IndiaSports

ജെയ്ഷയുടെ ആരോപണത്തിനെതിരെ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ

ന്യൂഡൽഹി: ജെയ്ഷ പറഞ്ഞത് വാസ്തവമല്ലെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍. മലയാളി താരം ഒ.പി.ജെയ്ഷയുടെ ആരോപണത്തിനെതിരെ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ രംഗത്തെത്തി. ഒളിമ്പിക് മാരത്തണിനിടെ വെള്ളം നല്‍കിയില്ലെന്നായിരുന്നു ആരോപണം. വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് ജെയ്ഷ ഉന്നയിച്ചത് മുഴുവനെന്ന് ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ജെയ്ഷയും കോച്ചും തങ്ങള്‍ നല്‍കിയ എനര്‍ജി ഡ്രിങ്ക് വേണ്ടെന്നുവയ്ക്കുകയായിരുന്നുവെന്ന് ഫെഡറേഷന്‍ പറഞ്ഞു.

ഓരോ രാജ്യങ്ങളും തങ്ങളുടെ മത്സരാര്‍ത്ഥികള്‍ക്കായി 42 കിലോമീറ്റര്‍ ഓട്ടത്തിനിടെ ഓരോ രണ്ടര കിലോമീറ്റര്‍ പൂര്‍ത്തിയാകുമ്പോഴും വെള്ളവും ഗ്ലൂക്കോസും എനര്‍ജി ജെല്ലുമെല്ലാം തയ്യാറാക്കി വച്ചിരുന്നുവെന്നും പക്ഷെ ഇന്ത്യന്‍ ഡെസ്‌ക്കുകളില്‍ രാജ്യത്തിന്റെ പേരും ദേശീയ പതാകയുമല്ലാതെ ഒരു തുള്ളി വെള്ളം പോലുമുണ്ടായിരുന്നില്ലെന്നുമാണ് ജെയ്ഷ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. സംഘാടക സമിതിയുടെ കുടിവെള്ള കൗണ്ടറുകള്‍ ഉണ്ടായിരുന്നത് ഓരോ എട്ട് കിലോമീറ്ററിലും മാത്രമാണ്. ഫിനിഷിങ് പോയിന്റില്‍ തളര്‍ന്നു വീണപ്പോള്‍ അവിടെ ഇന്ത്യന്‍ ഡോക്ടറോ മെഡിക്കല്‍ സംഘമോ ഉണ്ടായിരുന്നില്ലെന്നും ജെയ്ഷ പറഞ്ഞു.

ഓടിയെത്തി ട്രാക്കില്‍ തളര്‍ന്നുവീണ ജെയ്ഷയെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ഏഴ് ബോട്ടില്‍ ഗ്ലൂക്കോസ് കയറ്റിയശേഷമാണ് ഡിസ്ച്ചാര്‍ജ് ചെയ്തത്. ഫെഡറേഷന്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. ഓരോ രണ്ടര കിലോമീറ്ററിലും കുടിവെള്ള കൗണ്ടറുകള്‍ സംഘാടകര്‍ സ്ഥാപിച്ചിരുന്നു. ഓരോ ടീമിനും സ്വന്തമായി വെള്ളം വിതരണം ചെയ്യുന്ന ബൂത്തുകള്‍ സ്ഥാപിക്കാനുള്ള അധികാരവുമുണ്ടായിരുന്നു. ടീമിന്റെയും അത്‌ലറ്റിന്റെയും താത്പര്യപ്രകാരം പ്രത്യേക നിറത്തിലുള്ള ബൂത്തുകളായിരിക്കും ഇത്. ഇവര്‍ പാനിയം തിരഞ്ഞെടുത്തശേഷം അവ കുപ്പിയിലാക്കി അവരുടെ സാന്നിധ്യത്തില്‍ തന്നെ സീല്‍ ചെയ്ത് സംഘാടകരെ ഏല്‍പിക്കണം. എന്നിട്ടുവേണം പ്ലക്കാര്‍ഡുമായി അവ ബൂത്തുകളില്‍ വയ്ക്കാന്‍.

പക്ഷെ ജെയ്ഷയും കവിതയും അവരുടെ കോച്ച് നിക്കൊളായ് സ്‌നെസരെവും ഇത് നിഷേധിക്കുകയായിരുന്നു. തങ്ങള്‍ക്ക് വ്യക്തിപരമായി വേറെ പാനിയങ്ങളൊന്നും ആവശ്യമില്ലെന്നും വേണമെങ്കില്‍ സംഘാടകര്‍ നല്‍കുന്ന വെള്ളം കുടിച്ചോളാം എന്നുമാണ് ഇരുവരും പറഞ്ഞത്. ഇന്ത്യയുടെ പുരുഷ മാരത്തണ്‍ ഓട്ടക്കാര്‍ക്ക് സ്വന്തമാക്കി വെള്ളം വേണമെന്ന് അവരുടെ കോച്ച് സുരേന്ദര്‍ സിങ് ആവശ്യപ്പെടുകയും ഫെഡറേഷന്‍ അത് ലഭ്യമാക്കുകയും ചെയ്തിരുന്നു-ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. സംഘാടകര്‍ ഓട്ടക്കാര്‍ക്ക് വേണ്ട വൈദ്യസഹായം ലഭ്യമാക്കുന്നതിലും ഒരു വീഴ്ചയും വരുത്തിയിട്ടില്ല. ട്രാക്കില്‍ തളര്‍ന്നുവീണ് രണ്ട് മിനിറ്റിനുള്ളില്‍ തന്നെ വൈദ്യസംഘം എത്തുകയും ആസ്പത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button