പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ അച്ഛനെ മകളുടെ സാന്നിധ്യത്തിൽ നെയ്യാർ ഡാം സ്റ്റേഷനിൽ അധിക്ഷേപിച്ച സംഭവത്തിൽ നിന്ന് കേരളം മുക്തമാകും മുൻപ് വീണ്ടും പതിനാറുകാരന് മർദ്ദനം.
കടുത്ത മദ്യലഹരിയിലാണ് എന്ന് പറഞ്ഞാണ് ഗ്രേഡ് എസ്ഐ ഗോപകുമാർ അപമാനിച്ചതെന്ന് പരാതിക്കാരനായ സുദേവൻ പറയുന്നത് . സുദേവനെ അപമാനിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായതോടെ ഡിജിപി ഇടപെട്ട് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരുന്നു. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് ഞായറാഴ്ച നൽകിയ പരാതിയിൽ തുടർ നടപടികൾ ഉണ്ടാകാത്തത് അന്വേഷിക്കാനായിരുന്നു കള്ളിക്കാട് സ്വദേശി സുദേവൻ പൊലീസ് സ്റ്റേഷനിൽ എത്തിയത്.
എന്നാൽ മകളുമായി പരാതി നൽകാനെത്തിയ സുദേവനോട് നെയ്യാർ ഡാം പൊലീസ് മോശമായി പെരുമാറുകയായിരുന്നു. ഞായറാഴ്ചയാണ് സുദേവൻ ആദ്യം പരാതി നൽകിയത്. അന്ന് പൊലീസ് വിവരങ്ങൾ തേടി. എന്നാൽ കേസിൽ തുടർനടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പിറ്റേന്ന് വീണ്ടും സുദേവൻ സ്റ്റേഷനിലെത്തിയത്. എന്നാൽ സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന പെരുമാറ്റമാണ് ഗ്രേഡ് എസ്ഐയുടെ ഭാഗത്ത് നിന്നുണ്ടായത്.
ഇതിന്റെ ഞെട്ടലിൽ നിന്ന് മാറുന്നതിന് മുൻപാണ് ഇപ്പോൾ വീണ്ടും പിണറായി സർക്കാരിന്റെ പോലീസ് വെറും 16 വയസുകാരനെ അതി ക്രൂരമായി മർദ്ദിച്ചിരിക്കുന്നതായി വാർത്തകൾ വരുന്നത്. പൂവാർ സ്വദേശിയായ കുട്ടിയെയാണ് കാഞ്ഞിരം കുളം പോലീസ് മർദ്ദിച്ച് അവശനാക്കിയിരിയ്ക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പ്രബീഷ് , ഭാര്യ സഹോദരൻ ലിജിൻ സെബാസ്ത്യൻ എന്നിവരെ വാഹന പരിശോധനക്കിടെ തടഞ്ഞു വയ്ച്ചത്. ഡ്രൈവിംങ് ലൈസൻസില്ലയെന്ന കാരണത്താൽ 2 മണിക്കൂറോളം പോലീസ് സ്റ്റേഷനിൽ പിടിച്ചിരുത്തി. ജാമ്യക്കാരെ കൊണ്ടുവരാൻ ആവശ്യപ്പെട്ടത് പ്രകാരം അവരെത്തിയപ്പോൾ 4 മണിയ്ക്ക് കടലിൽ പോകാനുള്ളതാണെന്നും നടപടികൾ വേഗം ചെയ്യാമോ എന്നും ചോദിച്ചതിന് ഇരുപേരെയും ലാത്തിക്കടിച്ചു.
ആക്രമണത്തിൽ താഴെവീണ ലിജിനെ പോലീസുകാർ ഷൂസിട്ട് ചവിട്ടി മെതിച്ചു, ജാമ്യത്തിലെടുക്കാൻ വന്നവരെയും പോലീസ് വിരട്ടിയോടിച്ചു, ഗുരുതരമായി പരിക്കേറ്റ ലിജിൻ അവശനിലയിലായതോടെ വൈകിട്ട് ഇരുവരുടെയും കൈയ്യിൽ നിന്ന് ആയിരം രൂപ വാങ്ങിയ ശേഷം അയ്യായിരം രൂപ കോടതിയിൽ അടക്കാൻ നിർദേശിച്ച് ജാമ്യക്കാരുടെ കൂടെ വിട്ടു. പതിനാറ് വയസ് മാത്രമുള്ള , ബൈക്കിന്റെ പിറകിലിരുന്നെത്തിയ ലിജിനെ അന്യായമായി അടിച്ചതിനും , ആക്രമിച്ചതിനുമെതിരെ മാതാപിതാക്കളും ബന്ധുക്കളും ബാലാവകാശ കമ്മീഷനിലും മനുഷ്യാവകാശ കമ്മീഷനിലും പരാതി നൽകി. എന്നാൽ ഇത് വെറും കെട്ടുകഥയാണെന്നാണ് കാഞ്ഞിരംകുളം പോലീസിന്റെ വാദം.
Post Your Comments