കോഴിക്കോട് ● മദ്യലഹരിയില്‍ യു.എ.ഇയിലെ ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന എയര്‍ഇന്ത്യ വിമാനം പറത്തിയ മുതിര്‍ന്ന പൈലറ്റിനെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ എ.ഐ 988 വിമാനത്തിന്റെ പൈലറ്റാണ് പിടിയിലായത്.
എയര്‍ബസ് എ-320 വിമാനം ലാന്‍ഡ് ചെയ്തതിനുശേഷമുള്ള പരിശോധനയിലാണ് മദ്യം ഉപയോഗിച്ചതായി കണ്ടെത്തിയത്. വിമാനം പറത്തുന്നതിന് മുമ്പ് ഷാര്‍ജയില്‍ വച്ച് നടത്തിയ ബ്രീത്ത് അനലയ്‌സര്‍ പരിശോധനയില്‍ ഒന്നും കണ്ടെത്തിയിരുന്നില്ല. പൈലറ്റ് അറസ്റ്റിലായതിനെത്തുടര്‍ന്ന് ഷാര്‍ജയിലേക്കുള്ള മടക്ക വിമാനം മുടങ്ങാതിരിക്കാന്‍ എയര്‍ ഇന്ത്യ മറ്റൊരു പൈലറ്റിനെ കയറ്റി ഒരു വിമാനം കോഴിക്കോട് വഴി തിരിച്ചുവിട്ടിരുന്നു.
പിടിയിലായ പൈലറ്റ് സ്ഥിരം നിയമലംഘകനാണെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ നേരത്തെയും പ്രീ-ആള്‍ക്കഹോള്‍ ടെസ്റ്റില്‍ പിടിക്കപ്പെട്ടിട്ടുണ്ട്. മുന്‍പും ഈ പൈലറ്റിനെ മദ്യലഹരിയില്‍ വിമാനം ഓടിച്ചതിന് പിടികൂടിയിട്ടുണ്ടെന്നും ഇയാള്‍ക്കെതിരേ നടപടി എടുക്കുമെന്നും എയര്‍ ഇന്ത്യയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷമാനിച്ച് മദ്യം ഉപയോഗിച്ച് വിമാനം ഓടിച്ചാല്‍ പൈലറ്റ് ലൈസന്‍സ് റദ്ദ് ചെയ്യണമെന്നാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലി (ഡി.ജി.സി.എ) ന്റെ നിര്‍ദ്ദേശം. മിക്ക വിദേശരാജ്യങ്ങളിലും മദ്യപിച്ച് വിമാനം പറത്തുന്നത് കടുത്ത കുറ്റകൃത്യമായാണ് പരിഗണിക്കുന്നത്.
ഈ വര്‍ഷം ജൂലൈ വരെ 26 പൈലറ്റുമാരെ ഇത്തരത്തില്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. 2015 ല്‍ 43 പേരെയും പ്രീ-ആള്‍ക്കഹോള്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.
ഇന്ത്യയില്‍ മദ്യം ഉപയോഗിച്ച് പിടിക്കപ്പെട്ടാല്‍ ആദ്യത്തെ തവണ മൂന്ന് മാസത്തേക്കാണ് പൈലറ്റ് ലൈസന്‍സ് റദ്ദാക്കുക. രണ്ടാം തവണ പിടിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷത്തേക്കും, വീണ്ടും ആവര്‍ത്തിച്ചാല്‍ ആജീവനാന്ത കാലത്തേക്കും ലൈസന്‍സ് റട്ടുചെയ്യും.
അതേസമയം, വിമാനംപറത്തുന്നതിന് മുമ്പ് നടത്തുന്ന പരിശോധന കാര്യക്ഷമമല്ല എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
Post Your Comments