KeralaNews

ഗോവിന്ദച്ചാമിയെ തൂക്കുകയറില്‍ നിന്ന് രക്ഷപ്പെടുത്തിയത് ഒരു മധ്യവസ്കന്റെ വാക്കുകള്‍ ആരാണയാള്‍? കവി പ്രഭാവര്‍മയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു

തിരുവനന്തപുരം● സൗമ്യയുടെ നിലവിളികേട്ട യാത്രക്കാരിലൊരാളായ ടോമി ദേവസ്യ – അലാം ചെയിൻ വലിച്ച് ട്രെയിൻ നിർത്താൻ ശ്രമിച്ചപ്പോൾ വാതിൽക്കൽ നിൽക്കുകയായിരുന്ന ഒരു മധ്യവസ്കന്‍ അദ്ദേഹത്തെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു എന്നു പറഞ്ഞുകൊണ്ടാണ് ചെയിൻ വലിക്കുന്നയാളെ ഇയാൾ പിന്തിരിപ്പിച്ചത് . ഇത് സുപ്രീംകോടതിയുടെ വിധിയിലും രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ വാക്കുകളുടെ മാത്രം അടിസ്ഥാനത്തിലാണ് ഗോവിന്ദച്ചാമിക്കെതിരെ കൊലക്കുറ്റം നിലനിൽക്കില്ലെന്ന് സുപ്രീംകോടതി തീർപ്പുകൽപ്പിച്ചത്. ട്രെയിനിൽ നിന്ന് സൗമ്യ ചാടി രക്ഷപ്പെടുകയായിരുന്നുവെങ്കിൽ പിന്നെ ഗോവിന്ദച്ചാമിയെ എങ്ങനെ കൊലയാളിയായി കാണും? ഈ ചോദ്യമാണ് സുപ്രീം കോടതി ചോദിച്ചത്.

മധ്യവയസ്‌കൻ പറഞ്ഞത് സത്യമായിരുന്നോ? അതോ, ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയാൽ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ വേണ്ടി കള്ളം പറഞ്ഞതാണോ അയാൾ? സാക്ഷിയായി കോടതി കയറിയിറങ്ങാനുള്ള വൈമുഖ്യം കൊണ്ടുമാത്രം കള്ളം പറഞ്ഞ്, ചങ്ങല വലിക്കാൻ ശ്രമിച്ചയാളെ പിന്തിരിപ്പിച്ചതാവുമോ അയാൾ? ഈ ചോദ്യങ്ങൾക്കൊക്കെ ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഇയാളെ കണ്ടെത്തിയാല്‍ പഴയ വര്‍ഗീസ്‌ വധക്കേസ് പോലെ കേസിന്റെ അടഞ്ഞ അധ്യായങ്ങൾ വീണ്ടും തുറക്കപ്പെടുമെന്ന പ്രതീക്ഷയും പ്രഭാവര്‍മ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത കുറിപ്പില്‍ പങ്കുവയ്ക്കുന്നു.

പ്രഭാവര്‍മയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

ആരാണ് ആ മധ്യവയസ്‌ക്കൻ?

പ്രഭാ വർമ്മ

ആരാണ് ആ മധ്യവയസ്‌ക്കൻ? സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിക്ക് അർഹമായ ഉയർന്ന ശിക്ഷ ഉറപ്പാവണമെങ്കിൽ ആ മധ്യവയസ്‌ക്കനെ കണ്ടുപിടിക്കണം. ആരാണയാൾ? അത് തീർത്തും അജ്ഞാതമാണ്.

