മലപ്പുറം: ബാലാവകാശ കമ്മീഷന്റെ ഇടപെടൽ മൂലം ‘കുട്ടിപ്പട്ടാളം ‘ അവസാനിച്ചു. സാമൂഹിക പ്രവര്‍ത്തകനായ വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി ഹാഷിം കൊളമ്പന്‍ കഴിഞ്ഞ വര്‍ഷം ബാലാവകാശ കമ്മീഷനെ മൂന്നു മുതല്‍ അഞ്ച് വരെ പ്രായക്കാരായ കുട്ടികളുടെ നിഷ്കളങ്കത ചൂഷണം ചെയ്യുന്ന ഇത്തരം പരിപാടികള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സമീപിച്ചതിനെ തുടർന്ന് ചാനൽ ആ പരിപാടിക്ക് തിരശീലയിട്ടു. പിഴവുകളറിയാതെയുള്ള കൊച്ചുവായിലെ വലിയ വര്‍ത്തമാനമാണ് ഇത്തരം പ്രോഗ്രാമുകളില്‍ നടക്കുന്നത് . താനിങ്ങനെയൊക്കെ പറയുന്നതാണ് നാലാളുകളുടെ മുന്നില്‍ തനിക്ക് കൈയടി കിട്ടാനുള്ള വഴിയെന്ന് കുട്ടികളുടെ മനസ്സില്‍ പതിയുകയാണ്. ഇതിന്റെ ആവര്‍ത്തനമായിരിക്കും അവര്‍ വളരുമ്പോഴും തുടരുന്നത് ഹാഷിം പറയുന്നു.
ഇത് കഴിഞ്ഞ ഏപ്രില്‍ 24 മുതല്‍ സംപ്രേഷണം ചെയ്യുന്നില്ല.ഗുണപരമായ മാറ്റങ്ങളോടെ ‘കുട്ടിപ്പട്ടാളം’ തുടരാന്‍ കമ്മീഷൻ ചാനലിന് അനുമതി നല്‍കിയെങ്കിലും പരിപാടി നിര്‍ത്തിയതായി അറിയിച്ച് ഇവര്‍ സത്യവാങ്മൂലം നല്‍കി. എട്ട് പേജുള്ള പരാതി 2015 ജൂണ്‍ 13ന് ഹാഷിം കമ്മീഷന് നല്‍കി. കുട്ടികളെക്കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കാനായി എന്തും പറയിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ദ്വയാര്‍ഥമുള്ളവയാണ് ചോദ്യങ്ങള്‍ പലതും. പങ്കെടുക്കുന്ന കുട്ടികളെക്കാള്‍ ഇതു കണ്ടുകൊണ്ടിരിക്കുന്ന അനേകായിരം കുട്ടികളെയാണ് ഇത്തരം പരിപാടികള്‍ കൂടുതല്‍ ബാധിക്കുന്നത്. തങ്ങള്‍ക്കും ഇത്തരം പരിപാടികളില്‍ പങ്കാളികളാകണമെന്ന ബോധം അവരിലുണ്ടാവുകയാണ്. അതിനുവേണ്ടി ഇപ്പോള്‍ പങ്കെടുത്തവര്‍ എന്തൊക്കെ ചെയ്‌തോ അതൊക്കെ മറ്റുകുട്ടികളും അനുകരിക്കുകയാണ്. അതിനു വേണ്ടുന്ന പ്രോത്സാഹനം മാതാപിതാക്കളും നല്‍ക്കുന്നു. അവര്‍ വരുംവരായ്കകളെ കുറിച്ച് ചിന്തിക്കുന്നേയില്ല.അവരെ തിരുത്താന്‍ വീടുകളില്‍ അളുമില്ല എന്നാണ് ഹാഷിം പറയുന്നത്.
കമ്മീഷൻ പരാതിയിന്മേൽ നാല് തവണയാണ് തിരുവനന്തപുരത്ത് ഇതുമായി ബന്ധപ്പെട്ട് സിറ്റിങ് നടന്നത്. അവസാന സിറ്റിങ്ങില്‍ എതിര്‍ഭാഗവും ഡി.വി.ഡികള്‍ കൊണ്ടുവന്നിരുന്നു. ഇവയും പരിശോധിച്ച കമ്മീഷൻ മാനസിക പീഡനം നടക്കുന്നുവെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന നിരീക്ഷണത്തിലത്തെി. ഇതിനിടെ ചൈല്‍ഡ് സൈക്കോളജിസ്റ്റിന്‍െറയും സൈക്യാട്രിസ്റ്റിന്‍െറയും അഭിപ്രായവും ആരാഞ്ഞു. കുട്ടികളെ പ്രചോദിപ്പിക്കുന്നതല്ല ‘കുട്ടിപ്പട്ടാള’മെന്ന് ഇവരും വ്യക്തമാക്കിയതായി കമ്മീഷന്‍ അംഗം ഗ്ളോറി ജോര്‍ജ് വ്യക്തമാക്കി.ഒരു വര്‍ഷത്തിലധികം നീണ്ട പോരാട്ടം വിജയിച്ചതില്‍ സന്തോഷമുണ്ടെന്നും ടി.വി സീരിയലുകളും ഇത്തരത്തില്‍ നിയന്ത്രിക്കേണ്ടതുണ്ടെന്നും ഹാഷിം പറഞ്ഞു.
Post Your Comments