ന്യൂയോര്‍ക്ക്: ഫെയ്‌സ്ബുക്ക് സഹഉടമ ഡസ്റ്റിന്‍ മോസ്‌കോവിറ്റ്സ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ പരാജയം ഉറപ്പാക്കാനും ഹിലരി ക്ലിന്റനെ സഹായിക്കുവാനുമായി രണ്ടു കോടി ഡോളര്‍ (ഏകദേശം 133 കോടി രൂപ) സംഭാവന നല്‍കും. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗിന്റെ സഹപാഠിയായിരുന്ന ഡസ്റ്റിന്‍ മോസ്‌കോവിറ്റ്സ് ഫെയ്‌സ്ബുക്കിന്റെ സ്ഥാപകഉടമകളിൽ ഒരാളാണ് .
ഒരു തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ പരസ്യമായി പിന്തുണയ്ക്കുന്നത് ജീവിതത്തിലാദ്യമായാണെന്നും കൃത്യമായ ലക്ഷ്യമില്ലാത്തെയാണ് ഡൊണാള്‍ഡ് ട്രംപും റിപ്പബ്ലിക്കന്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് മോസ്‌കോവിറ്റ്സ് പറയുന്നു. ഇത്തരമൊരു തീരുമാനമെടുക്കാന്‍ എന്നേയും ഭാര്യയേയും പ്രേരിപ്പിച്ചത് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ്. അമേരിക്കയില്‍ ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന ധ്രൂവികരണരാഷ്ട്രീയം കേവലം ആശയത്തിന്റെ മാത്രം പ്രശ്നമല്ല മോസ്‌കോവിറ്റ്‌സ് അഭിപ്രായപ്പെട്ടു.
നമ്മുടെ ജീവിതം മെച്ചപ്പെടുത്താനെന്ന പേരില്‍ കുടിയേറ്റ വിഷയങ്ങളിലടക്കം ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും സ്വീകരിച്ച പല നിലപാടുകളും നടപ്പാക്കിയാല്‍ വ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണെന്ന് മോസ്‌കോവിറ്റ്സ് വിശദീകരിക്കുന്നു. തിരഞ്ഞെടുപ്പിലൂടെ നമ്മളാരായി തീരണമെന്ന് നിശ്ചയിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. തെറ്റായ നയങ്ങളും പ്രചരണവുമായി മുന്‍പോട്ട് പോകുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ശരിയായ മാതൃക കാണിക്കുവാന്‍ ഹിലരി ക്ലിന്റന് സാധിക്കും എന്നാണ് എന്റെ പ്രതീക്ഷ മോസ്‌കോവിറ്റ്സ് പറഞ്ഞു. മോസ്‌കോവിറ്റ്സ് സംഭാവനയായി നല്‍കുന്ന തുക ഹിലരിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ക്കായി വിഭജിച്ചുനല്‍കും.
Post Your Comments