KeralaNews

യുവതിയെ കൊന്ന് റബര്‍ത്തോട്ടത്തില്‍ തള്ളിയത് അതിക്രൂരമായി : കൊലയ്ക്ക് പിന്നില്‍ പരിചയമുള്ളവര്‍ : ഞെട്ടിവിറച്ച് നാട്

കോട്ടയം : കൊലപാതകത്തിനുശേഷം അധികദൂരം യാത്രചെയ്തല്ല മൃതദേഹം ഉപേക്ഷിച്ചതെന്ന അനുമാനത്തില്‍ പൊലീസ്. ഈ സ്ഥലം നന്നേ പരിചയമുള്ളവരാണു കൊലപാതകികളെന്നു കരുതാവുന്ന തരത്തിലാണു സാഹചര്യത്തെളിവുകളെന്നു പൊലീസ് പറയുന്നു. പൈനയില്‍ ലൂക്ക ജോസിന്റെ (ലാലിച്ചന്‍) ഉടമസ്ഥതയിലുള്ളതാണു റബര്‍ത്തോട്ടം. മൃതദേഹം ഉപേക്ഷിക്കാന്‍ പ്രതികള്‍ ലക്ഷ്യമിട്ടതു തോട്ടത്തിലെ പൊട്ടക്കിണറിലാകാം. മൃതദേഹം കണ്ട സ്ഥലത്തിനു നൂറു മീറ്റര്‍ അകലെ കിണറുണ്ട്. ഇന്നലെ പുലര്‍ച്ചെയാകാം മൃതദേഹം ഉപേക്ഷിച്ചതെന്നാണു സംശയിക്കുന്നത്. കിണര്‍ ലക്ഷ്യമിട്ടെത്തിയ പ്രതികള്‍ ആളനക്കം കേട്ടതിനെ തുടര്‍ന്നു മൃതദേഹം ഉപേക്ഷിച്ചു മടങ്ങിയതാകാമെന്നും പൊലീസ് അനുമാനിക്കുന്നു.

ഇന്നലെ രാവിലെ ആറിനാണു മൃതദേഹം കണ്ടതെങ്കിലും സംഭവം നാട്ടുകാര്‍ അറിഞ്ഞത് ഏഴരയോടെയാണ്. ആറരയോടെ തന്നെ ഏറ്റുമാനൂര്‍ എസ്.ഐ അനൂപ് ജോസിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനു സുരക്ഷാവലയം തീര്‍ത്തു. ഇതോടെ കാഴ്ചക്കാരുടെ തള്ളിക്കയറ്റം ഒഴിവാക്കാനും തെളിവുകളൊന്നും നഷ്ടമാകാതെയിരിക്കാനുമായി. ജില്ലാ പൊലീസ് മേധാവി എന്‍.രാമചന്ദ്രന്‍, ഡി.വൈ.എസ്.പിമാരായ ഗിരീഷ് പി.സാരഥി, വി.അജിത്, മുഹമ്മദ് കബീര്‍ റാവുത്തര്‍, എസ്.സുരേഷ്‌കുമാര്‍, രമേശ്കുമാര്‍, സിഐമാരായ നിര്‍മല്‍ ബോസ്, സി.ജെ മാര്‍ട്ടിന്‍, സാജു വര്‍ഗീസ്, എസ്‌ഐമാരായ അനൂപ് ജോസ്, എ.സി.മനോജ്കുമാര്‍, എം.ജെ.അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും സ്ഥലത്ത് എത്തി.

യുവതി പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന കാര്യം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ വ്യക്തമാകൂ. അഞ്ചു മുതല്‍ ഏഴുമാസം വരെ ഗര്‍ഭിണിയാകാമെന്നു പൊലീസ് പറയുന്നു. മൃതദേഹം ഉപേക്ഷിക്കപ്പെട്ട റബര്‍ തോട്ടത്തില്‍ നിന്ന് അര കിലോമീറ്റര്‍ മാത്രം അകലെയാണു റയില്‍വേ ട്രാക്ക്. കൊലനടത്തിയ ശേഷം മൃതദേഹം ഇവിടെ ഉപേക്ഷിക്കാനാണോ പ്രതികള്‍ ശ്രമിച്ചതെന്നും പരിശോധിക്കുന്നുണ്ട്. യുവതിയുടെ കഴുത്തിലും മുഖത്തും കരുവാളിച്ച പാടുകളുണ്ട്. ബലപ്രയോഗത്തെ തുടര്‍ന്നുണ്ടായതാണ് ഇവയെന്നാണു സംശയം. മൂക്കില്‍നിന്നും നെറ്റിയിലെ ചെറിയമുറിവില്‍നിന്നും രക്തം മുഖത്തു പടര്‍ന്നിട്ടുണ്ട്.

വലതുകയ്യില്‍ പൊള്ളലേറ്റതുപൊലുള്ള പാടും ഉണ്ട്. കൈലി ഉപയോഗിച്ചു കഴുത്തുമുറുക്കിയശേഷം, മുഖത്ത് ബലംപ്രയോഗിച്ച് അമര്‍ത്തിയാണു കൊലനടത്തിയതെന്നാണു പൊലീസ്‌നിഗമനം. കൊല്ലപ്പെട്ട യുവതി ആരെന്നു തിരിച്ചറിയാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ജില്ലയില്‍ നിന്നു കാണാതായ യുവതികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കാണക്കാരിയിലുള്ള മറ്റൊരു സ്ത്രീയെക്കുറിച്ചും സംശയമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നു പൊലീസ് രാത്രിയും പരിശോധന നടത്തുന്നുണ്ട്.

ജില്ലാ പൊലീസ് മേധാവി എന്‍.രാമചന്ദ്രന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. കൊച്ചി റേഞ്ച് ഐജി എസ്.ശ്രീജിത്ത് സംഭവസ്ഥലം സന്ദര്‍ശിച്ചു. കൈലിയില്‍ നിന്നും പുതപ്പില്‍ നിന്നും മണം ലഭിച്ച ഡോഗ് സ്‌ക്വാഡിലെ ജില്‍ റബര്‍തോട്ടത്തിലൂടെ ഓടി സമീപത്തെ പുരയിടത്തിലൂടെ പ്രധാന വഴിയിലാണ് എത്തിയത്. വിരലടയാള വിദഗ്ധരും ശാസ്ത്രീയ പരിശോധനാ സംഘവും സാംപിളുകള്‍ ശേഖരിച്ചു. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. മൃതദേഹം തിരിച്ചറിഞ്ഞ ശേഷം മാത്രമേ പോസ്റ്റ്‌മോര്‍ട്ടം നടപടി ആരംഭിക്കൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button