കൊല്ലം : നഗരസഭാ കൗണ്‍സിലര്‍ കോകില എസ്. കുമാറിന്റെയും പിതാവ് സുനില്‍ കുമാറിന്റെയും അപകടമരണത്തിനിടയാക്കിയ കാര്‍ ഓടിച്ചിരുന്ന യുവാവ് ശക്തികുളങ്ങര കുറുവളത്തോപ്പ് ഡെന്നിസ് ഡെയ്‌ലില്‍ അഖില്‍ ഡെന്നിസ് (20) പിടിയിലായി. ഗള്‍ഫില്‍ എക്‌സ്പ്രസ് ഹൈവേയില്‍ കാറോട്ട മത്സരത്തില്‍ പങ്കെടുത്തിട്ടുള്ള അഖില്‍ അതേ രീതിയില്‍ ഇവിടെയും കാറോടിച്ചതാണ് അപകടമുണ്ടാകാന്‍ കാരണമെന്നാണ് പോലീസ് നിഗമനം. ഷാര്‍ജയില്‍ അല്‍ജബീര്‍ കോളജില്‍ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയാണ് അഖില്‍. പിതാവ് അലക്‌സ് ഡെന്നിസ് ഷാര്‍ജയില്‍ ലേബര്‍ സപ്ലെ കമ്പനി നടത്തുകയാണ്. അമ്മയും സഹോദരനും ഗള്‍ഫിലാണ്.
വേളാങ്കണ്ണി തീര്‍ത്ഥാടനത്തിനായി നാട്ടിലെത്തിയതായിരുന്നു അഖില്‍. കൊല്ലം നഗരസഭ തേവള്ളി ഡിവിനിലെ ബിജെപി കൗണ്‍സിലറായ കോകിലയും അച്ഛന്‍ സുനില്‍കുമാറും സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ച ശേഷം കാര്‍നിര്‍ത്താതെ പോവുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് കോകിലയും, ആശുപത്രിയില്‍ വെച്ച് പിതാവും മരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ കാവനാട് ആല്‍മൂട്ടിലായിരുന്നു സംഭവം. അപകടത്തിന് ശേഷം കാര്‍ ശക്തികുളങ്ങരയില്‍ ഉപേക്ഷിച്ച നിലയില്‍ രാത്രി കണ്ടെത്തി. അപകടം നടക്കുമ്പോള്‍ അഖില്‍ മദ്യ ലഹരിയിലായിരുന്നുവെന്ന സംശയത്തില്‍ രക്തസാമ്പിള്‍ വിദ്ഗദ പരിശോധനയ്ക്കായി തിരുവനന്തപുരം കെമിക്കല്‍ ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഒപ്പമുണ്ടായിരുന്ന അയല്‍വാസി ടിന്റുവിനായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. കാറിലുണ്ടായിരുന്ന മൂന്നാമത്തെയാള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കുമെന്നാണ് സൂചന.
കാറിന്റെ നമ്പര്‍ സ്ഥലത്തുണ്ടായിരുന്നവരുടെ ശ്രദ്ധയില്‍ പെട്ടതാണ് പ്രതിയെ വേഗത്തില്‍ പിടികൂടാന്‍ സഹായമായത്. അഖില്‍ ഗള്‍ഫിലേക്ക് കടക്കാതിരിക്കാന്‍ എയര്‍പോര്‍ട്ടുകളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. പോലീസ് അന്വേഷണം ശക്തമാക്കിയ വിവരമറിഞ്ഞ് എറണാകുളത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന അഖില്‍ ബുധനാഴ്ച സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. മന:പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് അഖിലിനെതിരെ കേസ് എടുത്തിരിക്കുന്നത്.
Post Your Comments