കണ്ണൂർ: വയോധികന്റെ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം കവർന്നയാൾ അറസ്റ്റിൽ. മയ്യിൽ വേളം സ്വദേശി ഉരടപൊടിക്കുണ്ട് യു. കൃഷ്ണനെയാണ് (58) അറസ്റ്റ് ചെയ്തത്. കണ്ണൂര് ടൗൺ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
മുൻ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനായ പ്രതി വിവിധ എ.ടി.എമ്മുകളിൽ നിന്ന് 45,000 രൂപയാണ് തട്ടിയെടുത്തത്. കണ്ണൂർ സിറ്റി നാലുവയൽ സ്വദേശിയുടെ എ.ടി.എം കാർഡ് ഉപയോഗിച്ചാണ് പ്രതി പണം കവർന്നത്. ജൂലൈ 22-ന് കണ്ണൂർ താവക്കരയിലേക്കുള്ള യാത്രാമധ്യേയാണ് എ.ടി.എം കാർഡ് നഷ്ടപ്പെട്ടത്. പരാതി നൽകാനായി ബാങ്കിൽ എത്തുമ്പോഴേക്കും അക്കൗണ്ടിൽ നിന്ന് പലതവണകളായി 45,500 രൂപ പിൻവലിച്ചതായി ഫോണിൽ സന്ദേശം വന്നിരുന്നു. തുടർന്ന്, ടൗൺ പൊലീസിൽ പരാതി നൽകുകയായിരുന്നു.
കേസെടുത്ത പൊലീസ് അന്വേഷണത്തിൽ എ.ടി.എമ്മിലെ നിരീക്ഷണ കാമറ ദൃശ്യത്തിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മയ്യിൽ സ്റ്റേഷനിൽ ഇയാൾക്കെതിരെ പോക്സോ കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ. ബിനുമോഹനന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Post Your Comments