ന്യൂഡല്‍ഹി: അധോലോക നായകനും അന്താരാഷ്ട്ര തലത്തിലെ മയക്കു മരുന്ന് കച്ചവടത്തിലൂടെ കോടികള്‍ സമ്പാദിക്കുന്ന കുപ്രസിദ്ധ ക്രിമിനലുമായ
ദാവൂദ് ഇബ്രാഹിമിനെ കബളിപ്പിച്ച് വിശ്വസ്തനായ കൂട്ടാളി 40 കോടി രൂപ തട്ടിയെടുത്തു. ഖാലിക് അഹമ്മദ് എന്നയാളാണ്,മുംബയ് സ്‌ഫോടന കേസുകളില്‍ ഇന്ത്യ തേടുന്ന കുറ്റവാളി കൂടിയായ ദാവൂദിനെ പറ്റിച്ചത്. ഡല്‍ഹിയിലെഒരു ഉന്നത വ്യക്തിയില്‍ നിന്ന് 40 കോടി കൈപ്പറ്റാന്‍ ഖാലികിനെയാണ് ദാവൂദ് ഏല്‍പിച്ചത്. ഇത്രയും തുകയില്‍ നിന്ന് അഞ്ചു കോടി രൂപ പണം കൈമാറിയതിനുള്ള കമ്മിഷനെന്ന നിലയില്‍ എടുത്ത ശേഷം ഹവാല ചാനല്‍ വഴി വിദേശത്ത് അയയ്ക്കുകയായിരുന്നു. എന്നാല്‍, പിന്നീട് ഖാലികും പണവും അപ്രത്യക്ഷമാവുകയായിരുന്നു.
ദാവൂദിന്റെ പാകിസ്ഥാനിലെ അനുയായി ജബീര്‍ മോട്ടിയും ഖാലികും തമ്മിലുള്ള ടെലഫോണ്‍ സംഭാഷണം ചോര്‍ത്തിയതില്‍ നിന്നാണ് ഇന്ത്യയിലെ രഹസ്യന്വേഷണ ഏജന്‍സികള്‍ക്ക് ഈ വിവരം ലഭിച്ചത്. ദാവൂദിന്റെ മറ്റൊരു സഹായി റസാഖ് ഭായ് എന്നയാളാണ് പണം നഷ്ടപ്പെട്ട കാര്യം കണ്ടുപിടിച്ചത്. ബഡെ ഹസ്രത്തിന്റെ (ദാവൂദ്) പേരാണ് ഖാലിക് വഞ്ചിക്കാനായി ഉപയോഗിച്ചത്. സംഭവമറിഞ്ഞ ദാവൂദ് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ തന്റെ ഡിറ്റക്ടീവുകളെ 2015 നവംബര്‍ 26ന് ഡല്‍ഹിയില്‍ നിന്ന് കാനഡയിലേക്ക് അയച്ചു. എന്നാല്‍, ഖാലിദ് ഇപ്പോള്‍ മണിപ്പൂരില്‍ ഒളിവില്‍ കഴിയുന്നു എന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങളുടെ നിഗമനം.
40 കോടി രൂപയില്‍ പകുതിയും പനാമ ബാങ്കിലേക്കാണ് അയച്ചത്. ബാക്കി ഇരുപത് കോടി ദാവൂദിന്റെ വിദേശത്തെ ബിസിനസിലും നിക്ഷേപിച്ചു. എന്നാല്‍,ഖാലിക് ആരോപണം നിഷേധിച്ചിട്ടുണ്ട്. ആശയക്കുഴപ്പത്തിന്റെ പേരിലാണ് തന്നെ സംശയിക്കുന്നത് എന്നാണ് ഖാലിക് മോട്ടിയോട് പറഞ്ഞത്. ഇന്ത്യയില്‍ നിന്ന് ലഭിക്കുന്ന പണത്തിന് ബ്രോക്കര്‍ തുക ഈടാക്കാറുണ്ടെന്നും ഖാലിക് പറയുന്നു. പണം അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതില്‍ റസാഖിനുണ്ടായ പിഴവാണ് അത് ലഭിക്കാതെ പോയതിന് കാരണമെന്നാണ് ഖാലികിന്റെ നിലപാട്. പനാമ ബാങ്കിലെ പണത്തിന് ഒരു കുഴപ്പവും ഇല്ലെന്നും അയാള്‍ പറഞ്ഞു.
പനാമയില്‍ നിന്ന് ബാങ്ക് രേഖകള്‍ ലഭിച്ചാലുടന്‍ പണം പിന്‍വലിക്കാനാവുമെന്നും അപ്പോള്‍ റസാഖിന് സ്വന്തം അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാമെന്നും ഖാലിക് മോട്ടിയോട് പറഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെ ഖാലിക് ഒളിവില്‍ പോവുകയും ചെയ്തു.
ആയുധക്കടത്തും മയക്കുമരുന്ന്,വജ്രക്കടത്തും മാത്രമല്ല ഇന്ത്യയില്‍ കള്ളപ്പണ റാക്കറ്റിനെ നിയന്ത്രിക്കുന്നതും ദാവൂദാണെന്ന് ഈ സംഭവത്തോടെ തെളിഞ്ഞിരിക്കുകയാണെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു. ഡല്‍ഹി, മുംബൈ എന്നിവടങ്ങളില്‍ കള്ളപ്പണ റാക്കറ്റുമായി ബന്ധമുള്ളവരുടെ വീട്ടിലെത്തി പണം വാങ്ങി അത് പനാമ, കാനഡ, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ ഹവാല ചാനല്‍ വഴി എത്തിക്കുകയാണ് ദാവൂദ് ചെയ്യുന്നത്. ഇവിടങ്ങളില്‍ അജ്ഞാത ബാങ്ക് അക്കൗണ്ടുകളില്‍ ഈ പണം നിക്ഷേപിക്കുകയോ കന്പനികളില്‍ നിക്ഷേപിക്കുകയോ ആണ് ചെയ്യാറുള്ളത്. ഇത് കൂടാതെ ദാവൂദിന്റെ തന്നെ
സിന്‍ഡിക്കേറ്റിലും പണം നിക്ഷേപിക്കുന്നുണ്ട്.
Post Your Comments