അടുത്ത ലേഡീസ് കമ്പാർട്ട്‌മെന്റിൽ നിന്ന് സൗമ്യയുടെ നിലവിളി കേട്ട യാത്രക്കാരിലൊരാൾ – ടോമി ദേവസ്യ – അലാം ചെയിൻ വലിച്ച് ട്രെയിൻ നിർത്താൻ ശ്രമിച്ചപ്പോൾ വാതിൽക്കൽ നിൽക്കുകയായിരുന്ന ഈ മധ്യവയസ്‌ക്കനാണ് അയാളെ അതിൽനിന്ന് പിന്തിരിപ്പിച്ചത്. പെണ്‍കുട്ടി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു എന്നു പറഞ്ഞുകൊണ്ടാണ് ചെയിൻ വലിക്കുന്നയാളെ ഇയാൾ പിന്തിരിപ്പിച്ചത് എന്ന് സുപ്രീംകോടതിയുടെ വിധിയിൽ കാണുന്നു.

ഈ മധ്യവയസ്‌ക്കന്റെ വാക്കുകൾ ഉദ്ധരണിയായി കേസിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഈ വാക്കുകളുടെ മാത്രം അടിസ്ഥാനത്തിലാണ് ഗോവിന്ദച്ചാമിക്കെതിരെ കൊലക്കുറ്റം നിലനിൽക്കില്ലെന്ന് സുപ്രീംകോടതി തീർപ്പുകൽപ്പിച്ചത്. ട്രെയിനിൽ നിന്ന് സൗമ്യ ചാടി രക്ഷപ്പെടുകയായിരുന്നുവെങ്കിൽ പിന്നെ ഗോവിന്ദച്ചാമിയെ എങ്ങനെ കൊലയാളിയായി കാണും? ഈ ചോദ്യമാണ് സുപ്രീം കോടതി ചോദിച്ചത്. മധ്യവയസ്ക്കന്റെ വാക്കുകളുടെ പഴുതിലൂടെയാണ് ഗോവിന്ദച്ചാമി തൂക്കുകയറിൽനിന്ന് രക്ഷപ്പെട്ടത് എന്നർത്ഥം. ഈ വഴിക്കാണ് ഐ.പി.സി 302 പ്രകാരമുള്ള ശിക്ഷ ഒഴിവായിപ്പോയത്. സുപ്രീംകോടതിയുടെ തന്നെ വാക്കുകൾ ഇതാണ്:

“While the said proposition need not necessarily be incorrect what cannot also be ignored is the evidence of P.W. 4 and P.W. 40 in this regard which is to the effect that they were told by the middle aged man, standing at the door of the compartment, that the girl had jumped out of the train and had made good her escape. The circumstances appearing against the accused has to be weighed against the oral evidence on record. . . . . . . . “

ഇതിൽ പറയുന്ന P.W. 4 ചെയിൻ വലിക്കാൻ ശ്രമിച്ച ടോമി ദേവസ്യയാണ്. P.W. 40 അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന അബ്‌ദുൾ ഷുക്കൂറും. ഇവരോട് മധ്യവയസ്‌കൻ പറഞ്ഞത് സത്യമായിരുന്നോ? അതോ, ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയാൽ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ വേണ്ടി കള്ളം പറഞ്ഞതാണോ അയാൾ? സാക്ഷിയായി കോടതി കയറിയിറങ്ങാനുള്ള വൈമുഖ്യം കൊണ്ടുമാത്രം കള്ളം പറഞ്ഞ്, ചങ്ങല വലിക്കാൻ ശ്രമിച്ചയാളെ പിന്തിരിപ്പിച്ചതാവുമോ അയാൾ? ഈ ചോദ്യങ്ങൾക്കൊക്കെ ഉത്തരം കണ്ടെത്തേണ്ടതുണ്ട്.

