മുംബൈ● ടെലികോം രംഗത്തേക്ക് രണ്ടാംവരവ് നടത്തുന്ന മുകേഷ് അംബാനിയുടെ സ്വപ്ന പദ്ധതിയായ റിലയന്‍സ് ജിയോ തുടക്കത്തിലേ കിതയ്ക്കുന്നു. സൗജന്യമായി സിം കാര്‍ഡും അതിവേഗ 4 ജി ഡാറ്റയുമൊക്കെ വാരിക്കോരി കൊടുത്തിട്ടും ലക്ഷ്യമിട്ടതിന്റെ പകുതി ഉപഭോക്താക്കളെ പോലും റിലയന്‍സിന് കിട്ടുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രതിദിനം 10 ലക്ഷംപേര്‍ എന്ന രീതിയില്‍ 2016 അവസാനമാകുമ്പോഴേക്കും 100 മില്യണ്‍ (10 കോടി) സബ്സ്ക്രൈബര്‍മാരെയാണ് അംബാനി ലക്ഷ്യമിട്ടത്. എന്നാല്‍ ഈ ലക്ഷ്യത്തിന്റെ പകുതി പോലും നേടാന്‍ സാധ്യതയില്ലെന്നാണ് ജിയോ ടീമില്‍ ഉള്ളവര്‍ തന്നെ അടക്കം പറയുന്നത്.
ഡാറ്റയും വോയ്സ് കോളുകളും മറ്റും സൗജന്യമായി കൊടുത്തിട്ടും പ്രതിദിനം അഞ്ചു ലക്ഷം പേരെ മാത്രമേ ചേര്‍ക്കാന്‍ സാധിക്കുന്നുള്ളൂ. 2016 ഡിസംബര്‍ 31 വരെയാണ് ജിയോ സൗജന്യമായി ഡാറ്റയും വോയിസ് കോളും പ്രഖ്യാപിച്ചിട്ടുള്ളത്. അതിന് മുമ്പ് തന്നെ പരമാവധി ആളുകളെ ജിയോയിലേക്ക് ഉള്‍പ്പെടുത്താനാണ് ശ്രമം. റിലയന്‍സ് ഡിജിറ്റല്‍, ഡിജിറ്റല്‍ എക്സ്പ്രസ് മിനി സ്റ്റോറുകളിലായി 3500 ഔട്ട്ലെറ്റുകളിലാണ് ജിയോ ആളുകളെ ചേര്‍ക്കുന്നത്.
ആധാര്‍ കാര്‍ഡും ഫോട്ടോയും നല്കിയാല് രണ്ടു മണിക്കൂറിനകം സിം ആക്ടിവേറ്റ് ആകുമെന്നാണ് ജിയോയുടെ വാഗ്ദാനമെങ്കിലും പത്തും ഇരുപത്തിയഞ്ചും ദിവസമായിട്ടും പലരും ചുമ്മാ സിം നോക്കി ഇരിക്കേണ്ടി വരുന്ന അവസ്ഥയാണുള്ളത്. ഇതുകൂടാതെ റിലയന്‍സ് ഔട്ട്ലെറ്റുകളിലെ തിരക്കും പുതിയ ഉപഭോക്താക്കളെ അകറ്റുന്നുണ്ട്. അതിനിടെ കണക്ഷനുകള്‍ വര്‍ധിച്ചതോടെ ജിയോയുടെ വേഗത സംബന്ധിച്ചും ഡൗണ്‍ലോഡ് പരിധി സംബന്ധിച്ചും വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്.
ദിവസം പത്ത് ലക്ഷം പേരെ ചേര്‍ക്കാനുള്ള സാങ്കേതിക വിദ്യ തങ്ങള്‍ക്കുണ്ടെന്നായിരുന്നു ജിയോയുടെ ലോഞ്ചിംഗ് വേളയിലെ അംബാനിയുടെ അവകാശവാദം. എന്നാല്‍ ഇത് ശരിയല്ലെന്നാണ് അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത്.
Post Your Comments