ബംഗ്ലാദേശിലെ ആര്‍മി-പോലീസ് സംയുക്ത സേന ധാക്കയിലെ കല്യാണ്‍പൂരില്‍ 9 ഭീകരരെ വധിച്ചു. പിടിയിലായ മറ്റൊരു ഭീകരനെ ചോദ്യം ചെയ്തതില്‍ നിന്നും ഇയാളുള്പ്പെടെയുള്ളവര് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളായിരുന്നു എന്നും വെളിപ്പെട്ടിട്ടുണ്ട്.
ബോഗ്ര സ്വദേശിയും ബോഗ്ര ഗവണ്മെന്റ് ഷാ സുല്‍ത്താന്‍ കോളേജിലെ വിദ്യാര്‍ഥിയുമായ ഹസ്സന് ആണ് പിടിയിലായ തീവ്രവാദി. ഹസ്സന് വെടിയേല്‍ക്കുകയും മറ്റു പരിക്കുകളേല്‍ക്കുകയും ചെയ്തതിനാല്‍ അയാള്‍ ചികിത്സയിലാണ്.
കല്യാണ്‍പൂരിലെ ജഹാജ് ബില്‍ഡിംഗിലാണ് മറ്റ് 9 ഭീകരരോടുമൊപ്പം ഹസ്സന് താമസിച്ചിരുന്നത്. ഇവരുടെ പാചകക്കാരനായിരുന്നു താനെന്നാണ് ഹസ്സന് പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.
ബംഗ്ലാദേശി സ്വാറ്റ്, ദ്രുതകര്‍മ്മസേന, പോലീസ് ഡിറ്റക്റ്റീവ് ബ്രാഞ്ച്, ധാക്ക മെട്രോപ്പോളിറ്റന്‍ പോലീസ് എന്നിവര്‍ സംയുക്തമായാണ് ഒരുരാത്രി മുഴുവന്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിലൂടെ 9 ഐഎസ് ഭീകരരെ കാലപുരിക്കയച്ചത്. “സ്റ്റോം 26” എന്ന പേരിലാണ് ഇവര്‍ ഈ ഓപ്പറേഷന് നടത്തിയത്.
ഗുല്‍ഷന്‍ കഫേ ആക്രമിച്ച ഭീകരരുടെ അതേ രീതിയിലുള്ള കറുത്ത യൂണിഫോമുകളും മറ്റുമാണ് ഇവരും ഉപയോഗിച്ചിരുന്നതെന്ന് പോലീസ് വെളിപ്പെടുത്തി.
തങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ആണെന്ന് ഹസ്സന് അവകാശപ്പെട്ടെങ്കിലും നിരോധിക്കപ്പെട്ട ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ് അംഗങ്ങളാകാം ഇവരെന്നാണ് സുരക്ഷാസേന സംശയിക്കുന്നത്.
Post Your Comments