ലൊസാന്‍: അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതി (കാസ്) ഇന്ന് പുറപ്പെടുവിച്ച തീരുമാനത്തോടെ റിയോഡിജനേറോയില് ഓഗസ്റ്റ് ആദ്യവാരം തുടങ്ങുന്ന ഒളിംപിക്സിലെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങളില്‍ റഷ്യന്‍ സാന്നിദ്ധ്യം ഉണ്ടാവില്ലെന്ന് ഉറപ്പായി. റഷ്യന്‍ ഗവണ്മെമെന്റിന്റെ അറിവോടെ നടക്കുന്ന കായികതാരങ്ങളുടെ ഉത്തേജകഔഷധ ഉപയോഗം തെളിഞ്ഞതിനെത്തുടര്‍ന്ന് അത്ലറ്റിക്സ് ഭരണസമിതിയായ ഐ.എ.എ.എഫ് റഷ്യയെ വിലക്കിയ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കളഞ്ഞതോടെയാണ് റഷ്യന്‍ താരങ്ങളില്ലാതെ ഗ്ലാമറിലും പോരാട്ടത്തിലും പിന്നോക്കം നില്ക്കുന്ന ഒരു ഒളിംപിക്സാകും ഇത്തവണ റിയോയില്‍ നടക്കുക എന്നകാര്യം ഉറപ്പായത്.
“നിയമങ്ങള്‍ നടപ്പാക്കാനുള്ള ഐ.എ.എ.എഫിന്റെ തീരുമാനത്തെ കാസ് പാനല്‍ അംഗീകരിച്ചു. ഐ.എ.എഎഫ് സസ്പെന്‍ഡ് ചെയ്ത ദേശീയ ഫെഡറേഷനുകളുടെ കീഴിലുള്ള അത്ലറ്റുകള്‍ക്ക് ഐ.എ.എ.എഫ് നിയമങ്ങള്‍ അനുസരിച്ച് നടക്കുന്ന കായികമത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കില്ല എന്നാണ് നിയമം പറയുന്നത്,” ലൊസാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
റഷ്യയെ പൂര്‍ണ്ണമായും റിയോ ഒളിംപിക്സില്‍ നിന്ന് വിലക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കാസ് റൂളിംഗ് തങ്ങളെ സഹായിക്കുമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റിയും അഭിപ്രായപ്പെട്ടു.
Post Your Comments