മുംബൈ: മുംബൈയിൽ നിന്ന് കൈക്കുഞ്ഞുമായി ബിസിനസുകാരനും കുടുംബവുമടക്കം അഞ്ചുപേർ ഐസിസിൽ ചേർന്നു. വിവാദ മതപ്രഭാഷകൻ സക്കീർ നായിക്കിന്റെ അനുയായി ഖുറേഷിയുടെയും മലയാളിയായ മുഹമ്മദ് ഹനീഫിന്റെയും പ്രലോഭനങ്ങളിൽ വീണ് മുംബൈയിൽ നിന്ന് മുൻനിര ബിസിനസുകാരനും കുടുംബവും ഉൾപ്പെടെ അഞ്ചുപേർ ഭീകരസംഘടനയായ ഐസിസിൽ ചേർന്നതായി റിപോർട്ടുകൾ.
കേരളത്തിൽ നിന്ന് ഇരുപതിലധികം പേർ ഐസിസിൽ ചേർന്നുവെന്ന റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി അന്വേഷണം നടക്കുന്നതിനിടയ്ക്കാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്. ജൂൺ മാസമാണ് ഇവരും കാണാതായതെന്ന് പറയുന്നു. കേരളത്തിൽനിന്ന് നിരവധിപേരുടെ തിരോധാനം ഉണ്ടായതും ഈ മാസംതന്നെയാണ്. ബിസിനസുകാരനായ അഷ്ഫഖ് അഹമ്മദ് (26), ഭാര്യ, കൈക്കുഞ്ഞായ മകൾ, ബന്ധുക്കളായ മുഹമ്മദ് സിറാജ് (22), ഇജാസ് റഹ്മാൻ (30) എന്നിവരാണ് ഐസിസിൽ ചേർന്നതായി സ്ഥിതീകരിച്ചത്.
ഇവർ അഷ്ഫഖിന്റെ ഇളയ സഹോദരന് മൊബൈലിൽ ഐസിസിൽ ചേരുന്നതിനായാണ് രാജ്യം വിട്ടതെന്നും തിരിച്ചുവരാൻ ആഗ്രഹിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി സന്ദേശം അയച്ചിരുന്നു. സന്ദേശത്തെ തുടർന്ന് ഇയാളുടെ പിതാവ് അബ്ദുൽ മജീദ് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.മകനെ ഐ എസിൽ ചേർക്കാൻ മുൻകൈയെടുത്തത് പാനൂരിൽ നിന്ന് പിടിയിലായ മുഹമ്മദ് ഹനീഫ് എന്ന ഇസ്‌ളാം മതപ്രഭാഷകൻ, അഷ്ഫഖിനൊപ്പം സിറിയ സന്ദർശിച്ച കേരളത്തിൽ നിന്നുള്ള അബ്ദുർ റഷീദ്, നവി മുംബയ് സ്വദേശിയായ ആർഷി ഖുറേഷി, കല്യാൺ സ്വദേശിയായ റിസ്‌വാൻ ഖാൻ എന്നിവരാണെന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നു.
ഇതേത്തുടർന്ന് മതസംഘടനകളുടെ പ്രവർത്തനങ്ങളിൽ മുംബൈ ഭീകരവിരുദ്ധ സ്‌ക്വാഡ് കൂടുതൽ നിരീക്ഷണങ്ങൾ നടത്തിവരികയാണെന്നും സമാനമായ രീതിയിൽ ഐസിസിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments