തിരുവനന്തപുരം : സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സന്തോഷകരമായ വാര്‍ത്തയുമായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. സ്‌കൂളുകളില്‍ പെണ്‍കുട്ടികളെ മുടി രണ്ടായി വേര്‍തിരിച്ചു പിരിച്ചു കെട്ടാന്‍ നിര്‍ബന്ധിക്കരുതെന്ന് ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍, കുട്ടികളെ മാനസികമായും ആരോഗ്യപരമായും ദോഷമായി ബാധിക്കുന്ന തരത്തില്‍ മുടി വേര്‍തിരിച്ചു പിരിച്ചു കെട്ടാന്‍ നിര്‍ബന്ധിക്കുന്നത് ബാലാവകാശ ലംഘനമാണെന്നും കമ്മിഷന്‍ നീരീക്ഷിച്ചു. ഇക്കാര്യത്തില്‍ കൈക്കൊള്ളുന്ന നടപടി ഒരു മാസത്തിനകം അറിയിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
മുടി രണ്ടായി പിരിച്ചു കെട്ടണമെന്നു സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിക്കുന്നുവെന്നു കാണിച്ച് കാസര്‍കോട് ചീമേനി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് കമ്മിഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗങ്ങളായ കെ.നസീര്‍, സി.യു.മീന എന്നിവരുടെ നിര്‍ദേശം. പിരിച്ചു കെട്ടുന്നതു മൂലം മുടിക്കു ദുര്‍ഗന്ധം ഉണ്ടാവുകയും മുടിയില്‍ ചെറിയ കായകള്‍ രൂപപ്പെടുകയും തുടര്‍ന്നു മുടി പൊട്ടിപ്പോവുകയും ചെയ്യുന്നതായും ഇതൊഴിവാക്കാന്‍ പെണ്‍കുട്ടികള്‍ രാവിലെ കുളിക്കാതെ സ്‌കൂളിലെത്താന്‍ നിര്‍ബന്ധിതരാകുന്നതായും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
പെണ്‍കുട്ടികളെ മുടി രണ്ടായി വേര്‍തിരിച്ചു പിരിച്ചു കെട്ടാന്‍ നിര്‍ബന്ധിക്കരുതെന്ന് വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിക്കാന്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടര്‍, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ എന്നിവര്‍ക്കു കമ്മിഷന്‍ നിര്‍ദേശം നല്‍കി. എന്നാല്‍ സ്‌കൂളിലെ അച്ചടക്കത്തിന്റെ ഭാഗമായി കുട്ടികള്‍ മുടി കെട്ടി ഒതുക്കി വയ്ക്കണമെന്നു സ്ഥാപന മേധാവിക്കു നിഷ്‌കര്‍ഷിക്കാമെന്നും കമ്മിഷന്‍ വ്യക്തമാക്കി.
Post Your Comments