ഹൈദരാബാദ്: തെലങ്കാന ജയില്‍ അധികൃതര്‍ കുറ്റകൃത്യത്തിലൊന്നും ഉള്‍പ്പെടാതെ തന്നെ ജയിലനുഭവം അറിയാന്‍ ടൂറിസ്റ്റുകള്‍ക്ക് അവസരമൊരുക്കുന്ന പരിപാടി അവതരിപ്പിച്ചിരുന്നു. 500 രൂപ നല്‍കിയാല്‍ 24 മണിക്കൂര്‍ ജയിലില്‍ ജീവിതം അനുഭവിച്ചറിയാനായാണ് അവസരമൊരുക്കിയത്. എന്നാല്‍, ആകര്‍ഷകമായ ഇത്തരമൊരു അവസരത്തിനായി ദിവസങ്ങളോളും ആരും എത്തിയിരുന്നില്ല.
ജയില്‍ ടൂറിസത്തിന് അവസരമൊരുക്കിയിരുന്നത് തെലങ്കാനയിലെ 220 വര്‍ഷംപഴക്കമുള്ള സങ്കറെഡ്ഡി ജയിലിലാണ്. സംഭവം ദേശീയ മാധ്യമങ്ങളിലൂടെ വാര്‍ത്തയായതോടെ ഒടുവില്‍ ജയില്‍ അനുഭവം അറിയാന്‍ ഒരാള്‍ എത്തി. ജയിലിലെത്തിയ ആദ്യ ടൂറിസ്റ്റ് ഹിന്ദുസ്ഥാന്‍ ടൈംസിലെ ശ്രീനിവാസ റാവു അപ്പരസു ആണ്.
ഏതൊരു തടവുകാരനും ലഭിക്കുന്ന സൗകര്യങ്ങള്‍ മാത്രമാണ് 500 രൂപ നല്‍കിയ ശ്രീനിവാസ റാവുവിന് ജയിലനകത്ത് ലഭിച്ചത്.ഒരു ദിവസം ജയില്‍ യൂണിഫോമില്‍ സെല്ലിനുള്ളില്‍ ശ്രീനിവാസ റാവു കഴിഞ്ഞു. സെല്ലിനുള്ളില്‍ ഒരു പ്ലേറ്റും ഗ്ലാസും നല്‍കിയിരുന്നു. തറയിലായിരുന്നു ഉറക്കം. മറ്റു സൗകര്യങ്ങളൊന്നും ലഭിച്ചില്ല. രാത്രിയില്‍ കൊതുകുകള്‍ മാത്രമാണ് കൂട്ടിനുണ്ടായിരുന്നത്.
ജയിലനുഭവം ടൂറിസ്റ്റുകള്‍ക്ക് മോശമായിരിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്. നിരാശപ്പെടുത്തുന്നതായിരുന്നു ഭക്ഷണം . ചോറും, രസവും, പരിപ്പുകറിയുമൊക്കെയായിരുന്നു വാഗ്ദാനമെങ്കിലും പേരിനൊരു ചോറും വെള്ളംനിറഞ്ഞ പരിപ്പുകറിയുമാണ് ലഭിച്ചതെന്ന് ശ്രീനിവാസ റാവു പറയുന്നു. ‘ഫീല്‍ ദി ജയില്‍’ എന്ന പരിപാടി പരാജയപ്പെടാനാണ് സാധ്യത. ഒരിക്കല്‍ വന്നവര്‍ മറ്റുള്ളവരെ ഇവിടെ നിര്‍ദ്ദേശിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments