കൊച്ചി: കേരളത്തിന്റെ സീറോ മലബാര്‍ സഭ ഇപ്പോള്‍ മാറ്റത്തിന്റെ പാതയിലാണ്. ധൂര്‍ത്ത് ഒഴിവാക്കി പാവപ്പെട്ടവരെ സഹായിക്കാനാണ് സഭ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിലൂടെ കത്തോലിക്കാ സഭയെ പുതിയ തലത്തിലേക്ക് ഉയര്‍ത്തനാണ് തീരുമാനം. അതുകൊണ്ട് തന്നെ ചില പുനര്‍ ചിന്തനങ്ങള്‍ നടത്തുകയാണ് സീറോ മലബാര്‍ സഭ. യുവാക്കള്‍ക്കിടയിലുള്ള അമിത മദ്യപാനമാണ് സഭ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ഇതിനെ ചെറുക്കാന്‍ കൂടുതല്‍ മദ്യമുക്തി കേന്ദ്രങ്ങളും കൗണ്‍സിലിങ് കേന്ദ്രങ്ങളും തുറക്കാനാണ് സഭയുടെ നീക്കം.
കുടുംബ ബന്ധം ദൃഡപ്പെടുത്താനും ചില നിര്‍ദ്ദേശങ്ങളുണ്ട്. കൂടുതല്‍ മക്കളുള്ളവരെ പ്രോത്സാഹിപ്പിക്കണം. സഭയുടെ സ്‌കൂളുകളിലും ആശുപത്രികളിലും മൂന്നാമത്തെ കുട്ടിക്ക് പകുതിയും അതിനുശേഷം പിറക്കുന്ന കുട്ടികള്‍ക്ക് മുഴുവനും നിരക്കിളവ് നല്‍കണം. ഈ നിര്‍ദ്ദേശങ്ങളെ സഭയുടെ അംഗബലം കൂട്ടാനുള്ള മാര്‍ഗ്ഗമായി വിമര്‍ശിക്കുന്നവരുമുണ്ട്. എന്നാല്‍ കൂടുതല്‍ കുട്ടികള്‍ വേണമെന്നതാണ് സഭയുടെ നിലപാടെന്നും അത് തുറന്ന് പറയുക മാത്രമാണ് ചെയ്യുന്നതെന്നും സഭയും വിശദീകരിക്കുന്നു.
കുടുംബ ബന്ധം തകര്‍ക്കുന്നതൊന്നും വേണ്ടെന്നാണ് സീറോ മലബാര്‍ സഭയുടെ വിശദീകരണം. സഭാധികാരികളും വിശ്വാസ സമൂഹവും തമ്മിലുള്ള അടുപ്പം വര്‍ദ്ധിപ്പിക്കുവാന്‍ ചടങ്ങുകളില്‍ റവറന്റ്, വെരി റവറന്റ്, മോസ്റ്റ് റവറന്റ് തുടങ്ങിയ സംബോധനകള്‍ ഒഴിവാക്കിയാല്‍ നന്നായിരിക്കും. സഭാകോടതികളില്‍ വിവാഹ മോചനത്തിനുള്ള കാലതാമസം കഴിവതും ഒഴിവാക്കണം.
മദ്യപാനത്തിന്റേയും മയക്കുമരുന്നിന്റേയും ഭീഷണി സഭ തിരിച്ചറിയുന്നു. ഇതോടൊപ്പം സീരിയലുകള്‍ അസ്വസ്ഥമാക്കുന്ന കുടുംബങ്ങളേയും. അതിനും മുന്‍കരുതുകല്‍ വേണം. പുകവലി, മയക്കുമരുന്ന്, ചൂതാട്ടം, അശ്ലീലാഭിമുഖ്യം തുടങ്ങിയവ നിയന്ത്രിക്കപ്പെടണം. ഇതോടൊപ്പം ടി.വി.സീരിയലുകളോടും സോഷ്യല്‍ നെറ്റ് വര്‍ക്കുകളോടുള്ള അടിമത്തവും ഗൗരവത്തോടെ കാണണം. ഇത്തരക്കാര്‍ക്കായി പ്രത്യേക സൈക്കോസ്പിരിച്വല്‍ കൗണ്‍സലിങ് സൗകര്യങ്ങളൊരുക്കണം. മൊബൈല്‍ ഫോണ്‍, ടി.വി, ഇന്റര്‍നെറ്റ് തുടങ്ങിയവ വിവേകപൂര്‍വം ഉപയോഗിക്കുന്നതിന് കുട്ടികള്‍ക്ക് പരിശീലനം നല്‍കണമെന്നും അസംബ്ലി നിര്‍ദ്ദേശിക്കുന്നു.
ഉപഭോഗ സംസ്‌കാരത്തിന്റെ ഗാഢാലിംഗനത്തില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാന്‍ വിശ്വാസികളെ പ്രാപ്തരാക്കണം. വിവാഹമടക്കമുള്ള ആഘോഷങ്ങള്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനികളെ ഏല്പിച്ച് പണം ധൂര്‍ത്തടിക്കുന്നതിന് പകരം എല്ലാവരുടെയും കൂട്ടായ്മയില്‍ നടത്താന്‍ ശ്രദ്ധിക്കണം. ആഘോഷങ്ങള്‍ മത്സരബുദ്ധിയോടെയല്ല, ആത്മീയ ചൈതന്യത്തോടെയാണ് നടത്തേണ്ടതെന്ന സുപ്രധാന നിര്‍ദ്ദേശവുമുണ്ട്.
പള്ളികളില്‍ വെടിവഴിപാട് പൂര്‍ണമായും ഒഴിവാക്കണം, തിരുനാളുകളുടെ പ്രചാരണത്തിന് ഫഌ്‌സും ആര്‍ച്ചുകളുമൊഴിവാക്കണം, ധന സമ്പാദനത്തിന് നിയമവിരുദ്ധ മാര്‍ഗങ്ങള്‍ സ്വീകരിക്കരുത്. അമിത പലിശ നല്‍കുന്ന സ്ഥാപനങ്ങളില്‍ പണം നിക്ഷേപിച്ച് അധിക ലാഭത്തിന് നില്‍ക്കരുത്. ഇങ്ങനെ വിശ്വാസികളെ ഉത്‌ബോധനം ചെയ്യുകയാണ് സഭ
Post Your Comments