India

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് എബിപി സര്‍വ്വേ

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് എബിപി സര്‍വ്വേ. അടുത്തവര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ ബിജെപിയും സമാജ്‌വാദി പാര്‍ട്ടിയും മുന്നേറ്റമുണ്ടാക്കുമെന്നാണ് അഭിപ്രായസര്‍വ്വേ. എബിപി ന്യൂസും സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസ് (സിഎസ്ഡിഎസ്)ന് കീഴിലുള്ള ലോക്‌നീതിയും ചേര്‍ന്നാണ് സര്‍വേ നടത്തിയത്. ജൂലൈ 23 മുതല്‍ ഈ മാസം ഏഴ് വരെയാണ് സര്‍വേ നടത്തിയത്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ 403 അംഗങ്ങളുള്ള യുപി നിയമസഭയില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് 141 മുതല്‍ 151 സീറ്റ് വരെ ലഭിക്കും. ബിജെപിക്ക് 124 നും 134നും ഇടയില്‍ സീറ്റ് നേടാനാകും. മായാവതിയുടെ ബിഎസ്പിയ്ക്ക് 103 മുതല്‍ 113 സീറ്റ് വരെ ലഭിക്കൂ. കോണ്‍ഗ്രസ് എട്ട് മുതല്‍ 14 സീറ്റുകളും മറ്റുള്ളവര്‍ ആറ് മുതല്‍ 12 വരെ സീറ്റും നേടും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനത്തില്‍ 68 % പേര്‍ തൃപ്തി രേഖപ്പെടുത്തി. എന്നാല്‍ അച്ഛാദിന്‍ കൊണ്ടുവരുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടുവെന്ന് ഭൂരിപക്ഷംപേരും അഭിപ്രായപ്പെട്ടു. മോദി പ്രചരണത്തിനിറങ്ങിയാല്‍ തങ്ങളുടെ മനസു മാറുമെന്നു പറഞ്ഞവരും കുറവല്ല. സര്‍വേയില്‍ പങ്കെടുത്തവരില്‍ 30% പേര്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ തങ്ങള്‍ എസ്പിക്ക് വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കി. 27% പേര്‍ ബിജെപി സഖ്യത്തിനൊപ്പം നിന്നു. കോണ്‍ഗ്രസിന് 5 % പിന്തുണ മാത്രമാണ് ലഭിച്ചത്.

2012ലെ നിയമസഭാ ഫലവുമായി തട്ടിക്കുമ്പോള്‍ ബിജെപിയാകും ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കുക. 11 % വോട്ടുകള്‍ ബിജെപിക്ക് കൂടുതല്‍ കിട്ടും. എസ്പിയുടെയും ബിഎസ്പിയുടെയും വോട്ടാണ് ബിജെപി പിടിക്കുക. അതേസമയം, ബിജെപിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടാക്കിയ നേട്ടം നിലനിര്‍ത്താനാവില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച 40 % പേരുടെയും വോട്ടുകള്‍ അവര്‍ക്ക് നിലനിര്‍ത്താനാകില്ല. ജാദവ്, യാദവ വിഭാഗങ്ങളുടെ വോട്ടുകളാകും നഷ്ടമാകുക. എന്നാല്‍ ബിഎസ്പിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കാള്‍ ഇരട്ടി നേട്ടം കൊയ്യാനാകും. 30 % വോട്ടുകള്‍ നേടി സമാജ്‌വാദി പാര്‍ട്ടി നേടും. ഏറ്റവും വലിയ ഒറ്റകക്ഷി എസ്പി തന്നെയായിരിക്കും. 27 % വോട്ടുകളുമായി ബിജെപി രണ്ടാമത്തെ വലിയ കക്ഷിയാകും. മായാവതിയുടെ ബിഎസ്പിക്ക് 26 % വോട്ടുവിഹിതം മാത്രമേ ലഭിക്കൂ.

അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ്പി സര്‍ക്കാരിനെതിരേ ജനവികാരമുണ്ടെങ്കിലും ഭരണവിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നത് അവരെ തുണയ്ക്കും. ആര്‍ക്കും കേവല ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ തൂക്കുസഭയായിരിക്കും ഉണ്ടാകുക. 134 വരെ സീറ്റുകള്‍ നേടി ബിജെപി വന്‍ മുന്നേറ്റമുണ്ടാക്കുമ്പോള്‍ കോണ്‍ഗ്രസ് നാമവശേഷമാകുമെന്നും സര്‍വേ അടിവരയിടുന്നു. എബിപി ന്യൂസും സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസ് (സിഎസ്ഡിഎസ്)ന് കീഴിലുള്ള ലോക്‌നീതിയും ചേര്‍ന്നാണ് സര്‍വേ നടത്തിയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button