ധാക്ക: ഇന്ത്യന്‍ ടെലിവിഷന്‍ സീരിയലിനെചൊല്ലി ബംഗ്ലാദേശില്‍ ഗ്രാമവാസികള്‍ ഏറ്റുമുട്ടി. ഹബിഗഞ്ച് ജില്ലയില്‍ ഒരു റസ്റ്റോറന്റില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പ്രശസ്ത ബംഗാളി സീരിയലായ കിരണ്‍മാല കാണുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
മാനവരാശിയെ തിന്മയില് നിന്ന് രക്ഷിക്കുന്ന രാജകുമാരിയുടെ കഥയാണ് സീരിയലിന്റെ ഇതിവൃത്തം. സീരിയലിനെ ചൊല്ലി രണ്ടു പേര് തമ്മിലുണ്ടായ തര്‍ക്കം കൂട്ട അടിയിലെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കണ്ണീര് വാതകവും റബ്ബര്‍ ബുള്ളറ്റും ഉപയോഗിച്ചാണ് പോലീസ് ജനക്കൂട്ടത്തെ പിന്തിരിപ്പിച്ചത്. സംഭവത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും റസ്റ്റോറന്റ് അടിച്ച് തകര്‍ക്കുകയും ചെയ്തു.
ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകള്‍ ബംഗ്ലാദേശില്‍ സംപ്രേഷണം നടത്തുന്നതിനെതിരെ ചിലര്‍ സോഷ്യല്‍ മീഡിയ വഴി പ്രചരണം നടത്തിയിരുന്നു. മുസ്ലിം ഭൂരിപക്ഷ രാജ്യത്ത് തങ്ങളുടെ സംസ്കാരത്തിന് നിരക്കാത്തതാണ് ഇന്ത്യന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നതെന്നാണ് ഇവരുടെ വാദം.
ബംഗ്ലദേശില്‍ ഏറെ പ്രചാരമുള്ള സീരിയലാണ കിരണ്‍മാല. കഴിഞ്ഞ വര്‍ഷം സീരിയലിലെ രാജകുമാരി ധരിച്ചത് പോലുള്ള വസ്ത്രം മാതാപിതാക്കള്‍ വാങ്ങി നല്കാത്തതിതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ മൂന്ന് യുവതികള്‍ ആത്മഹത്യ ചെയ്തിരുന്നു.
Post Your Comments