ആഗസ്ത് 28 മഹാത്മാ അയ്യൻകാളിയുടെ 154 മത് ജന്മദിനം. ഇത്തവണത്തെ പ്രത്യേകതകൾ രണ്ടാണ്. (1) ഇക്കണ്ടകാലമത്രെയും അയ്യങ്കാളി ജയന്തി അദ്ദേഹത്തിന്റെ പിറന്നാൾ ദിവസമായ ചിങ്ങമാസത്തിലെ അവിട്ടത്തിനാണ് ആഘോഷിച്ചിരുന്നത്. ഇത്തവണ ജന്മദിനമായ ആഗസ്ത് 28 നും ആഘോഷിക്കുന്നു. (2) ഇത്രയും കാലം പുലയ മഹാസഭക്കാർ മാത്രമേ അയ്യങ്കാളിയെ അനുസ്മരിച്ചിരുന്നുള്ളു. ഈവർഷം ഇതാദ്യമായി മാർക്സിസ്റ്റുകാർ സഖാവ് അയ്യങ്കാളിയെ ഏറ്റെടുത്തിരിക്കുന്നു.
സഖാവ് ഇ.എം.എസ്. എഴുതിയ ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന പുസ്തകത്തിൽ അയ്യങ്കാളിയെക്കുറിച്ചു വിദൂര പരാമർശം പോലും ഇല്ല. പരശുരാമൻ മഴുവെറിഞ്ഞു മലയാള ബ്രാഹ്മണർക്ക് പതിച്ചുകൊടുത്ത കേരളത്തിൽ അയ്യൻകാളിക്ക് എന്ത് പ്രസക്തി?
സി.പി.എം. പോളിറ്റ് ബ്യുറോയിൽ നാളിതുവരെ ഒരൊറ്റ പട്ടികജാതിക്കാരനും അംഗമായിട്ടില്ല. കേന്ദ്ര കമ്മിറ്റിയിലും ഭൂരിപക്ഷം ബ്രാഹ്മണ, കായസ്ഥ, ഭൂമിഹാർ, നായർ സഖാക്കളാണ്; ന്യൂനപക്ഷം ഈഴവരാദി പിന്നോക്കക്കാരും വിരലിലെണ്ണാവുന്ന ദളിതരും.
ഇപ്പോൾ നിങ്ങൾ ചോദിക്കും സി.പി.ഐ. യുടെ കേന്ദ്ര എക്സിക്യു്ട്ടീവിൽ എത്ര പട്ടികജാതിക്കാരുണ്ടെന്ന്. സഖാവ് പി.കെ.കൊടിയൻ മുൻപ് ഉണ്ടായിരുന്നു. ഡി.രാജ ഇപ്പോഴുമുണ്ട്.
മാർക്സിസ്റ്റു പാർട്ടിയിലെയും എസ്.എഫ്.ഐയിലെയും സവർണ്ണ മേധാവിത്വത്തിൽ പ്രതിഷേധിച്ചു രാജി വെച്ചയാളാണ് രോഹിത് വെമുല. ആത്മഹത്യ ചെയ്തശേഷം അദ്ദേഹത്തെ പാർട്ടിയും എസ്.എഫ്.ഐയും തിരിച്ചേറ്റെടുത്തു. ഇപ്പോൾ നാട്ടിലെങ്ങും വെമുലയുടെ ഫ്ളക്സ് വെച്ച് പൂജിക്കുന്നു. (മരണശേഷം എം.വി.രാഘവനെ തിരിച്ചെടുത്തു, മകനെ പാർട്ടി ചിഹ്നത്തിൽ സ്ഥാനാത്ഥിയുമാക്കി. പിന്നെയല്ലേ രോഹിത് വെമുല)
ജീവിച്ചിരുന്നകാലത്തു കമ്മ്യൂണിസ്റ്റുകാർ ഡോ: അംബേദ്ക്കറെ അവഗണിച്ചു. മരണശേഷവും അത് തുടർന്നു. മാർക്സിസ്റ്റ് പാർട്ടി നാളിതുവരെ അദ്ദേഹത്തെ ഒരു സാമൂഹ്യ പരിഷ്ക്കർത്താവായിട്ടുപോലും അംഗീകരിച്ചിട്ടില്ല.
വരുന്ന ഏപ്രിൽ 14 ആകുമ്പോഴേക്കും പാർട്ടിക്ക് മാനസാന്തരം ഉണ്ടാകാൻ ഇടയുണ്ട്. അങ്ങനെയെങ്കിൽ ബാബാ സാഹിബ് അംബേദ്ക്കർ സഖാവ് അംബേദ്ക്കർ ആയി മാറും.
Post Your Comments