Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Editorial

പാക്-അധീന-കാശ്മീരില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്താന്‍ ഇന്ത്യ

ന്യൂഡല്‍ഹി: ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ ഇന്ത്യന്‍ സൈന്യം വധിച്ചതിനെത്തുടര്‍ന്ന്‍ കാശ്മീര്‍ താഴ്വരയില്‍ ഉടലെടുത്ത കലാപാന്തരീക്ഷത്തില്‍ നിന്ന്‍ മുതലെടുപ്പിന് ശ്രമിച്ച പാക് തന്ത്രത്തെ അതേ നാണയത്തില്‍ത്തന്നെ തിരിച്ചടി നല്‍കിക്കൊണ്ട് ഇന്ത്യ രംഗത്തു വന്നത് പാകിസ്ഥാന് ക്ഷീണമാവുകയാണ്. പാക് അധീന കാശ്മീരിനെ കേന്ദ്രീകരിച്ചാണ് ഇന്ത്യയുടെ മറുതന്ത്രം. ഇപ്പോള്‍ പാക്-അധീന-കാശ്മീരിലെ മുസഫറാബാദില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുമെന്ന പ്രഖ്യാപനത്തിലൂടെ ഈ തന്ത്രത്തില്‍ ഒരുപടി കൂടി മുന്നോട്ടു പോയിരിക്കുകയാണ് ഇന്ത്യ ഇപ്പോള്‍.

പാക്-അധീന-കാശ്മീരും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും, പാക്-അധീന-കാശ്മീരില്‍ പാകിസ്ഥാന്‍ തുടര്‍ച്ചയായി നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്ക് വന്‍സ്വീകാര്യതയാണ് ലഭിച്ചത്. നരേന്ദ്രമോദിയുടെ ഈ നീക്കം പാക്-അധീന-കാശ്മീരില്‍ പാക്കിസ്ഥാനാല്‍ അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളുടെ ശബ്ദമായി ലോകമെങ്ങും മാറ്റൊലി കൊള്ളുന്ന കാഴ്ചയാണ് നാമൊക്കെ ഇന്നലെ കണ്ടത്.

പാക്-അധീന-കാശ്മീരിലെ ബലോചിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകരായ ഹമ്മല്‍ ഹൈദറും, നൈല ഖദ്രിയും ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ടും അഭിനന്ദനമറിയിച്ചു കൊണ്ടും പരസ്യമായി രംഗത്തു വരികയും, ബലോച്, സിന്ധ് ജനങ്ങളുടെ നേര്‍ക്ക് കാലങ്ങളായി പാകിസ്ഥാന്‍ നടത്തുന്ന ക്രൂരക്രുത്യങ്ങളെപ്പറ്റി തുറന്നു പറയുകയും ചെയ്തത് ഇന്ത്യയുടെ തന്ത്രത്തിനുള്ള ഏറ്റവും വലിയ അംഗീകാരമായി.

മറ്റൊരു പാക്-അധീന-കാശ്മീര്‍ മേഖലയായ ഗില്‍ജിറ്റ് ബാള്‍ട്ടിസ്ഥാനെ പ്രതിനിധീകരിക്കുന്ന ഗില്‍ജിറ്റ്-ബാള്‍ട്ടിസ്ഥാന്‍ നാഷണല്‍ കോണ്‍ഗ്രസ് അമേരിക്കയില്‍ നിന്ന്‍ ആവശ്യപ്പെട്ടത് പാകിസ്ഥാനോട് പാക്-അധീന-കാശ്മീരില്‍ നിന്ന് പിന്മാറാനാണ്. അനുയോജ്യമായ സമയത്തുള്ള കൃത്യമായ ഇടപെടലിലൂടെ കാശ്മീരില്‍ ഉടലെടുത്ത സംഘര്‍ഷാവസ്ഥയെ മുതലെടുക്കാം എന്ന പാക് ഗൂഡമോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കുക മാത്രമല്ല ഇന്ത്യ ചെയ്തത്, ഇതുവരെയുള്ള ഒരിന്ത്യന്‍ ഗവണ്മെന്‍റും കാഴ്ചവച്ചിട്ടില്ലാത്ത ആര്‍ജ്ജവത്തോടെ പാക്-അധീന-കാശ്മീരിലെ മര്‍ദ്ദിതരും പീഡിതരുമായ ജനവിഭാഗങ്ങളുടെ പരിതാപകരമായ അവസ്ഥ ലോകത്തിന്‍റെ മുന്‍പില്‍ വെളിച്ചപ്പെടുത്തുക കൂടിയാണ്. അപ്രതീക്ഷിതമായ ഈ ഇന്ത്യന്‍ നീക്കത്തില്‍ പാകിസ്ഥാന് ഒന്ന്‍ പതറിയിട്ടുണ്ടെന്ന് വ്യക്തം.

