ഇസ്ലാമാബാദ്: കടുത്ത യാഥാസ്ഥിതികരായ പാക് സമൂഹത്തെ വെല്ലുവിളിച്ചു കൊണ്ട് പ്രകോപനപരമായ പ്രസ്താവനകള്‍ ഇറക്കുകയും, സോഷ്യല്‍ മീഡിയയിലും മറ്റും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും മുള്‍താനില്‍ സ്വന്തം സഹോദരനാല്‍ കൊലചെയ്യപ്പെട്ട പാക് മോഡല്‍ ഖാണ്ടീല്‍ ബലോചിന്‍റെ ശീലമായിരുന്നു. എന്നാല്‍, ഖാണ്ടീലിന്‍റെ കൊലപാതകത്തിലേക്ക് നയിച്ചത് പാകിസ്ഥാനില്‍ നിരോധിച്ച “ബാന്‍” എന്ന മ്യൂസിക് വീഡിയോയിലെ അവരുടെ പ്രകോപനപരമായ പ്രത്യക്ഷപ്പെടലാണെന്ന് വിലയിരുത്തപ്പെടുന്നു.
യുവഗായകന്‍ ആര്യന്‍ ഖാനുമൊന്നിച്ചാണ് ബാന്‍ എന്ന മ്യൂസിക്ക് വീഡിയോ ഖാണ്ടീല്‍ പുറത്തിറക്കിയത്. ഈ വീഡിയോയ്ക്കെതിരെ മതസംഘടനകല്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം നടത്തിയെങ്കിലും വീഡിയോ വലിയ ഹിറ്റായി മാറിയിരുന്നു. തുടര്‍ന്ന് ഖാണ്ടീലിനെതിരെ ഭീഷണികള്‍ വ്യാപകമായി.
പാക് സമൂഹത്തിന് ഒരിക്കലും സ്വീകരിക്കാന്‍ കഴിയാത്ത വിധം പ്രകോപനപരമായ രീതിയിലായിരുന്നു വീഡിയോയില്‍ ഖാണ്ടീല്‍ പ്രത്യക്ഷപ്പെട്ടത്. അല്‍പ്പ വസ്ത്രധാരിയായി, ശരീരസൗന്ദര്യം പരമാവധി പ്രദര്‍ശിപ്പിക്കുന്നതായിരുന്നു ഈ വീഡിയോ.
വീഡിയോയിലെ ഖാണ്ടീലിന്‍റെ ശരീരപ്രദര്‍ശനം വിവാദമായതോടെ അവരുടെ പേരും വിലാസവും വെളിപ്പെടുത്തിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വന്നു. അവരുടെ ഔദ്യോഗിക തിരിച്ചറിയല്‍ രേഖകളും പാസ്‌പോര്‍ട്ട് രേഖകളുമെല്ലാം സര്‍ക്കാര്‍ ഓഫീസില്‍നിന്ന്‍ ചോര്‍ത്തിയെടുത്താണ് ആരോ ഓണ്‍ലൈനില്‍ പരസ്യപ്പെടുത്തിയത്. ഇതിനെതിരെ ഖാണ്ടീല്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് തന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നു കാണിച്ച് അവര്‍ പാക് ആഭ്യന്തര മന്ത്രിയെയും ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഡയരക്ടര്‍ ജനറലിനെയും പൊലീസ് മേധാവികളെയും സമീപിച്ചു. എന്നാല്‍, നടപടിയൊന്നും ഉണ്ടായില്ല. ഇതിനെതിരെയും അവര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. അതു കഴിഞ്ഞ് ദിവസങ്ങള്‍ക്കിടെയാണ് അവര്‍ കൊല ചെയ്യപ്പെട്ടത്.
സ്വന്തം സഹോദരന്‍ വെടിവെച്ചു കൊന്നു എന്ന ആദ്യവാര്‍ത്തകളെ ഖണ്ഡിച്ചുകൊണ്ട് വീട്ടില്‍വെച്ച് സഹോദരന്‍ അവരെ കഴുത്തുഞെരിച്ച് കൊല ചെയ്യുകയായിരുന്നു എന്ന് പ്രദേശിക പൊലീസ് മേധാവി അസം സുല്‍ത്താന്‍ വെളിപ്പെടുത്തി. ഖാണ്ടീലിനെ നേരത്തെയും സഹോദരന്‍ ഭീഷണിപ്പെടുത്തിയിരുന്നതായും കുടുംബത്തിന്‍റെ മാനത്തിനു വേണ്ടിയുള്ള കൊലയാണ് ഇതെന്ന് കരുതുന്നതായും പൊലീസ് മേധാവി പറയുന്നു. സംഭവത്തില്‍ പാകിസ്ഥാനിലെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Post Your Comments