മക്ക : ഈ വര്‍ഷത്തെ ഹജ്ജിന് തുടക്കം കുറിച്ച് തീര്‍ഥാടകര്‍ മിനായിലെ തമ്പുകളിലേക്ക് നീങ്ങുന്നു.
തല്‍ബിയത്ത് മന്ത്രങ്ങളാല്‍ മുഖരിതമാണ് മിന. വെള്ളിയാഴ്ച വൈകുന്നേരത്തൊടെ ആരംഭിച്ച പ്രവാഹം ശനിയാഴ്ച രാത്രി വരെ തുടര്‍ന്നു. ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫ സംഗമത്തിലേക്കുള്ള തയാറെടുപ്പിലാണ് ഹാജിമാര്‍. മലയാളി ഹാജിമാരെല്ലാം ശനിയാഴ്ചതന്നെ മിനാ ടെന്റുകളില്‍ എത്തിയിരുന്നു.
‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്’ എന്നു തുടങ്ങുന്ന തല്‍ബിയത്ത് ചൊല്ലി മസ്ജിദുല്‍ ഹറാമിനെ ചുറ്റി നില്ക്കുന്ന താമസസ്ഥലങ്ങളില്‍ നിന്ന് ചെറുസംഘങ്ങളായാണ് മിനായിലെത്തിയത്. സൗദിയില്‍ നിന്നുള്ള ഹാജിമാരും മദീനയില്‍ നിന്നു വന്ന അവസാന സംഘങ്ങളും കഅ്ബയെ പ്രദക്ഷിണം ചെയ്താണ് മിനായിലേക്ക് നീങ്ങുക.
തിരക്കൊഴിവാക്കാന്‍ തീര്‍ഥാടകരെ നേരത്തെ തന്നെ തമ്പുകളിലത്തെിക്കാന്‍ അതത് രാജ്യങ്ങളിലെ ഹജ്ജ് മിഷനുകള്‍ തയാറെടുപ്പ് നടത്തിയിട്ടുണ്ട്. ശനിയാഴ്ച അര്‍ധരാത്രിയോടെ അറഫാ സംഗമത്തിനു തിരിച്ച ഹാജിമാര്‍ ഞായറാഴ്ച വൈകീട്ട് മുസ്ദലിഫയിലെത്തി അവിടെ രാത്രി തങ്ങി വീണ്ടും മിനായിലെ കൂടാരത്തില്‍ തിരിച്ചത്തെും. അറഫയിലെ നില്പും മുസ്ദലിഫയിലെ രാത്രി തങ്ങലും കഴിഞ്ഞ് ജംറകളില്‍ പിശാചിനെ കല്ലെറിഞ്ഞ് കഅ്ബ പ്രദക്ഷിണവും ബലിയുമൊക്കെ തീര്‍ഥാടകര്‍ നിര്‍വഹിക്കുന്നത് മിനായില്‍ താമസിച്ചാണ്. ദുല്‍ഹജ്ജ് 12ന് വൈകീട്ടോടെയാണ് മിനായില്‍നിന്നുള്ള മടക്കം ആരംഭിക്കുക. അനിഷ്ട സംഭവങ്ങളൊഴിവാക്കാന്‍ ദുല്‍ഹജ്ജ് 13ന് കൂടി കുറച്ച് തീര്‍ഥാടകരെ മിനായില്‍ തന്നെ നിര്‍ത്താന്‍ ഇത്തവണ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 1500 തീര്‍ഥാടകരുള്ള കൂടാരങ്ങളില്‍ ചുരുങ്ങിയത് മൂന്ന് സെക്യൂരിറ്റി ജീവനക്കാര്‍ വേണമെന്ന് തമ്പുകളുടെ ചുമതല വഹിക്കുന്ന മുത്വവ്വിഫ് സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments