
റിയാദ് : സൗദി അറേബ്യയിലെ തൊഴില്‍ പ്രതിസന്ധിയില്‍ സല്‍മാന്‍ രാജാവ് ഇടപെടുന്നു. തൊഴില്‍ മന്ത്രാലയത്തിന് സൗദി രാജാവ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. സൗദി അറേബ്യയില്‍ ജോലിയും ശമ്പളവുമില്ലാതെ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിനു തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണു സൗദി രാജാവിന്റെ നിര്‍ദേശം.
തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കുന്നതിനു സൗദി എയര്‍ലൈന്‍സുമായി തൊഴില്‍ മന്ത്രാലയം യോജിച്ചു പ്രവര്‍ത്തിക്കണം. ഇതിനു ചെലവാകുന്ന പണം വീഴ്ച വരുത്തിയ കമ്പനികളില്‍ നിന്ന് ഈടാക്കണം. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ 10 കോടി സൗദി റിയാലും അനുവദിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ തൊഴില്‍ മന്ത്രാലയം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി കൂടിയാലോചനകള്‍ നടത്തും.
സൗദി വേതന സംരക്ഷണ നിയമപ്രകാരം തൊഴിലാളികള്‍ക്കു മുഴുവന്‍ ശമ്പളവും ലഭിച്ചുവെന്നു തൊഴില്‍ മന്ത്രാലയം ഉറപ്പാക്കണം. ശമ്പള കുടിശിക ലഭിക്കാത്ത കേസുകളില്‍ തൊഴിലാളികള്‍ക്ക് ആവശ്യമായ നിയമസഹായം തൊഴില്‍ മന്ത്രാലയം നല്‍കണമെന്നും രാജാവ് നിര്‍ദേശിച്ചിട്ടുണ്ട്. ശമ്പള കുടിശിക കൊടുത്തു തീര്‍ക്കുന്നതുവരെ ബന്ധപ്പെട്ട കമ്പനികളുടെ ബില്ലുകള്‍ പാസാക്കില്ല.
ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിലായ തൊഴിലാളികള്‍ക്കു താമസവും ഭക്ഷണവും ഉറപ്പാക്കണമെന്നും രാജാവ് തൊഴില്‍ മന്ത്രാലയത്തിനു നിര്‍ദേശം നല്‍കി. കൂടാതെ, നാട്ടിലേക്കു മടങ്ങാനാഗ്രഹിക്കുന്ന തൊഴിലാളികള്‍ക്ക് എക്‌സിറ്റ് വീസ വേഗം ലഭ്യമാക്കാന്‍ തൊഴില്‍ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും പാസ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റുമായി ചേര്‍ന്ന് നടപടികളെടുക്കണമെന്നും രാജാവിന്റെ ഉത്തരവില്‍ പറയുന്നു.
Post Your Comments