ന്യൂഡൽഹി: അരുണാചല്‍ പ്രദേശില്‍ അനധികൃത കടന്നുകയറ്റം നടത്തിയ ചൈനീസ് സൈന്യത്തെ ഇന്ത്യന്‍ പ്രദേശത്തുനിന്നും ഒഴിപ്പിച്ച് അധികനാള്‍ കഴിയുന്നതിനു മുമ്പ് ഇന്നലെ ഉത്തരാഖണ്ഡിലും സമാനസ്വഭാവമുള്ള സംഭവം നടന്നിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലും ചൈനയുടെ സ്വധീനവും സാന്നിദ്ധ്യവും വര്‍ദ്ധിച്ചു വരികയാണ്. കാശ്മീര്‍ ഉള്‍പ്പെടുന്ന അന്താരാഷ്‌ട്ര അതിര്‍ത്തിയിലും പാകിസ്ഥാനോടൊപ്പം കൂട്ടുചേര്‍ന്ന് ചൈന രഹസ്യപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായാണ് ലഭ്യമായ വിവരങ്ങള്‍. ഇങ്ങനെ ചൈനീസ് ഭീഷണി അനുദിനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ തങ്ങളുടെ ചാരക്കണ്ണുകളുടെ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള അടിയന്തിര തീരുമാനമെടുത്തിരിക്കുകയാണ് ഇന്ത്യ.
പുതുതായി നാല് മാരിടൈം ചാരവിമാനങ്ങൾ കൂടി ഇന്ത്യ വാങ്ങുന്നതായാണ് റിപ്പോർട്ട്. 68000 കോടിയോളം രൂപ വിലവരുന്ന പി–81 വിമാനങ്ങൾ ബോയിങ് കമ്പനിയില്‍നിന്നാണ് വാങ്ങുന്നത്. നിലവിൽ ഇത്തരം എട്ടു ചാരവിമാനങ്ങളാണ് ഇന്ത്യയുടെ കൈവശമുള്ളത്. ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയിലെ, പ്രത്യേകിച്ച്, ഇന്ത്യന്‍ മഹാസമുദ്രത്തിലെ അന്തർവാഹിനി സാന്നിധ്യം നിരീക്ഷിക്കാനാണ് അവ ഉപയോഗിക്കുന്നത്. ഇതിനു പുറമെയാണ് നാലു വിമാനങ്ങൾ കൂടി വാങ്ങുന്നതെന്ന് പ്രതിരോധ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.
ബോയിംങ്ങുമായി കരാറിൽ ഒപ്പിട്ടെന്നും മൂന്നു വർഷത്തിനുള്ളിൽ വിമാനങ്ങൾ ലഭിക്കുമെന്നും പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. ദീർഘദൂര സമുദ്ര നിരീക്ഷണം നടത്തുന്നതിനൊപ്പം, മുങ്ങിക്കപ്പൽവേധ ഹാർപൂൺ മിസൈലുകളും പി–81 വിമാനങ്ങളിൽ ഉണ്ടാകും.
Post Your Comments