“I Worked hard…”
റിയോയിലെ വിജയത്തിളക്കത്തിന്റെ പിന്നിലുള്ള ഒരേയൊരു കാരണം സിന്ധുവിന്റെ ഈ മൂന്ന് വാക്കുകളില്‍ ഉണ്ട്. നൂറ്റിയിരുപത് കോടി ജനങ്ങളുടെ പ്രാര്‍ത്ഥനയുടെ വിജയം എന്നൊക്കെ ഊറ്റം കൊള്ളുന്നത് കേള്‍ക്കാന്‍ രസമുണ്ട്. പക്ഷെ നാഷണാലിറ്റി എന്ന കോളത്തില്‍ ഒരേ രാജ്യത്തിന്റെ പേര് പങ്കു വയ്ക്കുന്നവര്‍ എന്നതിനപ്പുറം കായിക മേഖലയിലെ ഈ താരങ്ങളുടെ ജീവിതത്തില്‍, അവരുടെ വളര്‍ച്ചയില്‍ നമ്മുടെ സംഭാവനയെന്ത് എന്ന ചോദ്യമുയരുന്നു. ഈ ഒരു വസ്തുത സത്യമായി നിലനില്‍ക്കുന്നിടത്തോളം ഇത് സിന്ധുവിന്റെയും സാക്ഷിയുടെയുമൊക്കെ കഠിനാധ്വാനത്തിന്റെ, അര്‍പ്പണ ബോധത്തിന്റെ, നിശ്ചയ ദാര്ഢ്യത്തിന്റെയൊക്കെ വ്യക്തിപരമായ വിജയം തന്നെയാണ് എന്നു മാത്രമേ പറയാന്‍ കഴിയൂ. ഒളിമ്പിക്സില്‍ മെഡല്‍ നേടുമ്പോള്‍ ഉണരുന്ന സ്നേഹവും ആവേശവും മാത്രമേ കായികരംഗത്തിനോട് ഇപ്പോഴും നമുക്ക് ഉള്ളൂ എന്ന് തുറന്നു സമ്മതിയ്ക്കേണ്ടി വരും.
കായികവിദ്യാഭ്യാസത്തിന് നമ്മുടെ കരിക്കുലത്തിലുള്ള അല്ലെങ്കില്‍ ജീവിതത്തില്‍ തന്നെയുള്ള പ്രാധാന്യം എന്താണ്? വിജയത്തോട് ചേര്‍ന്നുള്ള നമ്മുടെ സങ്കല്പങ്ങള് വരുമാന-സൌന്ദര്യാധിഷ്ഠിതമായത് കൊണ്ടും ആരോഗ്യം എന്ന ആശയത്തോട് ആഭിമുഖ്യം കുറവായത് കൊണ്ടും കായിക വിദ്യാഭ്യാസത്തോടുള്ള ഈ നിരാസം അടിസ്ഥാനതലത്തില്‍ നിന്നുതന്നെ തുടങ്ങുന്നു. വെയിലുകൊണ്ട് കറുത്ത് പോകും എന്നൊക്കെയുള്ള കാരണങ്ങള്‍ കൊണ്ട് കരിയര്‍ സ്വപ്നങ്ങളിലേയ്ക്ക് സ്പോര്‍ട്സ് കടന്നുവരാതെ പരമാവധി നോക്കും. എസ് എസ് എല്‍ സിയ്ക്ക് ഗ്രേസ് മാര്‍ക്ക് എന്ന ബോണസ് ഉള്ളതുകൊണ്ട് എന്‍ സി സിയും ഗൈഡും ഒക്കെ തിരഞ്ഞെടുക്കുന്നവര്‍ മേലനങ്ങി അധ്വാനിയ്ക്കേണ്ട ഈ മേഖലയിലേയ്ക്ക് തിരിഞ്ഞു പോലും നോക്കാറില്ല.
ഇന്ന് സിന്ധുവിന് വേണ്ടി ആര്‍പ്പു വിളിയ്ക്കുന്നവര്‍ ആരും തന്റെ മക്കളെ ഉയര്‍ന്ന വരുമാനവും സ്റ്റാറ്റസുമൊക്കെയുള്ള ഡോക്ടറാക്കണം എന്‍ജിനീയര്‍ ആക്കണം എന്നതിനപ്പുറം മക്കളെ രാജ്യത്തിന് അഭിമാനമാകുന്ന ഒരു കായികതാരമാക്കണം എന്ന് ആഗ്രഹിയ്ക്കാറില്ല.പിന്നെ ഇവരൊക്കെ എങ്ങനെ, എവിടുന്നു വന്നു? അതിനുത്തരമാണ് വിജയത്തിന്റെ നെറുകില്‍ നിന്നുകൊണ്ട് സിന്ധു പറഞ്ഞത്.
ഒളിമ്പിക്സ് എന്ന ഉയരത്തില്‍ എത്തുന്നതിനു മുന്‍പും ഇവര്‍ ഒരുപാട് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.ഇടയ്ക്കിടയ്ക്ക് മാധ്യമങ്ങളില്‍ കാണുന്ന പല ദേശീയ മത്സരങ്ങള്‍ക്കും പങ്കെടുക്കാന്‍ പോകുന്ന കായികതാരങ്ങള്‍ക്ക് ട്രെയിന്‍ ടിക്കറ്റ് കിട്ടിയില്ല,വൃത്തിഹീനമായ താമസസൗകര്യം,പരിശീലനത്തിന് ആളില്ല എന്നൊക്കെയുള്ള വാര്‍ത്തകള്‍ നമുക്ക് പെട്ടെന്ന് വായിച്ച് വിടാവുന്ന വെറും വാര്‍ത്തകള്‍ മാത്രമാണ്.ഇതുപോലെയുള്ള ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചാണ് അവര്‍ ഒളിമ്പിക്സില്‍ മാറ്റുരയ്ക്കുന്നത്.എത്രയൊക്കെ അവഹേളനങ്ങള്‍ സഹിച്ചാലും രാജ്യത്തിനു വേണ്ടി ഒരു മെഡല്‍ നേടി നെഞ്ചില്‍ തൊട്ടു നിന്ന് ദേശീയഗാനം ചൊല്ലുമ്പോള്‍,അതിന് ലോകം മുഴുവന്‍ കാതോര്‍ക്കുമ്പോള്‍ തോന്നുന്ന അഭിമാനത്തിന് അവര്‍ ഈ പുരസ്ക്കാരങ്ങളെക്കാള്‍ വിലമതിയ്ക്കുന്നുണ്ട്.അല്ലെങ്കില്‍ അവര്‍ അതിന് എല്ലാതരത്തിലും യോഗ്യരാണ്.
നമ്മളോ?കുറച്ചു നാള് മാത്രം നീണ്ടു നില്ക്കുന്ന ഈ രോമാഞ്ചത്തിന് ശേഷം എന്താണ് ബാക്കിയാവുന്നത്? ചോദ്യം സ്വയം ചോദിയ്ക്കേണ്ടതാണ്.
Post Your Comments