പ്രകൃതിയുടെ നിറയൗവനക്കാഴ്ചയാണ് കര്‍ക്കിടകം. ഇടമുറിയാത്ത മഴപെയ്ത്തില്‍ കുളിച്ച് ഈറനണിഞ്ഞ പ്രകൃതി. സര്‍വ വൃക്ഷലതാദികളും തളിരിടുന്ന സമയം. പൂക്കാലമായ ചിങ്ങത്തിനുമുമ്പൊരു മുന്നൊരുക്കം. മണ്ണില്‍ വീണുറങ്ങുന്ന ഇത്തിരിക്കുഞ്ഞന് വിത്തുകള്‍ കുഴമണ്ണ് പൊട്ടിച്ച് പുറത്തുവരും.
പ്രകൃതിയിലെ ഈ മാറ്റം മറ്റു ജീവജാലങ്ങളിലും പ്രകടമാണ്. അവര്‍ക്ക് പക്ഷേ വിശ്രമകാലമാണ്. പ്രകൃതിയുടെ കലവറ ശൂന്യമാകുമ്പോള്‍ ജീവന്റെ നിലനില്പിനുവേണ്ടി അവര്‍ കരുതല്ഭക്ഷണശേഖരത്തിന്റെ മൂടിതുറക്കും. പഞ്ഞക്കര്‍ക്കിടകത്തിന്റെ വറുതിയെ നേരിടാന്‍ പഴമക്കാര്‍ ചക്കയും മാങ്ങയും ചക്കക്കുരുവുമെല്ലാം ഉണക്കിയും ഉപ്പിലിട്ടും സൂക്ഷിച്ചിരുന്നത് ഇതിനുവേണ്ടിയായിരുന്നു.
കര്‍ക്കിടകമാസം പിറന്നാല്‍ എല്ലാദിവസവും രാമായണപാരായണം, ക്ഷേത്രദര്‍ശനം, എണ്ണതേച്ചുള്ള കുളി… അങ്ങനെ കര്ക്കിടകമാസത്തിന്റേതുമായ എന്തെല്ലാം ചിട്ടകള്‍, ശീലങ്ങള്‍. ഇവയ്ക്കെല്ലാം ആയുര്‍വേദത്തിന്റെ വിധികളുമുണ്ട്. അതായത് പഴമയുടെ ഓരോ ചെയ്തിക്കു പിന്നിലും ആയുര്‍വേദത്തിന്റെ ശക്തമായ പിന്തുണയുണ്ട്. അന്നും ഇന്നും ആയുര്‍വേദചികിത്സകള്‍ക്ക് ‘പേരുകേട്ട സമയമാണ്’ കര്‍ക്കിടകം.
ആയുര്‍വേദവുമായി ബന്ധപ്പെട്ട് പറഞ്ഞുകേള്‍ക്കുന്ന ഒന്നാണ് കര്‍ക്കിടകചികിത്സ. എന്തുകൊണ്ടാണ് വര്‍ഷത്തിലെ പന്ത്രണ്ടുമാസങ്ങളില്‍ ഒന്നുമാത്രം ആയുര്‍വേദത്തിന് പ്രിയപ്പെട്ടതാകുന്നതെന്ന് ചിന്തിച്ചേക്കാം. കര്‍ക്കിടകചികിത്സ അഥവാ സുഖചികിത്സ എന്നപേരില്‍ ഇത് കടലുകടന്നതാണ്. കര്‍ക്കിടകം എന്നൊരു മാസത്തെക്കുറിച്ച് ആയുര്‍വേദത്തില്‍ പറയുന്നില്ല. ആഷാഢമാസമാണ് ആയുര്‍വേദത്തില്‍. ആഷാഢമാസത്തിന്റെ പ്രത്യേകതകളും ചികിത്സാപ്രാധാന്യവും ആയുര്‍വേദത്തില്‍ പ്രതിപാദിക്കുന്നു. കര്‍ക്കിടകത്തിന്റെ അതേകാലത്താണ് ആഷാഢവും. അങ്ങനെയാണ് കര്‍ക്കിടകമാസം ആയുര്‍വേദത്തില്‍ കടന്നുകൂടിയത്.
നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് കര്‍ക്കിടകചികിത്സയ്ക്ക്. പഴമക്കാരുടെ ജീവിതത്തില്‍ അതിപ്രാധാന്യമായിരുന്നു കര്‍ക്കിടകചികിത്സയ്ക്ക്. കര്ക്കിടകമാസചികിത്സയ്ക്ക് സുഖചികിത്സ എന്നും ഇപ്പോള്‍ പറയുന്നു. സത്യത്തില്‍ അത്തരമൊരു ചികിത്സാവിധി ആയുര്‍വേദത്തില്‍ ഇല്ലാ എന്നുതന്നെ പറയാം. സ്വസ്ഥന്റെ സ്വാസ്ഥ്യപരിപാലനം ആയുര്‍വേദത്തിന്റെ പരമപ്രധാനലക്ഷ്യമാണ്.
