മോസ്ക്കോ: അമേരിക്കയുടെ സൂപ്പര്‍താരങ്ങള്‍ക്ക് ഉത്തേജകഔഷധം അടിക്കാന്‍ അന്താരാഷ്ട്ര മയക്കുമരുന്ന് ഉപയോഗ വിരുദ്ധ ഏജന്‍സിയായ വാഡ ഒത്താശ ചെയ്തുകൊടുത്തതായി റഷ്യന്‍ ഹാക്കര്‍മാരുടെ കണ്ടെത്തല്‍. ലോക ഒന്നാം നമ്പർ വനിതാ ടെന്നിസ് താരം സെറീന വില്ല്യംസിനും റിയോ ഒളിമ്പിക്സിൽ നാലു സ്വര്‍ണ്ണം നേടിയ ജിംനാസ്റ്റിക്സ് താരം സിമോണ ബൈല്‍സിനും നിരോധിത മരുന്നുകള്‍ ഉപയോഗിക്കാനുള്ള അനുമതി എല്ലാവിധ ചട്ടങ്ങളുടേയും ലംഘനത്തിലൂടെ വഡ നല്‍കിയതായി തെളിഞ്ഞു. റഷ്യന്‍ ഹാക്കര്‍മാര്‍ വാഡയുടെ ഡാറ്റ ബേസില്‍ നിന്ന് ശേഖരിച്ച രേഖകളിലാണ് കായികലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞ ഈ വിവരങ്ങളുള്ളത്.
അമേരിക്കന്‍ കായികതാരങ്ങളുടെ മരുന്ന് ഉപയോഗം സംബന്ധിച്ച് നിരവധി രേഖകള്‍ തങ്ങള്‍ കരസ്ഥമാക്കിയതായി ഫാന്‍സി ബെയേഴ്സ് എന്ന ഹാക്കിങ് ടീം എന്നാല്‍, അവകാശപ്പെട്ടു. ഉത്തേജക മരുന്ന് ഉപയോഗത്തിനെതിരായ തങ്ങളുടെ നീക്കങ്ങള്‍ തകര്‍ക്കാനുള്ള ശ്രമമാണ് ഹാക്കര്‍മാര്‍ നടത്തുന്നതെന്നായിരുന്നു വാഡയുടെ പ്രതികരണം. വാഡയുടെ രേഖകള്‍ ഹാക്കര്‍മാര്‍ ചോര്ത്തിയത്തില് ല്‍ തങ്ങള്‍ക്കോ ചാരസംഘടന കെ.ജി.ബിയ്ക്കോ യാതൊരു പങ്കുമില്ലെന്ന് റഷ്യന്‍ സര്‍ക്കാരിന്റെ വക്താവ് ദിമിത്രി പെസ്ക്കോവ് അറിയിച്ചു.
രേഖകളുടെ പരിശോധനയിലൂടെ നിയന്ത്രിതമായി മരുന്ന് ഉപയോഗിക്കാന്‍ കായികതാരങ്ങളെ അനുവദിക്കുന്ന തെറാപ്യൂട്ടിക് യൂസ് എക്സപ്ഷന് എന്ന ഫയലാണ് ഹാക്ക് ചെയ്തത്.
സിമോണ ബൈല്‍സിന് മാനസികമായ ഉത്തേജനത്തിനുവേണ്ടി നിരോധിക്കപ്പെട്ട മരുന്ന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയതിന്റെ രേഖകളാണ് ഹാക്കര്‍മാര്‍ പുറത്തുവിട്ടത്. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടെങ്കിലും സിമോണ അയോഗ്യയാക്കപ്പെട്ടില്ലെന്ന് രേഖകള്‍ പറയുന്നു. 2013, 2014 വര്‍ഷങ്ങളില്‍ ഡെക്സ്ട്രോംഫെറ്റാമിന്‍ എന്ന മരുന്ന് ഉപയോഗിക്കാന്‍ സിമോണയ്ക്ക് അനുവാദം നല്‍കിയിരുന്നെന്നും രേഖകളില്‍ ഉണ്ട്.
എന്നാല്‍, താന്‍ കുട്ടിക്കാലം മുതല്‍ തന്നെ അറ്റന്ഷന് ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോഡറിനുള്ള മരുന്ന് കഴിക്കാറുണ്ടായിരുന്നുവെന്നും നിയമവിരുദ്ധമായി ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും സിമോണ ബൈല്‍സ് പറഞ്ഞു.
പേശിക്ക് ഏല്ക്കുന്ന പരിക്കുകള്‍ക്കുള്ള മരുന്ന് ഉപയോഗിക്കാനുള്ള അനുമതിയാണ് സെറീനയ്ക്ക് ലഭിച്ചതെന്നാണ് ഹാക്കര്‍മാരുടെ കൈവശമുള്ള രേഖകള്‍ വെളിപ്പെടുത്തുന്നത്. 2010, 2014, 2015 വര്‍ഷങ്ങളില്‍ നിരോധിക്കപ്പെട്ട ഓക്സികോഡോണ്‍, ഹൈഡ്രോമോര്‍ഫോണ്‍, പ്രെഡ്നിസോണ്‍, മീഥൈല്‍ പ്രെഡ്നിസോളോണ്‍ തുങ്ങിയ മരുന്നുകള്‍ ഉപയോഗിക്കാന്‍ വാഡ സെറീനയ്ക്ക് അനുവാദം കൊടുത്തിരുന്നതായി രേഖകള്‍ പറയുന്നു. എന്നാല്‍, സെറീനയുടെ വൈദ്യപരിശോധനയുടെ വിവരങ്ങളൊന്നുംതന്നെ ഈ രേഖകളുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടില്ല.
ഈ സൂപ്പര്‍താരങ്ങള്‍ക്ക് പുറമെ നിരവധി അമേരിക്കന്‍ കായികതാരങ്ങള്‍ നിരോധിക്കപ്പെട്ട മരുന്നുകള്‍ ഉപയോഗിക്കുന്നതായാണ് ഹാക്കര്‍മാര്‍ പറയുന്നത്. അവരെല്ലാം നിരോധിക്കപ്പെട്ട മരുന്നുകള്‍ ഉപയോഗിക്കാന്‍ ലൈസന്‍സ് ലഭിച്ചവരാണ്. ഇക്കാര്യത്തില്‍ വാഡയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും കുറ്റക്കാരുടെ സ്ഥാനത്താണെന്നും ഹാക്കര്‍മാര്‍ പറഞ്ഞു.
ഉത്തേജക മരുന്ന് ഉപയോഗത്തിന്റെ പേരില്‍ മുഴുവന്‍ റഷ്യന്‍ ടീമിനും റിയോ ഒളിമ്പിക്സില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് റഷ്യന്‍ ഹാക്കര്‍മാര്‍ വാഡയുടെ ഡാറ്റബേസില്‍ നുഴഞ്ഞുകയറിയത്. ഏതായാലും, ഹാക്കര്‍മാര്‍ കൊടുത്ത ഇരുട്ടടിയില്‍ നാണംകെട്ട് നില്‍ക്കുകയാണ് അമേരിക്ക.
Post Your Comments