ന്യൂഡല്‍ഹി : മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് അപ്ഗ്രഡേഷനു ടെലികോം മന്ത്രാലയം പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കി. ഉപയോക്താക്കളുടെ ആവശ്യപ്രകാരമല്ലാതെ നിലവിലുള്ള 2ജി സിം കാര്‍ഡ് 3ജിയിലേക്കോ 4ജിയിലോക്കോ മാറ്റാന്‍ കഴിയില്ല. സെപ്റ്റംബര്‍ ഒന്നു മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണു നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ടെലികോം ഓപ്പറേറ്റര്‍മാര്‍ ഉപയോക്താക്കളുടെ അഭിപ്രായം ചോദിക്കാതെ സിം കാര്‍ഡ് ഹൈ വാല്യൂ സേവനങ്ങളിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതായുള്ള പരാതികള്‍ കൂടിയതോടെയാണു ടെലികോം മന്ത്രാലയത്തിന്റെ നടപടി. 2ജിയിലില്‍ നിന്നു 3ജിയിലേക്കോ 4ജിയിലോക്കോ മാറാന്‍ താത്പര്യമുണ്ടെങ്കില്‍ ഉപയോക്താവ് ടെലികോം സേവന കമ്പനിയുടെ കസ്റ്റമര്‍ കെയര്‍ വഴിയോ വെബ്‌സൈറ്റിലൂടെയോ ഔട്ട്‌ലെറ്റിലൂടെയോ അപേക്ഷ നല്‍കണം. ഇതിനു ശേഷം മാത്രമേ പുതിയ സിം കാര്‍ഡ് ഉപയോക്താവിന് നല്‍കാവൂ. പിന്നീട് പുതിയ സിം ആക്ടിവേറ്റ് ചെയ്യണം ഇതാണു നിര്‍ദേശം.
നമ്പര്‍ പോര്‍ട്ടബിലിറ്റിക്ക് ഇപ്പോള്‍ നിലവിലുള്ള രീതിയോടു ചേര്‍ന്നു നില്‍ക്കുന്നതാണു സിം അപ്ഗ്രഡേഷനും നിര്‍ദേശിച്ചിരിക്കുന്നത്. പുതിയ സിം കാര്‍ഡ് ആക്ടിവേറ്റ് ആകുന്നത് ഉപയോക്താവിനെ എസ്എംഎസ് മുഖേന അറിയിക്കും. അതോടെ പഴയ സിം ഡിയാക്ടിവേറ്റ് ആകുകയും അപ്‌ഗ്രേഡഡ് സേവനങ്ങളുമായി പുതിയ സിം ആക്ടിവേറ്റ് ആകുകയും ചെയ്യും. ആക്ടിവേറ്റ് ആയ വിവരം ഉപയോക്താവ് കമ്പനിയെ എസ്എംഎസ് മുഖേന അറിയിക്കുന്നതോടെയാണ് അപ്ഗ്രഡേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുന്നത്.
ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോണ്‍സ് സിസ്റ്റം(ഐവിആര്‍എസ്) വഴി ഉപയോക്താക്കളുടെ ടെലി വെരിഫിക്കേഷന്‍ നടത്തുന്നതിനും ടെലികോം മന്ത്രാലയം അനുമതി നല്‍കി. പ്രാദേശിക ഭാഷകളില്‍ ഇതിനുള്ള സൗകര്യമൊരുക്കണമെന്നും നിര്‍ദേശമുണ്ട്.
Post Your Comments