ന്യൂഡല്‍ഹി: ആര്‍.എസ്.എസിനെതിരായി നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. അതിന് തയ്യാറല്ലെങ്കില്‍ വിചാരണ നേരിടാനും കോടതി ആവശ്യപ്പെട്ടു. ആരെയെങ്കിലും താഴ്ത്തിക്കെട്ടുന്ന പരാമര്‍ശങ്ങള്‍ ആരും നടത്തരുതെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര, ആര്‍.എഫ്.നരിമാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ വധത്തിന് പിന്നില്‍ ആര്‍.എസ്.എസാണെന്ന രാഹുലിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെയാണ് ആര്‍.എസ്.എസ് മാനനഷ്ട കേസുമായി കോടതിയെ സമീപിച്ചത്. രാഹുലിന്റെ പരാമര്‍ശം അപകീര്‍ത്തിയുടെ കീഴില്‍ വരുന്നതാണോയെന്ന കാര്യവും പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസ് ജൂലായ് 27ലേക്ക് മാറ്റി.
2014ലെ പൊതുതിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ ഭിവന്ദിയില്‍ പ്രചരണം നടത്തുന്നതിനിടെ ആയിരുന്നു രാഹുലിന്റെ വിവാദ പ്രസ്താവന. തുടര്‍ന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ രാജേഷ് കുണ്ഡെ ഭിവന്ദി കോടതിയില്‍ മാനനഷ്ട കേസ് നല്‍കി. രാഹുലിനോട് നേരിട്ട് കോടതിയില്‍ ഹാജരാവാന്‍ മജിസ്‌ട്രേട്ട് നോട്ടീസ് അയച്ചു. ഈ ഉത്തരവ് പിന്നീട് ഹൈക്കോടതിയും ശരിവച്ചു. മാപ്പു പറഞ്ഞാല്‍ പ്രശ്‌നം അവസാനിപ്പിക്കാമെന്ന് കോടതി നിര്‍ദ്ദേശിച്ചെങ്കിലും കേസ് വാദിക്കാന്‍ തയ്യാറാണെന്നായിരുന്നു രാഹുലിന്റെ മറുപടി. ഇതിന് പിന്നാലെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ സുപ്രീംകോടതിയെ സമീപിച്ചത്.
Post Your Comments