NewsIndia

ഗോ സംരക്ഷണം: പ്രധാനമന്ത്രിക്ക് ബുദ്ധിശുദ്ധി ലഭിക്കാന്‍ യാഗം നടത്തുമെന്ന് ഹിന്ദു മഹാസഭ

ന്യൂഡൽഹി: ഗോസംരക്ഷണത്തിന്‍റെ മറവില്‍ അക്രമം നടത്തുന്നവരെ വിമര്‍ശിച്ച് അഭിപ്രായപ്രകടനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ അഖിലഭാരത ഹിന്ദുമഹാസഭ (എബിഎച്ച്എം) രംഗത്ത്. നരേന്ദ്ര മോദിക്കു തിരിച്ചറിവു ലഭിക്കാൻ ബുദ്ധിശുദ്ധി യാഗം നടത്തുമെന്നാണ് ഹിന്ദു മഹാസഭ ഇപ്പോള്‍ പറയുന്നത്. പ്രധാനമന്ത്രിയായിരിക്കാൻ നരേന്ദ്ര മോദി യോഗ്യനല്ലെന്നും 2004-ൽ പ്രധാനമന്ത്രിയായിരുന്ന എ.ബി. വാജ്പേയിയെപ്പോലെയാണ് അദ്ദേഹത്തിന്‍റെ പ്രവർത്തനമെന്നും ഹിന്ദുമഹാസഭ വിമര്‍ശനമുന്നയിച്ചു. ഹിന്ദുമഹാസഭ നേതൃത്വം നല്‍കുന്ന ബുദ്ധിശുദ്ധി യാഗം ഇന്ത്യയൊട്ടാകെ നടത്തുമെന്ന് എബിഎച്ച്എം ദേശീയ അധ്യക്ഷൻ ചന്ദ്രപ്രകാശ് കൗശിക് പറഞ്ഞു.

ഗോ രക്ഷക് സമിതികളെല്ലാം തട്ടിപ്പാണെന്ന തരത്തിലാണ് പ്രധാനമന്ത്രി സംസാരിച്ചതെന്ന്‍ കൗശിക് പറഞ്ഞു. ഈ അഭിപ്രായപ്രകടനത്തിന് പ്രധാനമന്ത്രിയുടെ പേരില്‍ വക്കീൽ നോട്ടിസ് അയയ്ക്കുന്നതിനെപ്പറ്റി അഭിഭാഷകരുമായി ചർച്ച നടത്തി വരികയാണ്. പശുക്കളുടെ സംരക്ഷണത്തിനു വേണ്ടി ജീവൻ ഉഴിഞ്ഞുവച്ചവരെ തന്‍റെ വാക്കുകളിലൂടെ നരേന്ദ്രമോദി അപമാനിച്ചുവെന്നും കൗശിക് ആരോപിച്ചു.

അതേസമയം, പശുക്കളെ കൊല്ലുന്നതു തടയാൻ പ്രത്യേക നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മൈസൂരുവിലെ ഗോ രക്ഷക് സമിതി പ്രധാനമന്ത്രിക്ക് കത്തയച്ചു.

ഗോസംരക്ഷണത്തിന്‍റെ പേരിൽ നടക്കുന്ന അതിക്രമങ്ങൾ കർശനമായി നേരിടുമെന്നു പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സാമൂഹിക വിരുദ്ധരാണ് ഗോ സംരക്ഷണത്തിന്‍റെ മറവില്‍ അക്രമങ്ങൾ നടത്തുന്നത്. ഇവരോടു തനിക്ക് കോപമാണ് തോന്നുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇവരിൽ 80 ശതമാനം പേരും രാത്രിയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും പകൽ ഗോസംരക്ഷകരായി നടിക്കുകയും ചെയ്യുന്നവരാണെന്നും പ്രധാനമന്ത്രി വിമർശനമുന്നയിച്ചു. ഇവരെക്കുറിച്ചു വിവരങ്ങൾ ശേഖരിക്കാൻ എല്ലാ സംസ്ഥാന സർക്കാരുകളോടും പ്രധാനമന്ത്രി അഭ്യർഥിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button