NewsWomen

രണ്ട് വ്യത്യസ്ത ലോകത്തിനിടയില്‍ നൃത്തം ചെയ്യുന്ന ഐ.എ.എസ് ഓഫീസര്‍

ജോലി കിട്ടി ഇനിയൊന്നിനും സമയമില്ലെന്നു പറയുന്നവര്‍ കവിതാ രാമുവെന്ന ഐ എ എസ് ഓഫീസറെ പരിചയപ്പെടുക . കാരണം ജീവിതത്തിൽ നമുക്ക് പലതും ചെയ്യാൻ പറ്റും എന്ന തോന്നുന്നത് ഇങ്ങനെ ചിലരെ കാണുമ്പോഴായിരിക്കും. കവിതാ രാമു എന്ന ഐ എ എസുകാരി പകല്‍ ഓഫീസ് ജോലിയും വൈകിട്ട് ഭരതനാട്യം നര്‍ത്തകിയുമാണ്. അതീവ ഉത്തരവാദിത്തമുള്ള ഐ എ എസ് ഓഫീസറുടെ ജോലിയും ഏറെ പ്രിയപ്പെട്ട നൃത്തത്തെയും ഒരു പോലെ കൈകാര്യം ചെയ്യുന്ന മിടുക്കി.

മധുരയിലാണ് ഐ എ എസ് ഉദ്യോഗസ്ഥനായ എം രാമുവിന്റെയും സാമ്പത്തികശാസ്ത്ര അദ്ധ്യാപിക മണിമേഖലയുടെയും മകളായി കവിത ജനിച്ചത്. അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് നാലാം വയസിൽ കവിത നൃത്തപഠനം ആരംഭിക്കുന്നത്.ഗുരു നീലാ കൃഷ്ണമൂർത്തിയായിരുന്നു. പത്താം വയസുവരെ കവിതയുടെ സ്കൂൾ പഠനവും നൃത്തപഠനവും അച്ഛന്റെ സ്ഥലം മാറ്റത്തിന് അനുസരിച്ചായിരുന്നു.

ചെന്നൈയിൽ സ്ഥിരതാമസമാക്കാമെന്ന തീരുമാനമാണ് നൃത്താധ്യാപികയായ കെ ജെ സരസയെ ഗുരുവായി സ്വീകരിക്കാനുള്ള അവസരം കവിതയ്ക്കു കിട്ടിയത്. പിന്നീടുള്ള പതിനഞ്ചു വർഷത്തോളം സരസയുടെ കീഴിലായിരുന്നു കവിതയുടെ നൃത്ത പഠനം.കവിത പഠനത്തിലും മിടുക്കിയായിരുന്നു . സാമ്പത്തികശാസ്ത്രത്തിൽ ആറാം റാങ്കോടെയാണ് ബിരുദം നേടിയത്.

കവിതയ്ക്ക് നൃത്തത്തോട് തോന്നിയ അടങ്ങാത്ത സ്‌നേഹം പിന്നീട് സിവിൽ സർവീസിനോടും തോന്നിത്തുടങ്ങി. ഈ ഇഷ്ടത്തിന്റെ പ്രധാന കാരണം അച്ഛൻ എം രാമു ഐ എ എസ് ഓഫീസറായതായിരുന്നു. ഐ എഫ് എസിനോടായിരുന്നു ആദ്യം കമ്പമെങ്കിലും പിന്നീട് ഐ എ എസ് മതിയെന്നു തീരുമാനിച്ചു.ഇതിനു പിന്നിൽ നൃത്തത്തോടുള്ള ഇഷ്ടവും നാട്ടിൽ നിൽക്കാനുള്ള ആഗ്രഹവുമായിരുന്നു . തുടർന്ന് പബ്ലിക് അഡ്മിനിസിട്രേഷിൽ ബിരുദാനന്തര ബിരുദവും കവിത പൂർത്തിയാക്കി.

കവിത സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടുന്നത് 2002ലാണ്. പരീക്ഷാപരിശീലനത്തിനിടയിലും നൃത്തം അവതരിപ്പിക്കാൻ കവിത സമയം കണ്ടെത്തിയിരുന്നു.കവിത പരിപാടി അവതരിപ്പിച്ചിട്ടുള്ളത് അമേരിക്കയിലെയും കാനഡയിലെയും നിരവധി വേദികളിലാണ് .കവിത വെല്ലൂർ റെവന്യു ഡിവിഷൻ ഓഫീസർ, ചെന്നെ സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ ഡിപാർമെന്റ് അസിസ്റ്റന്റ് കമ്മിഷണർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

അതീവ ഉത്തരവാദിത്തമുള്ള ജോലിക്കിടയിൽ നൃത്തത്തിന് എങ്ങനെ സമയം കണ്ടെത്തുന്നുവെന്ന ചോദ്യത്തിനും കവിതയുടെ പക്കൽ ഉത്തരമുണ്ട്. കവിതയുടെ ദിവസം ആരംഭിക്കുന്നത് രാവിലെ 5.15 ഓടെയാണ്. കുറച്ചു സമയം യോഗയ്ക്കും വ്യായാമത്തിനുമായി മാറ്റിവയ്ക്കും. പിന്നീട് നൃത്തപരിശീലനം. ഒമ്പതുമണിയോടെ ഓഫീസിലേക്ക്. തിരിച്ച് വീട്ടിലേക്ക് രാത്രി എട്ടുമണിയോടെ എത്തും.

കവിത ഇരുപതു വർഷത്തോളമായി ചെന്നൈയിലെ നൃത്തവേദികളിലെ സജീവസാന്നിദ്ധ്യമാണ് . ഇവർ ഇതുവരെ അറുനൂറോളം വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. നൃത്താദ്ധ്യാപിക കൂടിയാണ് കവിത. നടനമാമണി, യുവകലാഭാരതി തുടങ്ങി നിരവധി അംഗീകാരങ്ങളും ഇതിനോടകം കവിതയെ തേടിയെത്തിയിട്ടുണ്ട്.കവിത ഇപ്പോൾ തമിഴ്നാട് ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് ജനറൽ മാനേജറാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button