KeralaNews

വീട്ടില്‍ നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടികള്‍ പൊലീസിന്റെ വലയില്‍ : ഒളിച്ചോടിയതിന് പിന്നിലെ കാരണം ആരാഞ്ഞപ്പോള്‍ കുഴങ്ങിയത് വീട്ടുകാര്‍

കോട്ടയം:സ്‌കൂളിലേക്കു പോയി വഴി മധ്യേ ഒളിച്ചോടിയ ഒമ്പതാം ക്ലാസുകാരിയും പതിനൊന്നാം ക്ലാസുകാരിയും പിടിയില്‍. അച്ഛന്റെ എടിഎമ്മില്‍നിന്നു പണം മോഷ്ടിച്ചതു പിടിക്കപ്പെടുമെന്നു ഭയന്നാണു വീടുവിട്ടിറങ്ങിയതെന്ന് പിടിയിലായ ഒമ്പതാം ക്ലാസുകാരി പൊലീസിനു മൊഴിനല്‍കി. കാമുകനോടു സംസാരിക്കാന്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാനാണ് അച്ഛന്റെ എടിഎമ്മില്‍നിന്നു പണമെടുത്തതെന്നും പെണ്‍കുട്ടി പറഞ്ഞു. പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന കൂട്ടുകാരിയാണ് പണമെടുക്കാനുള്ള വിദ്യ പറഞ്ഞുകൊടുത്തത്. ഈ പെണ്‍കുട്ടിയൊടൊപ്പമാണ് ഒമ്പതാം ക്ലാസുകാരി വീടുവിട്ടിറങ്ങിയത്. കോട്ടയം പാമ്പാടിയിലാണു സംഭവം.

സ്‌കൂളിലേക്കു പോകുന്നവഴിക്കാണ് പണം പിന്‍വലിച്ചത്. എന്നാല്‍ പണം പിന്‍വലിച്ചതായി ഫോണില്‍ സന്ദേശം വന്നതോടെ അച്ഛന്‍ പൊലീസില്‍ പരാതിപ്പെടാന്‍ പോവുകയാണെന്നു പെണ്‍കുട്ടി അറിഞ്ഞു. തുടര്‍ന്ന് തൊട്ടടുത്ത ദിവസം പണം പിന്‍വലിക്കാന്‍ സഹായിച്ച കൂട്ടുകാരിയെയും കൂട്ടി നാടുവിട്ടുപോകാന്‍ പെണ്‍കുട്ടി തീരുമാനിക്കുകയായിരുന്നു. എരുമേലി സ്വദേശികളാണ് ഇരുവരും.

സ്‌കൂളിലേക്കെന്ന പേരില്‍ ഇറങ്ങിയ രണ്ടു കുട്ടികളും സുഹൃത്തിന്റെ വീട്ടില്‍ കയറി വസ്ത്രം മാറി. രണ്ടുപേരും സ്‌കൂളിലെത്തിയില്ല. അതേദിവസം തന്നെ സ്‌കൂളില്‍ ഹാജരാകാത്ത കുട്ടികളെ കണ്ടെത്താന്‍ പൊലീസ് പരിശോധനയും നടത്തിയിരുന്നു. ആബ്‌സന്റായ കുട്ടികളുടെ പട്ടിക സ്‌കൂള്‍ അധികൃതര്‍ പൊലീസിനു കൈമാറി. വീട്ടില്‍ വിളിച്ചു ചോദിച്ചപ്പോള്‍ മക്കള്‍ സ്‌കൂളില്‍ ഹാജരാകാത്ത കാര്യം അറിയില്ലെന്നു വീട്ടുകാര്‍ മറുപടി നല്‍കി.

തുടര്‍ന്നു പെണ്‍കുട്ടികളെ കണ്ടെത്താന്‍ പൊലീസ് രംഗത്തിറങ്ങുകയായിരുന്നു. കുട്ടികളെ കാണാനില്ലെന്നു രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷിച്ചപ്പോള്‍ കെ കെ റോഡിലൂടെ കോട്ടയം ലക്ഷ്യമാക്കി യാത്ര ചെയ്യുന്നതായി തിരിച്ചറിഞ്ഞു. ടവര്‍ ലൊക്കേഷന്‍ ലഭിച്ചതോടെ പാമ്പാടി സി ഐ സാജു വര്‍ഗീസ്, എസ് ഐ എം ജെ അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് പാമ്പാടിയില്‍ ബസുകളില്‍ പരിശോധന ആരംഭിച്ചു.

പാമ്പാടി ബസ് സ്റ്റാന്‍ഡില്‍നിന്നു കോട്ടയം ബസില്‍ കയറിയ രണ്ടു പെണ്‍കുട്ടികളെയും പൊലീസ് കൈയോടെ പിടികൂടുകയായിരുന്നു. പൊലിസ് ചോദിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ ആദ്യം പേരുമാറ്റിപ്പറഞ്ഞു രക്ഷപ്പെടാന്‍ നോക്കി. പൊലീസ് സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടികള്‍ എല്ലാം സമ്മതിക്കുകയായിരുന്നു. ഇരുവരും കാമുകരുമായി മൊബൈല്‍ ഫോണ്‍ സംഭാഷണം പതിവായിരുന്നു. ഇതിന് പണം കണ്ടെത്താന്‍ ഒന്‍പതാം ക്ലാസിലെ കുട്ടി അച്ഛന്റെ എ.ടി.എം. കാര്‍ഡെടുത്ത് പണം പിന്‍വലിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് പണമെടുക്കാന്‍ കുട്ടിയെ സഹായിച്ചത്. ഫോണില്‍ പണം പിന്‍വലിച്ച സന്ദേശമെത്തിയതോടെ കാര്യമറിയാതെ പോലീസില്‍ പരാതി നല്‍കാന്‍ അച്ഛന്‍ തയ്യാറെടുത്തു. ഇതറിഞ്ഞ് ഒളിച്ചോടാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് കുട്ടികള്‍ പോലീസിനോട് പറഞ്ഞു. പിന്നീട് പാമ്പാടി പോലീസ് കുട്ടികളെ എരുമേലി പോലീസിന് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button