KeralaNews

തിരുവനന്തപുരം , കണ്ണൂര്‍ അതിവേഗപാതയുടെ രൂപരേഖയിൽ മാറ്റം

തിരുവനന്തപുരം;തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍പാതയുടെ നിര്‍ദിഷ്ട അലൈന്‍മെന്റില്‍ മാറ്റം  വരുത്തുന്നതിനെക്കുറിച്ചു പരിശോധിക്കണമെന്നു സംസ്ഥാനം ഡി.എം.ആര്‍.സി.യോട് ആവശ്യപ്പെട്ടു.നഗരപ്രദേശങ്ങളിലൂടെ പാത കടന്നുപോകുമ്പോഴുള്ള നാശനഷ്ടവും മറ്റും ഒഴിവാക്കാനാണ് അലൈന്‍മെന്റില്‍ മാറ്റം വരുത്തുന്നതിനുള്ള സാധ്യത സർക്കാർ ആരായുന്നത് .നിലവിലുള്ള റെയില്‍പാതയ്ക്കു സമാന്തരമായോ മുകളിലൂടെയോ പുതിയ പാത നിര്‍മിക്കാനാകുമോയെന്നും സര്‍ക്കാര്‍ ഡി.എം.ആര്‍.സി.യോട് ചോദിച്ചിട്ടുണ്ട്.

നിലവിലുള്ള റെയില്‍പാതയ്ക്ക് കിഴക്കുമാറി നാല് മുതല്‍ എട്ട് കിലോമീറ്റര്‍ വരെ അകലത്തിലാണു പുതിയ പാത ഡി.എം.ആര്‍.സി. നിര്‍ദേശിച്ചിട്ടുള്ളത് .430 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 105 കിലോമീറ്റര്‍ ഭൂഗര്‍ഭ ടണലുകളിലൂടെയായിരിക്കും പാത കടന്നുപോകുക. പാത കടന്നുപോകുന്ന പ്രദേശങ്ങളില്‍ എത്ര ജനങ്ങളെ പദ്ധതി ബാധിക്കുമെന്നും പരമാവധി എത്രസ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്നും എത്ര കെട്ടിടങ്ങള്‍ പൊളിക്കേണ്ടിവരുമെന്നും തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ കൃത്യതയോടെയുള്ള വിവരങ്ങളാണു സര്‍ക്കാര്‍ ആരാഞ്ഞത്. 1,27,849 കോടി രൂപയാണു പദ്ധതിക്കു ചെലവു പ്രതീക്ഷിക്കുന്നത്. 2025 -26 ഓടെ 0.95 ലക്ഷം യാത്രക്കാര്‍ പ്രതിദിനം ഈ പാതയില്‍ ഉണ്ടാകുമെന്നാണു കണക്ക്.നിലവില്‍ നടത്തിയ പഠനപ്രകാരം തിരുവനന്തപുരത്തുനിന്ന് കൊല്ലത്തിന് 20, കൊച്ചിക്ക് 45, കോഴിക്കോടിന് 90 മിനിറ്റും കണ്ണൂരിന് രണ്ട് മണിക്കൂറുമാണു യാത്രയ്ക്കു വേണ്ടിവരിക.

നഗരപ്രദേശങ്ങളില്‍ ഭൂമി ഏറ്റെടുക്കേണ്ടിവരുമ്പോള്‍ കൂടുതല്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരും.കൂടാതെ എതിര്‍പ്പും ശക്തമായിരിക്കും.നിലവിലെ റെയില്‍പാതയോടുചേര്‍ന്നു രേഖയോ പട്ടയമോ ഇല്ലാതെ ധാരാളം അനധികൃത താമസക്കാരുണ്ട്. ഇവരുടെ കുടിയൊഴിപ്പിക്കലും തുടങ്ങിയ കാര്യങ്ങളും വിലയിരുത്തേണ്ടി വരും .നേരത്തെമുതല്‍ തന്നെ പുതിയ പാതയ്ക്ക് നിര്‍ദേശമുണ്ടെങ്കിലും കഴിഞ്ഞ ബജറ്റില്‍ തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ പാത ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചതോടെയാണ് പദ്ധതിക്ക് തുടക്കമായത്.സംസ്ഥാന അതിവേഗ റെയില്‍ കോര്‍പ്പറേഷനാണ് ഇത് സംബന്ധിച്ച് ഡി.എം.ആര്‍.സി.ക്ക് കത്തയച്ചത്. അതിവേഗ റെയില്‍പാതയ്ക്ക് സാധ്യതാ പഠനം നടത്തിയതും പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയതും ഡി.എം.ആര്‍.സി.യാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button