കഴിഞ്ഞ നാല് മാസങ്ങളായി കാശ്മീര്‍ അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കാതെ, കാശ്മീരില്‍ ഇന്ത്യന്‍സേന മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കുകയാണെന്ന് നാഴികയ്ക്ക് നാല്‍പത് വട്ടം വിളിച്ച് പറഞ്ഞ് തങ്ങളുടെ കാശ്മീര്‍ പ്രോപ്പഗണ്ട നടപ്പിലാക്കുക എന്നതിലായിരുന്നു പാകിസ്ഥാന്‍റെ ശ്രദ്ധ മുഴുവന്‍. ഇതിനായി പാക്-അധീന കാശ്മീരില്‍ തിരഞ്ഞെടുപ്പ് എന്നപേരില്‍ നാടകം കളിക്കുകയും, കൃത്രിമമാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തി നവാസ് ഷരീഫിന്‍റെ പാര്‍ട്ടിയെ അവിടെ വിജയിപ്പിക്കുകയും ചെയ്തു. അതിന്‍റെ പേരും പറഞ്ഞ് മുസഫറാബാദില്‍ എത്തിയ നവാസ് ഷരീഫ് ഇന്ത്യയെ നല്ലവിധത്തില്‍ പ്രകോപിപ്പിച്ചതിനു ശേഷമാണ് അവിടെനിന്ന്‍ മടങ്ങിയത്. നവാസ് ഷരീഫ് പക്ഷേ, തിരികെ ഇസ്ലാമാബാദില്‍ എത്തുന്നതിനു മുമ്പേതന്നെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്‍റെ ചുട്ടമറുപടിയും വന്നു.

തുടര്‍ന്ന്‍ പാക്-മണ്ണില്‍ പാകിസ്ഥാന്‍ തീറ്റിപ്പോറ്റുന്ന അന്താരാഷ്‌ട്ര ഭീകരര്‍ മസൂദ് അസറും, ഹഫീസ് സയീദും കാഷ്മീരിനും, ബുര്‍ഹാന്‍ വാനിക്കും വേണ്ടി റാലികള്‍ സംഘടിപ്പിക്കാനും, പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്താനും തുടങ്ങി. കാശ്മീര്‍ താഴ്വരയിലേക്ക് വന്‍ജാഥയുടെ അകമ്പടിയോടെ കടന്നുവരുമെന്നു വരെ ഹഫീസ് സയീദ്‌ ഭീഷണി മുഴക്കി. ഇന്ത്യ പക്ഷേ ഈ ഭീകരരുടെ കോമാളിത്തരങ്ങളെ അര്‍ഹമായ അവജ്ഞയോടെ അവഗണിച്ചു കളഞ്ഞു.

തുടര്‍ന്നാണ്‌ പാക്-അധീന-കാശ്മീര്‍ ഇന്ത്യയുടെ ഭാഗം തന്നെയാണെന്ന സത്യം സധൈര്യം പ്രഖ്യാപിച്ചുകൊണ്ടും അവിടുത്തെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം ഉറപ്പുകൊടുത്തു കൊണ്ടും ഇന്ത്യന്‍ പ്രധാനമന്ത്രി തന്നെ രംഗത്തു വന്നത്. നാളിതുവരെയുള്ള ഒരിന്ത്യന്‍ പ്രധാനമന്ത്രി പോലും തങ്ങളോട് ഈ വിധത്തിലുള്ള പരിഗണനകള്‍ കാട്ടിയിട്ടില്ല എന്നും, അതിന് നരേന്ദ്രമോദിയെ അഭിനന്ദിക്കുകയും അദ്ദേഹത്തിന്‍റെ പിന്തുണയ്ക്ക് നന്ദി പറയുകയും ചെയ്യുന്നു എന്നാണ് ഹമ്മല്‍ ഹൈദര്‍ പ്രതികരിച്ചത്.

ഇപ്പോള്‍ മോദി മന്ത്രിസഭയിലെ ജൂനിയര്‍ മിനിസ്റ്ററായ ജിതേന്ദ്ര സിങ്ങാണ് മുസഫറാബാദിലെ കോട്ലിയില്‍ ത്രിവര്‍ണ്ണപതാക ഉയര്‍ത്തിയാലേ തന്‍റെ പാര്‍ട്ടി സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്ന “തിരംഗ യാത്രകള്‍ക്ക്” പൂര്‍ണ്ണത കൈവരൂ എന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഏതായാലും തങ്ങളുടെ സ്വാതന്ത്ര്യദിനം കാശ്മീരിന് സമര്‍പ്പിച്ച പാകിസ്ഥാനുള്ള ഉചിതമായ ഒരു മറുപടിയായി മാറി ജിതേന്ദ്രസിങ്ങിന്‍റെ ഈ പ്രസ്താവനയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button