
വാഷിങ്ടണ്‍: ഇസ്രായേലിന് മൂന്ന് ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാനുള്ള അനുമതി നല്കി ട്രംപ് ഭരണകൂടം. 2000 പൗണ്ട് ബോംബ് ഉള്‍പ്പടെയുള്ളവ വില്‍ക്കുന്നതിനുള്ള അനുമതിയാണ് നല്‍കിയത്.
35,500 എംകെ 84, ബ്ലു-117 ബോംബുകള്‍ 4000 പ്രിഡേറ്റര്‍ വാര്‍ഹെഡുകള്‍ എന്നിവയുള്‍പ്പെടെ മൂന്ന് ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ആയുധങ്ങള്‍ യുഎസ് ഇസ്രായേലിന് വില്‍ക്കുകയാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റുബിയോ പറഞ്ഞു. ഇസ്രായേലിന് അടിയന്തരമായി ആയുധങ്ങള്‍ കൈമാറേണ്ടതിന്റെ ആവശ്യകതയുള്ളതിനാല്‍ വില്പനയില് യുഎസ് കോണ്‍ഗ്രസിന്റെ അവലോകനം നടത്തിയിട്ടില്ലെന്നും റുബിയോ അറിയിച്ചു.
ഗസ്സ വെടിനിര്‍ത്തല്‍ കരാര്‍ നീട്ടുന്നതു സംബന്ധിച്ച് കെയ്റോയില്‍ ചര്‍ച്ച നടക്കാനിരിക്കെ, ഫിലാഡല്‍ഫി ഇടനാഴിയില്‍ നിന്ന് പിന്മാറില്ലെന്ന് ഇസ്രായേല്‍ അറിയിച്ചിരുന്നു. ഗസ്സയില്‍ അടുത്തഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ചക്ക് ഹമാസ് സന്നദ്ധത അറിയിച്ചെങ്കിലും ആദ്യഘട്ട കരാര്‍ നീട്ടിയാല്‍ മതിയെന്ന നിലപാടാണ് ഇസ്രായേലിനുള്ളത്. ഒരു മാസമോ അതില്‍ കൂടുതലോ കരാര്‍ നീട്ടാന്‍ സന്നദ്ധമാണെന്ന് ഇസ്രായേല്‍ മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
ഒന്നാംഘട്ട വെടിനിര്‍ത്തല്‍ കരാറിന്റെ സമയപരിധി ഇന്ന് അവസാനിക്കും. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായുള്ള അവസാന ബന്ദി കൈമാറ്റവും തടവുകാരുടെ മോചനവും കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ഈ സാഹചര്യത്തില്‍ ഇസ്രായേല്‍ ആക്രമണം പുനരാരംഭിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
Post Your Comments