തിരുവനന്തപുരം ● സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരായ ഏലസ് പരാമര്‍ശത്തില്‍ ഏഷ്യാനെറ്റിലെ ‘ചിത്രം വിചിത്രം’ പരിപാടിയുടെ അവതാരകരായ ഗോപീകൃഷ്ണനും ലല്ലു ശശിധരനും ഖേദം പ്രകടിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി 9.30 പരിപാടി തുടങ്ങുന്നതിന് മുന്‍പാണ് ഇരുവരും ഒന്നിച്ചെത്തി ഖേദം പ്രകടിപ്പിച്ചത്. തെറ്റുപറ്റിയെന്നും അത് അംഗീകരിക്കുകയാണെന്നും ഇരുവരും പറഞ്ഞു. തെറ്റുകള്‍ ചൂണ്ടികാട്ടുന്നതും വിമര്‍ശിക്കുന്നതും അംഗീകരിക്കുന്നതായും ഇരുവരും വ്യക്തമാക്കി.
തിങ്കളാഴ്ച രാത്രി സംപ്രേക്ഷണം ചെയ്ത പരിപാടിയിലാണ് ഗോപീകൃഷ്ണന്‍ വിവാദ പരാമര്‍ശം നടത്തിയത്. ഞായറാഴ്ച കോടിയേരി ബാലകൃഷ്ണന്‍ പയ്യന്നൂരില്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ വീഡിയോ ചൂണ്ടിക്കാട്ടിയായിരുന്നു കോടിയേരി കൈയില്‍ കെട്ടിയിരിക്കുന്നത് ഏലസ് ആണോയെന്ന സംശയം പ്രകടിപ്പിച്ചത്. പരിപാടിയുടെ സംപ്രേക്ഷണം കഴിഞ്ഞതോടെ സംഭവം സോഷ്യല്‍ മീഡിയയും ഓണ്‍ലൈന്‍ മാധ്യമങ്ങളും ഏറ്റെടുത്തു. പിന്നെ ട്രോളുകളായി, പോസ്റ്റുകളായി ആകെ ബഹളമായി. ഒടുവില്‍ കോടിയേരി തന്നെ വിശദീകരണവുമായി രംഗത്തെത്തി.
താന്‍ പ്രമേഹ രോഗിയാണെന്നും ശരീരത്തിലെ പഞ്ചസാരയുടെ അളവു പരിശോധിക്കാൻ ഉപയോഗിക്കുന്ന ഗ്ലൂക്കോസ് മോണിട്ടറിംഗ് ഉപകരണമാണ് അതെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ പ്രമേഹ വിദഗ്ദന്‍ ഡോ.ജ്യോതിദേവ് കേശവാണ് ഒരഴ്ച മുന്‍പ് ശരീരത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ നിരന്തരം പരിശോധിക്കാൻ ചിപ്പ് ഉപയോഗിക്കാൻ നിര്‍ദ്ദേശിച്ചത്. അത് ശരീരത്തോടു ഘടിപ്പിക്കാനാണ് കൈയിൽ കെട്ടിയതെന്നും കോടിയേരി വ്യക്തമാക്കി.
രണ്ടാഴ്ച കഴിയുമ്പോൾ ഇതെടുത്തുമാറ്റി രക്തസമ്മർദവും പ്രമേഹവും പരിശോധിക്കും. അതിനനുസരിച്ചാണ് തുടര്‍ചികിത്സയും ഭക്ഷണക്രമവും തീരുമാനിക്കുന്നത്. പ്രമേഹരോഗം നിർണയിക്കാൻ ഉപയോഗിക്കുന്ന ചിപ്പിനെ ഏലസ് എന്ന് പറഞ്ഞ് തന്നെ കരിവാരിത്തേക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിച്ചതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
കോടിയേരിക്ക് ഗ്ലോക്കോസ് മോണിട്ടറിംഗ് ചിപ്പ് നല്‍കിയ കാര്യം ഡോ. ജ്യോതിദേവ് കേശവും സ്ഥിരീകരിച്ചു.
Post Your Comments