Kerala

കോടിയേരിയ്ക്ക് ചുട്ടമറുപടിയുമായി കുമ്മനം

തിരുവനന്തപുരം● സി പി എമ്മിലെ അധികാരത്തർക്കത്തിന് തടയിടാൻ ആർഎസ്എസ്സിനെ കരുവാക്കി കോടിയേരി ബാലകൃഷ്ണൻ കേരളത്തിൽ കലാപത്തിന് ആഹ്വാനം ചെയ്യുകയായാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ . ഇതിന്റെ തെളിവാണ് കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയതും കോടിയേരിയുടെ പത്തനംതിട്ട പ്രസംഗവും. ഈ നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമന്ന് എല്ലാ പ്രവർത്തകരോടും അഭ്യർത്ഥിക്കുകയാണ്. സംയമനം പാലിക്കുന്നത് ഭീരുത്വം കൊണ്ടല്ല. ഉത്തരവാദിത്തം ഉള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന ചുമതലയുള്ളതിനാലാണ്. രാജ്യമെങ്ങും തകർന്നടിഞ്ഞു കൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് സിപിഎം. എന്ത് ചെയ്താൽ അണികളെ പിടിച്ചു നിർത്താം എന്ന ആശയക്കുഴപ്പത്തിലാണ് സിപിഎം നേതൃത്വം. ചെയ്യുന്നതൊന്നും വിജയിക്കാത്തതിന്റെ ജാള്യത മറയ്ക്കാനാണ് ആർഎസ്എസ്- ബിജെപി പ്രവർത്തകർക്കെതിരെ ആയുധമെടുക്കാൻ സംസ്ഥാന സെക്രട്ടറി തന്നെ ആഹ്വാനം ചെയ്യുന്നതെന്നും കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.

പാര്‍ട്ടിക്കുള്ളിൽ ശക്തനായ പിണറായിയുടെ നേതൃത്തിൽ അധികാരം കിട്ടിയിട്ടും അണികൾക്കും ജനങ്ങൾക്കും പ്രതീക്ഷയോ ആത്മവിശ്വാസമോ നൽകുന്ന ഒരു നടപടിയും ഇടത് സർക്കാരിനായിട്ടില്ല. പിണറായിയുടെ ഏകാധിപത്യ രീതിയിൽ സഹമന്ത്രിമാർ അസംതൃപ്തരാണ്. മുഖ്യമന്ത്രിക്ക് കണ്ണൂർ ലോബിയെ മാത്രമാണ് വിശ്വാസം. ഇതിനെതിരെ പാർട്ടിക്കുള്ളിൽ അസംതൃപ്തി പുകയുകയാണ്. ഇടതു ഭരണത്തിൻ കീഴിൽ മുമ്പൊരിക്കലും സംഭവിക്കാത്ത രീതിയിൽ പാർട്ടി സെക്രട്ടറിയും എ കെ ജി സെന്ററും അവഗണിക്കപ്പെട്ടിരിക്കുന്നു. ഇതിൽ നിന്നൊക്കെ ശ്രദ്ധ തിരിക്കാനാണ് പാർട്ടി സെക്രട്ടറി തന്നെ പ്രകോപനപരമായ പ്രസ്താവനയുമായി കളം നിറയാൻ ശ്രമിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ വരമ്പത്ത് കൂലി പ്രസംഗത്തിനു ശേഷമാണ് ഏറക്കാലത്തിന് ശേഷം കണ്ണൂരിൽ അക്രമം വ്യാപകമായത്. ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിയെ വിശ്വാസത്തിലെടുക്കാത്ത കോടിയേരി അക്രമത്തിന് പ്രേരണ നൽകി അണികളെ കൂടെ നിർത്താനുള്ള ശ്രമത്തിലാണെന്നും കുമ്മനം ആരോപിച്ചു.

ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പത്തനംതിട്ടയിലെ കോടിയേരിയുടെ പ്രസംഗം. രാജ്യത്ത് നിലവിലുള്ള എല്ലാ നിയമങ്ങളും പാലിച്ച് അനുമതിയോടെ നടക്കുന്ന ആർഎസ്എസ് പ്രവർത്തനം റെഡ് വാളന്റിയർമാരെ ഉപയോഗിച്ച് തടയുമെന്ന കോടിയേരിയുടെ പ്രസ്താവന കലാപത്തിനുള്ള ആഹ്വാനം അല്ലെങ്കിൽ മറ്റെന്താണ്? ഇത് സമാധാനത്തിനു നേരെയുള്ള വെല്ലുവിളിയാണ്. ഒപ്പം സ്വന്തം മുഖ്യമന്ത്രിയെ വിശ്വാസമില്ലെന്ന പ്രഖ്യാപനവും. അധികാരത്തിന്റെ ഹുങ്കിൽ അമ്പലങ്ങള്‍ കയ്യേറാമെന്ന സിപിഎം ആഗ്രഹം വിലപ്പോവില്ല. ഇതിനെ അർഹിക്കുന്ന ഗൗരവത്തിൽ പൊതുസമൂഹം കൈകാര്യം ചെയ്യുമെന്ന് തന്നെയാണ് ബിജെപി വിശ്വസിക്കുന്നത്. ആർഎസ്എസ് നടത്തുന്നത് രഹസ്യ പ്രവർത്തനമല്ല. ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല. പെട്ടെന്നൊരു ദിവസം ആർഎസ്എസിനെ ശാഖകളിൽ കയറി ശാരീരികമായി നേരിടുമെന്ന് പറയുന്ന കോടിയേരിയുടെ പ്രസ്താവന കേരളത്തിന്റെ സമാധാന നില തകർക്കാനേ ഉപകരിക്കൂ. പാർട്ടി സെക്രട്ടറിയുടെ പ്രസംഗം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തന്നെ കണ്ണൂരിൽ അത് പരീക്ഷിക്കപ്പെട്ടു. നിരപരാധിയായ ആർഎസ്എസ് പ്രവർത്തകനെ ഇല്ലാതാക്കിയ സിപിഎം പ്രവർത്തകർ തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണ്. ആശയത്തെ ആയുധം കൊണ്ട് നേരിടുക നമ്മുടെ ശൈലിയല്ലാത്തതിനാൽ ആരും പ്രതിഷേധത്തിന് ജനാധിപത്യ മാർഗ്ഗം ഉപേക്ഷിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. കേരളത്തിലെ ക്രമസമാധാനം ഭദ്രമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മലയാളികളെ പരിഹസിക്കാനുള്ളതാണ്. ഇനിയുളള നാളുകളിലും ഇങ്ങനെയാണ് ക്രമസമാധാന നില ഭദ്രമാക്കാൻ പോകുന്നതെങ്കിൽ സിപിഎം അതിന് വലിയ വില നൽകേണ്ടി വരുമെന്നും കുമ്മനം മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button