുക്കുകയാണ് എയര്‍ ഇന്ത്യ.
അമേരിക്കയിലെയും യൂറോപ്പിലെയും പശ്ചിമേഷ്യയിലെയും ഗള്‍ഫിലെയും ഓസ്‌ട്രേലിയയിലെയും തെക്കുകിഴക്കനേഷ്യയിലെയും പ്രധാന നഗരങ്ങളിലേക്കെല്ലാം സര്‍വീസ് തുടങ്ങാനാണ് എയര്‍ ഇന്ത്യ ആലോചിക്കുന്നത്.
വന്‍ നഗരങ്ങളിലേക്ക് ഇപ്പോള്‍ നടത്തുന് നേരിട്ടുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനൊപ്പം കൂടുതല്‍ വന്‍ നഗരങ്ങളിലേക്ക് സര്‍വീസുകള്‍ തുടങ്ങാനും ആലോചിക്കുന്നുണ്ട്.
സര്‍വീസുകളുടെ എണ്ണം കൂട്ടി എതിരാളികളെ പിടിക്കുക എന്ന തന്ത്രമാണ് എയര്‍ ഇന്ത്യ പയറ്റാന്‍ പോകുന്നത്. അമേരിക്കന്‍ നഗരമായ സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് ഇപ്പോള്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസാണുള്ളത്. ഇത് ആറ് സര്‍വീസായി മാറും. മെല്‍ബണിലേക്കുള്ള മൂന്നു സര്‍വീസുകള്‍ അഞ്ചായും സിഡ്‌നിയിലേക്കുള്ള നാല് സര്‍വീസുകള്‍ അഞ്ചായും വര്‍ധിപ്പിക്കും. എയര്‍ ഇന്ത്യയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി അശ്വനി ലോഹാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിദേശ മാര്‍ക്കറ്റുകളെ ലക്ഷ്യമിട്ട് കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാനും എയര്‍ ഇന്ത്യ തയ്യാറെടുക്കുന്നുണ്ട്. നിലവില്‍ 787 ഡ്രീംലൈനര്‍ വിഭാഗത്തില്‍പ്പെട്ട 21 വിമാനങ്ങളാണ് ഉള്ളത്. ആറ് വിമാനങ്ങള്‍ കൂടി ഈ ശ്രേണിയിലേക്കെത്തും. വിദേശ വിമാനക്കമ്പനികളില്‍നിന്ന്, പ്രത്യേകിച്ച് എമിറേറ്റ്‌സില്‍നിന്നുള്ള വെല്ലുവിളി നേരിടുകയാണ് എയര്‍ ഇന്ത്യയുടെ പ്രധാന ലക്ഷ്യം.
ഗള്‍ഫിലേക്കും മറ്റു വിദേശ നഗരങ്ങളിലേക്കും ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ എയര്‍ ഇന്ത്യയെപ്പോലെ തന്നെ ആശ്രയിക്കുന്ന സര്‍വീസാണ് എമിറേറ്റ്‌സിന്റെതും. മാഡ്രിഡ്, വാഷിങ്ടണ്‍, കോപ്പന്‍ഹേഗന്‍, സ്റ്റോക്ക്‌ഹോം, നെയ്‌റോബി തുടങ്ങി പുതിയ സെക്ടറുകളിലേക്ക് സര്‍വീസ് നടത്താനാണ് എയര്‍ ഇന്ത്യ ആലോചിക്കുന്നതെന്ന് അശ്വനി പറഞ്ഞു.
Post Your Comments