എന്നാൽ, ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിന് അന്ന് കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥർക്കോ കേസ് വിചാരണക്കോടതിയിൽ നടത്തിയ പ്രോസിക്യൂഷനോ തോന്നിയില്ല. 83 സാക്ഷികളെ കോടതി മുമ്പാകെ നിരത്തിയിട്ടും ഈ മധ്യവയസ്‌കനെ കണ്ടുപിടിച്ച് ഹാജരാക്കണമെന്ന് തോന്നിയില്ല. അതാണ് ഈ കേസിലെ വലിയ വീഴ്‌ചയായത്. വിചാരണക്കോടതി വധശിക്ഷ വിധിച്ചുവെങ്കിലും, ഹൈക്കോടതി അത് സ്ഥിരീകരിച്ചുവെങ്കിലും, അജ്ഞാതനായ മധ്യവയസ്‌കന്റെ വാക്കുകൾ പഴുതായിക്കിടന്നു. ആ പഴുത് നിലനിൽക്കെ ഗോവിന്ദച്ചാമിയെ കൊലയ്‌ക്കുത്തരവാദിയായി കാണാനാവില്ല എന്ന നിഗമനത്തില് സുപ്രീംകോടതി എത്തുകയും അതിന്റെ പഴുതിലൂടെ കൊലക്കയറിൽനിന്നും ഗോവിന്ദച്ചാമി രക്ഷപ്പെടുകയും ചെയ്‌തു.

ഇനിയും സമയമുണ്ട്; പ്രിയപ്പെട്ട അജ്ഞാത മധ്യവയസ്‌കാ, അങ്ങ് പുറത്തുവരൂ. സത്യം എന്തായിരുന്നുവെന്ന് കോടതിയോട് പറയൂ. കേസിന്റെ ബുദ്ധിമുട്ടുകളിൽ നിന്ന് ഒഴിവാകാൻ വേണ്ടിയാകും താങ്കൾ അന്ന് അങ്ങനെ പറഞ്ഞത്. പക്ഷെ, ആ വാക്കുകൾ ഒരു കൊടുംക്രൂരനെ രക്ഷിക്കുന്നതിനാണ് വഴിവച്ചത്. പറഞ്ഞത് സ്വന്തം സൗകര്യങ്ങൾ മുൻനിർത്തിയാണെങ്കിൽപോലും അത് വഴി ഒരു നിസ്സഹായ കുടുംബത്തിന് നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഈ വൈകിയ വേളയിലെങ്കിലും സത്യം തുറന്നുപറഞ്ഞാൽ കേസ് വീണ്ടും തുറക്കാം; സുപ്രീം കോടതിക്ക് സത്യത്തിലേക്ക് ചെന്നെത്തുകയും ചെയ്യാം. അതു ചെയ്‌താൽ പഴയ വീഴ്‌ചയ്‌ക്ക് ലോകം താങ്കളോട് പൊറുക്കും; അതല്ലെങ്കിൽ, സൗമ്യയുടെ മനസ്സ് മാത്രമല്ല, നീതിക്കായി നിലവിളിക്കുന്ന എക്കാലത്തെ സ്‌ത്രീയും താങ്കളെ ശപിക്കും. അജ്ഞാതനായ മധ്യവയസ്‌കാ പുറത്തുവരൂ.

മാധ്യമങ്ങൾക്കും ഈ സാഹചര്യത്തിൽ ഒരു ചുമതലയുണ്ട്. ആരായിരുന്നു ഈ അജ്ഞാത മധ്യവയസ്‌കൻ എന്ന് അവർക്ക് അന്വേഷിച്ച് കണ്ടുപിടിക്കാവുന്നതേയുള്ളൂ (പോലീസിന്റെ മുമ്പിൽ ഇപ്പോൾ ഇങ്ങനെയൊരു കേസ് ഇല്ലാത്ത സാഹചര്യത്തിൽ). അന്ന് ആ ട്രെയിനിൽ ഉണ്ടായിരുന്നവരിലൂടെ മാധ്യമങ്ങൾക്ക് അയാളിലേക്ക് ചെന്നെത്താവുന്നതേയുള്ളൂ. കേസിന്റെ ഗതി ഇനി ഈ മധ്യവയസ്‌കന്റെ വാക്കുകളിലാണ്. അദ്ദേഹം മനസ്സ് തുറക്കെട്ടെ, വായ് തുറക്കട്ടെ. അങ്ങനെ കേസിന്റെ അടഞ്ഞ അധ്യായങ്ങൾ വീണ്ടും തുറക്കപ്പെടട്ടെ; വർഗീസ് വധക്കേസിലെന്നപോലെ!!

shortlink

Related Articles

Post Your Comments

Related Articles


Back to top button