ജിദ്ദ: സൗദിയില്‍ നിതാഖാത് കൂടുതല്‍ ശക്തമാക്കുന്നു. മൊബൈല്‍ഫോണ്‍ രംഗത്ത് പൂര്‍ണ നിതാഖാത് വെള്ളിയാഴ്ച പ്രാബല്യത്തിലാകുന്നു. ടെലികോം രംഗത്ത് വിദേശികളെ പൂര്‍ണമായും ഒഴിവാക്കി സ്വദേശിവത്കരണം ഉറപ്പാക്കാണ് സൗദി തൊഴില്‍മന്ത്രാലയത്തിന്റെ തീരുമാനം. ഇതോടെ ജോലിനഷ്ടമാകുമെന്ന ഭീതിയില്‍ കൂടുതല്‍ മലയാളികള്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങി.
മൊബൈല്കടകളിലെ ജോലിയില്‍ തുടര്‍ന്നാല്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നാണ് ആശങ്ക. മറ്റു ജോലികിട്ടുമെന്ന പ്രതീക്ഷയില്‍ സൗദിയില്‍ പലയിടങ്ങളിലായി ചിലര്‍ തങ്ങുന്നുമുണ്ട്. മൊബൈല്‍ഫോണ്‍ രംഗത്ത് പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കാന്‍ സപ്തംബര്‍ രണ്ടുവരെയാണ് സര്‍ക്കാര്‍ സമയം അനുവദിച്ചിരുന്നത്.
ഇതുമായി ബന്ധപ്പെട്ട് തൊഴില്‍മന്ത്രാലയം സൗദിയില്‍ പരിശോധന വ്യാപകമാക്കി.
പരിശോധന കര്‍ശനമായതോടെ രണ്ടായിരത്തിലേറെ മൊബൈല്ഫോണ്കടകള് പൂട്ടിയിട്ടുണ്ട്. ഈകടകളില് ജോലിചെയ്തിരുന്ന നൂറുകണക്കിന് മലയാളികള്‍ക്ക് തൊഴില്‍ നഷ്ടമായി. മൊബൈല്കടകള്ക്കുപുറമേ അറ്റകുറ്റപ്പണി നടത്തുന്ന കേന്ദ്രങ്ങളിലെയും വിദേശികളെ ഒഴിവാക്കുകയാണ്. പല കടയുടമകളും സ്റ്റോക്ക് കുറയ്ക്കുകയാണ്.
അതിനിടെ, ഫോണ്കടകളെ ഇലക്ട്രോണിക്സ്, ഫാന്‍സി കടകളാക്കി മാറ്റാന്‍ ചിലര്‍ ശ്രമം നടത്തുന്നുണ്ട്. ഇതിനായി ലൈസന്‍സ് എടുക്കണം. അത്ര എളുപ്പമായിരിക്കില്ല കാര്യങ്ങളെന്നാണ് സൂചന. മാത്രമല്ല, ലൈസന്‍സ് ഇല്ലാത്ത കടകളില്‍ ഫോണ്‍വില്‍പ്പന കണ്ടെത്തിയാല്‍ പിഴ ചുമത്തലും നാടുകടത്തലും ഉള്‍പ്പെടെ വന്‍ ശിക്ഷകളുണ്ടാകും.
സ്വദേശിവത്കരണത്തിന്റെ ഭാഗമായി സൗദി സ്വദേശികള്‍ക്ക് മൊബൈല്‍ഫോണുമായി ബന്ധപ്പെട്ട മേഖലയിലെല്ലാം സര്ക്കാര്നേതൃത്വത്തില് പരിശീലനം നല്‍കിവരികയാണ്.
Post Your Comments