പെരിന്തല്‍മണ്ണ● ഒരു വശം തളര്‍ന്ന ഗൃഹനാഥനും എല്ലാ പ്രതീക്ഷകളും തകര്‍ന്ന ഭാര്യയും ഒരു മകളും ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ ഒറ്റമുറിവീട്ടില്‍ നിരാലംബരായി കഴിയുന്നു. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ മുൻസിപ്പാലിറ്റിയിൽ പാതായ്ക്കര വില്ലേജിൽ ഒലിങ്കര സഹകരണ സ്കൂളിന് അടുത്ത് താമസിക്കുന്ന മുഹമ്മദ്, ഭാര്യ ജമീല മകൾ ആറാം ക്ലാസുകാരി ഹിബ (11) എന്നിവരാണ് അടച്ചുറപ്പില്ലാത്ത, കാറ്റോ മഴയോ വന്നാല്‍ ഏത് നിമിഷവും നിലംപൊത്താവുന്ന ഒറ്റമുറിയില്‍ ഭീതിയോടെ കഴിയുന്നത്. ഭക്ഷണം പാകം ചെയ്യുന്നതും കിടക്കുന്നതുമൊക്കെ ഈ ഒറ്റമുറിയില്‍ തന്നെ.
രോഗബാധിതനായ മുഹമ്മദ് കണ്ണിന്റെ ശാസ്ത്രക്രീയയ്ക്ക് ശേഷം ജോലിയ്ക്ക് പോകുന്നുണ്ടായിരുന്നില്ല. സമീപത്തെ ഒരു പള്ളിയില്‍ കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്തുകൊടുക്കുന്ന ജോലിയ്ക്ക് പോയായിരുന്നു ജമീല കുടുംബം പുലര്‍ത്തിയിരുന്നത്. ഇതിനിടെയാണ് പക്ഷാഘാതം വന്ന് മുഹമ്മദ് ഒരു വശം തളര്‍ന്ന് കിടപ്പിലായത്. ഭര്‍ത്താവിന്റെ ശ്രുശൂഷക്കായി മുഴുവന്‍ സമയവും ഒപ്പം വേണ്ടതിനാല്‍ ജമീലയ്ക്കും ജോലിയ്ക്ക് പോകാന്‍ കഴിയാതെയായി. ഇതോടെ ഏകവരുമാനവും നിലച്ച കുടുംബം ചികിത്സയ്ക്കും നിത്യചെലവിനുമായി ഏറെ ബുദ്ധിമുട്ടുകയാണ്.
രണ്ട് മാസം മുന്‍പ് മുസ്ലിം ലീഗിന്റെ ഭാവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മിച്ച് നല്‍കാമെന്ന വാഗ്ദാനവുമായി ലീഗ് നേതാവ് ബൈത്തു റഹ്മാന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു മടങ്ങിയെങ്കിലും നാളിതുവരേയും ഇക്കാര്യത്തില്‍ തുടര്‍നടപടിയുണ്ടായിട്ടില്ല.
ചികിത്സയ്ക്കും നിത്യചെലവിനും വകയില്ലാതെ ബുദ്ധിമുട്ടുന്ന കുടുംബം സര്‍ക്കാരിന്റേയും നാട്ടുകാരുടേയും സഹായത്തിനായി കാത്തുനില്‍ക്കുകയാണ്. കരുണ വറ്റാത്ത ഉദാരമതികളിലും സര്‍ക്കാരിലുമാണ് ദുരിതക്കയത്തിലായ ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷ.
Post Your Comments