ന്യൂഡല്‍ഹി : സിനിമ തുടങ്ങുന്നതിന് മുന്‍പുള്ള പുകയില വിരുദ്ധ പരസ്യത്തെക്കുറിച്ച് പുതിയ നിര്‍ദ്ദേശം. തിയറ്ററുകളിലും ടി.വിയിലും സിനിമ ഇടക്കിടക്ക് കയറി വരുന്ന പുകയില വിരുദ്ധ പരസ്യം ഇനി മുതല്‍ സിനിമയുടെ തുടക്കത്തില്‍ മാത്രം മതിയെന്ന് വിദഗ്ദ്ധ സമിതി റിപ്പോര്‍ട് നല്കി.
കഥാപാത്രങ്ങള്‍ പുകവലിക്കുമ്പോള്‍ പുകയില വിരുദ്ധ സന്ദേശങ്ങള്‍ എഴുതിക്കാണിക്കുന്നത് സിനിമയുടെ ഒഴുക്കിനെ തടസപ്പെടുത്തുമെന്ന് ചൂണ്ടിക്കാണിച്ചുള്ള ശ്യാം ബെനഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് കൈമാറി. സിനിമ തുടങ്ങുന്നതിന് മുന്‍പ് പുകയില വിരുദ്ധ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹ്രസ്വ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കണം. ഇപ്പോഴുള്ള പരസ്യങ്ങള്‍ക്ക് പകരം പ്രാദേശിക ഭാഷകളില്‍ പ്രമുഖ നടന്മാര് അഭിനയിക്കുന്ന ഹ്രസ്വചിത്രങ്ങള്‍ നിര്‍മ്മിക്കണം. ആരോഗ്യമന്ത്രാലയത്തിന്റെ അനുമതിയോടെ ഇവ സിനിമയ്ക്ക് മുമ്പ് പ്രദര്‍ശിപ്പിക്കണമെന്നും വിദഗ്ദ്ധസമിതി ശുപാര്‍ശ ചെയ്യുന്നു.
സിനിമയുടെ ചിത്രീകരണത്തിനായി സര്‍ക്കാര്‍ അംഗീകൃതമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ വിതരണം ചെയ്യുന്ന മൃഗങ്ങളെ ഉപയോഗിക്കാമെന്നും സമിതിയുടെ നിര്‍ദ്ദേശത്തിലുണ്ട്. ഇത്തരത്തില്‍ സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കാവുന്ന മൃഗങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്നും നിര്‍ദ്ദേശമുണ്ട്. ചിത്രീകരണ സമയത്ത് ഒരു മൃഗാരോഗ്യ വിദഗ്ദ്ധനെ നിയമിക്കുകയും ഇയാളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രദര്‍ശനാനുമതി നല്‍കുകയുമാണ് വേണ്ടതെന്നും ബെനഗല്‍ കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു.
Post Your Comments