ചിങ്ങം മുതല്‍ ആരംഭിക്കുന്ന മലയാളമാസത്തില്‍ കര്‍ക്കിടകമാസത്തെ ദേഹരക്ഷയ്ക്കായി തെരഞ്ഞെടുക്കാന്‍ നിരവധി കാരണങ്ങളുണ്ട്. കാര്‍ഷികവൃത്തിയെ മാത്രം ആശ്രയിച്ചുജീവിച്ചിരുന്ന മലയാളികള്‍ക്ക് കര്‍ക്കിടകം ‘പഞ്ഞമാസ’മായിരുന്നു. കൃഷിയില്ലാത്ത കാലം. കര്‍ഷകരെല്ലാം പൂര്‍ണ വിശ്രമത്തിലാവും ഇക്കാലത്ത്. ഈ വിശ്രമകാലത്തെ ഫലപ്രദമായി ആരോഗ്യസംരക്ഷണകാലമായി ഉപയോഗപ്പെടുത്താന്‍ സമ്പന്നവര്ഗ്ഗത്തിനും ദരിദ്രവര്ഗ്ഗത്തിനും ഒരുപോലെ കഴിഞ്ഞിരുന്നു.
കുളിര്‍മ്മയുള്ള അന്തരീക്ഷമായതിനാലാണ് കര്ക്കികമാസത്തെ ചികിത്സാമാസമായി കരുതാന്‍ കാരണം. സമശീതോഷ്ണകാലാവസ്ഥയാണിത്. ചൂടു കുറയുകയും മഴ തുടങ്ങുകയും ചെയ്യുന്ന സമയം. ഋതുഭേദങ്ങള്‍ക്കനുസരിച്ച് ജീവിതശൈലിയിലും ആഹാരക്രമത്തിലും മാറ്റംവരുത്തണമെന്നാണ് ആയുര്‍വേദം അനുശാസിക്കുന്നത്. ഹേമന്തം, ശരത്, വര്‍ഷം, ഗ്രീഷ്മം എന്നീ ആറ് ഋതുഭേദങ്ങളിലും നമ്മുടെ ശാരീരികവും മാനസീകവുമായ അവസ്ഥയില്‍ മാറ്റമുണ്ടാകും. കര്‍ക്കിടകമാസം മാത്രമല്ല ചിങ്ങം, കന്നി മാസങ്ങളും ചികിത്സയ്ക്ക് അനുയോജ്യമായ മാസങ്ങളാണ്
ആയുര്‍വേദത്തില്‍ കാലാവസ്ഥയും ആരോഗ്യവും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. കാലാവസ്ഥയിലുള്ള ചെറിയൊരു മാറ്റംപോലും ശരീരത്തെ ബാധിക്കും. ഋതുഭേദങ്ങള്‍ ആറെണ്ണമുണ്ടെങ്കിലും ചൂട്, തണുപ്പ്, മഞ്ഞുകാലം എന്നിങ്ങനെ മൂന്നുകാലങ്ങളായി തിരിച്ചാണ് ആയൂര്‍വേദചികിത്സ. എല്ലാ രോഗങ്ങളും ഒരേസമയം കടന്നുവരുന്നില്ല. ഓരോന്നിനും ഓരോ സമയമുണ്ട്. വാതം, പിത്തം, കഫം ഇവയെ ആശ്രയിച്ചാണ് രോഗങ്ങള്‍ ഉണ്ടാകുന്നത്.
മനുഷ്യശരീരത്തില്‍ രോഗം വരുന്നതിന് ചില ഘട്ടങ്ങളുണ്ട്. ഛയം, പ്രകോപം, പ്രസരം, സ്ഥാനസംശ്രയം എന്നിവയാണവ. രോഗം ഉറങ്ങിക്കിടക്കുന്ന അവസ്ഥയാണ് ഛയാവസ്ഥ. ഉറങ്ങിക്കിടക്കുന്ന ഈ രോഗത്തിനുവേണ്ടിയാവണം ചികിത്സ. രോഗം വന്നതിനുശേഷം ചികിത്സിക്കുന്നതിലും ഭേദം രോഗം വരാതിരിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്ന ചൊല്ല് ഇവിടെ ഓര്‍ക്കണം. കര്‍ക്കിടകചികിത്സയില്‍ ചെയ്യുന്നതും ഇതുതന്നെയാണ്. ആയൂര്വേദദൃഷ്ട്യാല് കര്‍ക്കിടകമാസത്തില്‍ ഏറ്റവും ആവശ്യം വര്ധിച്ചുനില്ക്കുന്ന വാതദോഷത്തെ ക്രമീകരിക്കുകയാണ്. ആയുര്‍വേദചികിത്സയില്‍ ചെയ്യുന്നതും ഇതുതന്നെയാണ്.
Post Your Comments